കണ്ണൂർ: പ്രതിപ്പട്ടികയിലുൾപ്പെടുന്ന രാഷ്ട്രീയ കൊലക്കേസ് പ്രതികൾ കൊല്ലപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതും കണ്ണൂരിൽ പതിവാകുന്നു. പുല്ലൂക്കരയിലെ മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണവും ഇത്തരമൊരു ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊല്ലപ്പെടുന്നവരോടൊപ്പം കൊല്ലുന്നവനും താമസിയാതെ ജീവൻ നഷ്ടപ്പെടുന്നതാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം.
തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിന്റെ കൊലപാതകത്തിനുശേഷം രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ന്യൂമാഹിയിലെ പഞ്ചാര ഷിനിലും മുഴിക്കര കുട്ടനും ദൂരൂഹ സാഹചര്യങ്ങളിൽ മരിച്ചരുന്നു. വ്യത്യസ്ത കൊലക്കേസുകളിൽപ്പെട്ട അനിലിന്റെ മൃതദേഹം മാഹി എടന്നൂരിലെ റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. മട്ടന്നൂരിൽ സി.പി.എം ഓഫീസിനടുത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കുട്ടന്റെ മരണത്തിലും ദുരൂഹത തുടരുകയാണ്.സി.പി.എം പ്രവർത്തകരായ കെ.പി. റയീസ്, ജിജേഷ്, യു.കെ. സലീം എന്നിവരുടെ മരണങ്ങളെച്ചൊല്ലി ഉയർന്ന ആരോപണങ്ങൾക്കും ഉത്തരം കണ്ടെത്താനായിട്ടില്ല. പൊലീസോ, കൊലപാതകത്തിന് ഉത്തരവാദിയായ രാഷ്ട്രീയ പാർട്ടിയോ അതിനു ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, കേസന്വേഷണം ഒതുക്കാനുള്ള വ്യഗ്രതയാണ് കാട്ടുന്നത്.
പ്രതിരോധ തന്ത്രങ്ങളുമായി എൽ.ഡി.എഫ്
പാനൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലയും, തുടർന്ന് കേസിലെ രണ്ടാം പ്രതിയുടെ ദൂരൂഹ മരണവും പ്രതിപക്ഷം രാഷ്ട്രീയായുധമാക്കവെ, പ്രതിരോധ തന്ത്രങ്ങളുമായി എൽ.ഡി.എഫും രംഗത്ത്. യു.ഡി.എഫ്. സമാധാന കമ്മിറ്റി യോഗം ബഹിഷ്കരിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.
യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ ദൗർഭാഗ്യകരമായ മരണത്തെ രാഷ്ട്രീയ പ്രചാരണമാക്കാനാണ് യു.ഡി.എഫ് ശ്രമമെങ്കിൽ, രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യുകയും മേഖലയിൽ അശാന്തിയുണ്ടാക്കി സംഘർഷത്തിന് വഴിവയ്ക്കുകയും ചെയ്യുന്ന നിലപാടാണ് മുസ്ലിം ലീഗുകാർ സ്വീകരിക്കുന്നത്.
നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചാണ് അണികൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. കടവത്തൂർ, പെരിങ്ങളം, പെരിങ്ങത്തൂർ മേഖലകളിൽ കലാപം സൃഷ്ടിക്കാനുള്ള മുസ്ലിം ലീഗിന്റെ നിക്കങ്ങൾക്കെതിരെ എൽ.ഡി.എഫ് കുത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശയാത്ര നടത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കടവത്തൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. മുക്കിൽ പീടിക, അണിയാരം, ബാവാച്ചി റോഡുവഴി വൈകിട്ട് അഞ്ചരയോടെ പെരിങ്ങത്തൂരിൽ സമാപിക്കും. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഏപ്രിൽ 14, 15, 16 തീയതികളിൽ പാനൂർ ഏരിയയിൽ എൽ.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |