കൊച്ചി: ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെയാണ് വളർന്നത്, ഇപ്പോൾ ഇവിടെയാണ് ജീവിക്കുന്നത്.. ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഐ.ഐ.എം അസിസ്റ്റന്റ് പ്രൊഫസർ ജനിച്ചിരിക്കുന്നു. കൂരയെന്നുപോലും പറയാൻപറ്റാത്ത പ്ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ സ്വന്തംവീടിന്റെ ചിത്രം പോസ്റ്റുചെയ്ത രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒറ്റദിനംകൊണ്ട് വൈറലായി.
ഒരിക്കൽ,പഠനം പാതിവഴി ഉപേക്ഷിക്കാൻ തീരുമാനിച്ച രഞ്ജിത്ത് ഇനി ഐ.ഐ.എം റാഞ്ചിയിലെ ഇക്കണോമിക്സ് ആൻഡ് ബിസിനസ് ഡിപ്പാർട്ടുമെന്റിലെ അസിസ്റ്റൻഡ് പ്രൊഫസർ ഡോ.ആർ.രഞ്ജിത്താണ്. കാഞ്ഞങ്ങാടുള്ള മലയോരഗ്രാമമായ പാണത്തൂരാണ് വീട്.
തയ്യൽ തൊഴിലാളിയായ അച്ഛൻ കേളപ്പൻകായംവീട്ടിൽ രാമചന്ദ്രനും തൊഴിലുറപ്പിനു പോകുന്ന അമ്മ ബേബിയും സഹോദരി രഞ്ജിതയും അടങ്ങുന്ന കുടുംബത്തിൽ പ്രാരാബ്ധങ്ങളുടെ മാറാപ്പ് ഒഴിഞ്ഞിട്ടില്ല. 5 മുതൽ 10 വരെ നടക്കാവ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സർക്കാർ ചെലവിൽ ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. പ്ലസ്‌വണ്ണിന് നാട്ടിൽത്തന്നെയുള്ള ജി.എച്ച്.എസ്.എസ് വളാന്തോട് സ്കൂളിലും. ജോലിചെയ്ത് മാതാപിതാക്കളെ സഹായിക്കണമെന്നുമാത്രമായിരുന്നു ചിന്ത. ബി.എസ്.എൻ.എല്ലിൽ താത്കാലിക ജോലി ലഭിച്ചതിനാൽ പഠനം തുടരാനായി. സെന്റ് പയസ് കോളേജിൽ ഇക്കണോമിക്സ് ബിരുദത്തിനുശേഷം കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി.ജിക്ക് ചേർന്നു. അവിടത്തെ അദ്ധ്യാപകൻ ശ്യാംപ്രസാദാണ് പി.എച്ച്.ഡി മോഹം കുത്തിവച്ചത്. ഭാഗ്യത്തിന് ചെന്നൈ ഐ.ഐ.ടിയിൽ അവസരവും ലഭിച്ചു. അവിടെ പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ ഗൈഡ് ഡോ. സുഭാഷ് തുണയായി. ജർമനിയിലും ജപ്പാനിലും പ്രബന്ധങ്ങൾ അവതരിപ്പിക്കാനായി. ഇപ്പോൾ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലാണ് ജോലി. അത് ഏപ്രിൽ 30ന് രാജിവയ്ക്കും. പിന്നെ നാട്ടിൽ വന്നശേഷം റാഞ്ചിയിലേക്ക്.
അടുത്തമാസം ജോലിയിൽ പ്രവേശിക്കും.
വീടിന്റെ പണി നടക്കുകയാണ്. മാതാപിതാക്കളേയും സഹോദരിയേയും അവിടെ കൈപിടിച്ചുകയറ്റണം. നന്ദി പറയാനുള്ളത് എന്നെ ഞാനാക്കി മാറ്റിയ എന്റെ കുടിലിനോട് (സ്വർഗം) ആണ്.
എനിക്ക് നന്നായറിയാം, ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുമ്പ് വാടിപ്പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥ. തലയ്ക്കുമുകളിൽ ഇടിഞ്ഞുവീഴാറായ ഉത്തരമുണ്ടായിരിക്കാം നാലുചുറ്റിനും ഇടിഞ്ഞുവീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക. ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരത്തെത്താം.ഫേസ്ബുക്കിൽ രഞ്ജിത്തിന്റെ സന്തോഷം ആയിരങ്ങളും കടന്ന് ലക്ഷങ്ങളിലേക്ക് പടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |