ആലപ്പുഴ: പതിവിൽ നിന്ന് വ്യത്യസ്തമായി , എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യ പേപ്പർ വിതരണം അതത് ദിവസങ്ങളിൽ നടത്തുന്നത് അദ്ധ്യാപകർക്ക് തലവേദനയാകുന്നു. കഴിഞ്ഞ വർഷം വരെയും ചോദ്യപേപ്പറുകൾ ഒരാഴ്ച മുമ്പ് സ്കൂളുകളിൽ പ്രഥമാദ്ധ്യാപകന്റെ പക്കൽ എത്തിച്ചിരുന്നു. ഇത്തവണ മോഡൽ പരീക്ഷാസമയത്ത് മലപ്പുറത്ത് ഒരു വിദ്യാലയത്തിൽ ചോദ്യപേപ്പർ മോഷ്ടിക്കാൻ കള്ളൻ കയറിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെത്തുടർന്നാണ് ചോദ്യപേപ്പർ എത്തിക്കുന്ന സമയക്രമത്തിൽ മാറ്റം വരുത്തിയത്.
പരീക്ഷയുള്ള ദിവസങ്ങളിൽ രാവിലെയാണ് അന്നത്തെ ചോദ്യപേപ്പർ എത്തിക്കുന്നത്. ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ ഏറ്റുവാങ്ങാൻ ചീഫ് സൂപ്രണ്ടും 2 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും രാവിലെ 6 മണി മുതൽ സ്കൂളുകളിൽ കാത്തിരിക്കണം. ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ മുഖേനയാണ് ചോദ്യപേപ്പറുകൾ ദിവസവും സ്കൂളുകളിൽ എത്തിക്കുന്നത്. ജോലി ചെയ്യുന്ന വിദ്യാലയത്തിൽ നിന്ന് ഏറെ ദൂരെയുള്ള സ്കൂളുകളിൽ പരീക്ഷാ ഡ്യൂട്ടി ലഭിച്ചിട്ടുള്ളവർ പുലർച്ചെ തന്നെ ഡ്യൂട്ടിക്ക് കയറേണ്ടിവരുന്നത് ഏറെ ക്ലേശകരമാണെന്ന് അദ്ധ്യാപകർ പറയുന്നു. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്നതിന് വേണ്ടി വിദ്യാലയങ്ങളിൽ ലക്ഷങ്ങൾ മുടക്കി നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ ഉച്ചയ്ക്കായതിനാൽ അദ്ധ്യാപകർക്ക് ചോദ്യപേപ്പർ ഏറ്റുവാങ്ങാൻ സമയം ലഭിക്കുന്നുണ്ട്.
ദൂരെയുള്ള സ്കൂളുകളിൽ നിയമിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപികമാരെ സംബന്ധിച്ചിsത്തോളം രാവിലെ 6ന് എത്തിച്ചേരുക എന്നത് ഏറെ ക്ളേശകരമാണ്. ചോദ്യപേപ്പറുകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ലക്ഷക്കണക്കിന് രൂപ ചെലവാക്കി സ്കൂളുകളിൽ നിരീക്ഷണ കാമറകൾ സഥാപിച്ചത്. അതും വെറുതെയായി
- അജു പി ബഞ്ചമിൻ, ജില്ല സെക്രട്ടറി,
ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |