തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണതുടർച്ചയുണ്ടായാൽ സി പി എമ്മിന്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് കേരളം വേദിയാകും. പാർട്ടി കോൺഗ്രസിന് ആതിഥേയത്വം വഹിക്കാനുളള സന്നദ്ധത സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. കേന്ദ്ര കമ്മിറ്റി ഇക്കാര്യം അംഗീകരിച്ചാൽ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ പാർട്ടി കോൺഗ്രസിന്റെ വേദിയാകും ഇത്.
ഫെബ്രുവരി അവസാനം നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് ബ്രാഞ്ച് സമ്മേളനങ്ങൾ രണ്ട് മാസം കഴിഞ്ഞ് ആരംഭിക്കും. രാജ്യത്ത് പാർട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ സംസ്ഥാനമെന്ന നിലയിലാണ് പാർട്ടി കോൺഗ്രസ് നടത്താൻ കേരളത്തെ പരിഗണിക്കുന്നതെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.
തുടർഭരണം ലഭിക്കുന്നതിനൊപ്പം പാർട്ടി കോൺഗ്രസിന് വേദി കൂടിയൊരുക്കുമ്പോൾ കേരളത്തിലെ സംഘടനാപരമായ ശക്തിപ്പെടലും സി പി എം ലക്ഷ്യം വയ്‌ക്കുന്നുണ്ട്. രാജ്യമെമ്പാടുനിന്നുമുളള പ്രതിനിധികൾക്ക് എത്തിച്ചേരാനുളള യാത്രാസൗകര്യവും മികച്ച സംഘടനാശേഷിയുമുളള ജില്ലക്കായിരിക്കും നറുക്കുവീഴുക. കേരളത്തിന് അവസരം ലഭിച്ചാൽ കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളെയാകും പ്രധാനമായും പരിഗണിക്കുകയെന്ന് ഒരു മുതിർന്ന നേതാവ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. ഇതിനു മുമ്പ് കേരളത്തിൽ പാർട്ടി കോൺഗ്രസുകൾ നടന്ന പാലക്കാട്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളെ പരിഗണിക്കില്ല.
ഹൈദരാബാദിലായിരുന്നു ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് നടന്നത്. അടുത്ത സമ്മേളനം വടക്കൻ സംസ്ഥാനങ്ങളിലൊന്നിൽ നടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ ഭരണതുടർച്ച ഉണ്ടായാൽ മറ്റൊന്നും ആലോചിക്കേണ്ടയെന്നാണ് പാർട്ടി തീരുമാനം.
ജൂലായ് ആദ്യവാരമാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ്, സെപ്‌തംബർ മാസങ്ങളിൽ ലോക്കൽ സമ്മേളനങ്ങളും ഒക്ടോബർ, നവംബർ മാസങ്ങളിൽ ഏരിയാ സമ്മേളനങ്ങളും നടക്കും. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കും. ജനുവരി അവസാനമോ, ഫെബുവരി ആദ്യമോ ആയിരിക്കും സംസ്ഥാന സമ്മേളനം.
1956 ഏപ്രിലിൽ നാലാം പാർട്ടി കോൺഗ്രസിനാണ് കേരളം ആദ്യം വേദിയായത്. അവസാനം അതിഥേയത്വം വഹിച്ചത് 2012ൽ കോഴിക്കോടും. ഈ വർഷം നടക്കേണ്ടിയിരുന്ന പാർട്ടി കോൺഗ്രസ് കൊവിഡിന്റേയും ബംഗാളിലേയും കേരളത്തിലേയും നിയമസഭാ തിരഞ്ഞെടുപ്പുകളുടേയും പശ്‌ചാത്തലത്തിൽ മാറ്റിവയ്‌ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |