കൊല്ലം: ഐ.എസ് റിക്രൂട്ടുമെന്റുമായി ബന്ധമുള്ള ദന്തഡോക്ടറും അൽ- ഉമ്മ തീവ്രവാദ സംഘടനാ പ്രവർത്തകനുമുൾപ്പെടെ കൊല്ലം ജില്ലയിലെ ഓച്ചിറയിൽ നിന്ന് പിടിയിലായശേഷവും പൊലീസ്- രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണം ജില്ലയിൽ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. രാജ്യാന്തര ബന്ധമുള്ള ഐസിസ് റിക്രൂട്ട് മെൻറുമായി ബന്ധപ്പെട്ടാണ് കണ്ണൂർ സ്വദേശികളായ മൂന്നുപേർക്കൊപ്പം കൊല്ലം ഓച്ചിറ മേമന മാറനാട് വീട്ടിൽ ഡോ. റഹീസ് റഷീദിനെയും (33) ഏതാനും ആഴ്ചമുമ്പ് എൻ.ഐ.എയുടെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
പൊലീസിന്റെയും രഹസ്യാന്വേഷണ
വിഭാഗത്തിന്റെയും പരാജയം
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിക്കുന്നതിൽ പൊലീസിനും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കുമുണ്ടായ പരാജയത്തിലേക്കാണ് റഹീസിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിരൽചൂണ്ടുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ മറവിലാണ് തീവ്രവാദ സംഘടനകളിലുൾപ്പെട്ട ക്രിമിനലുകൾ ഏറെയും തമ്പടിക്കുന്നത്. പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നിന്ന് തീവ്രവാദ സംഘടനാ ബന്ധമുള്ള ചിലരെ പിടികൂടിയ സംഭവങ്ങൾ ഉണ്ടായിട്ടുപോലും ഇത്തരം ക്യാമ്പുകളിലും പൊലീസിന്റെയും ഇന്റലിജൻസിന്റെയും നിരീക്ഷണം പേരിന് പോലുമില്ലെന്നതാണ് വാസ്തവം.
അന്യസംസ്ഥാന തൊഴിലാളികൾ
സമസ്ത മേഖലകളിലും
ലോക്ക് ഡൗണിന് മുമ്പും പിമ്പും ഓരോ പ്രദേശത്തും വന്നുപോകുകയും തമ്പടിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി കൃത്യമായ യാതൊരുവിവരവും പൊലീസിന്റെ പക്കലില്ലെന്നതാണ് വാസ്തവം. ഏകദേശം ഒന്നര പതിറ്റാണ്ട് മുമ്പാണ് ജില്ലയിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് തുടങ്ങിയത്. കശുഅണ്ടി വ്യവസായത്തിന്റെ കേന്ദ്രമായ ജില്ലയിൽ കശു അണ്ടി ഫാക്ടറികളിലും നിർമ്മാണ മേഖലയിലും ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ ചുരുങ്ങിയ കാലം കൊണ്ട് സമസ്ത മേഖലയും കൈയ്യാളുകയായിരുന്നു. തൊഴിലുടമയെയും ഒപ്പമുള്ളവരെയും അരും കൊലചെയ്യുകയും കവർച്ചചെയ്യുകയും ചെയ്തതുൾപ്പെടെ തൊഴിലാളികളുടെ എണ്ണം പെരുകിയതനുസരിച്ച് ഇവരുൾപ്പെടുന്ന കുറ്റകൃത്യങ്ങളും വർദ്ധിച്ചു.
തൊഴിലാളികളിൽ കുറ്റവാളികളും
പശ്ചിമബംഗാൾ, ബീഹാർ, യു.പി, രാജസ്ഥാൻ, അസാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് വർദ്ധിച്ചതോടെ അവിടങ്ങളിൽ നിന്നുളള കുറ്റവാളികളും കേരളത്തെ സുരക്ഷിത താവളമാക്കി. കൊല്ലം ജില്ലയിൽ മത്സ്യബന്ധനം, നിർമ്മാണമേഖല, കശുഅണ്ടി ഫാക്ടറികൾ, ഹോട്ടലുകളുൾപ്പെടെയുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മറുനാട്ടുകാർ പണിയെടുക്കുന്നത്.
കരാറുകാർ വിവരങ്ങൾ കൈമാറുന്നില്ല
തൊഴിലുടമകൾ ഇവരുടെ ഫോട്ടോയും തിരിച്ചറിയൽ രേഖകളുമുൾപ്പെടെയുള്ള വിവരങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി കൈമാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും മിക്ക കരാറുകാരും ഇതൊന്നും പാലിക്കാറില്ല. തൊഴിലിടങ്ങളിലെത്തി നിയമാനുസൃതമല്ലാതെ തൊഴിലാളികൾ പണിയെടുക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസും മെനക്കെടില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി അപ്നാ ഘർ ഭവന പദ്ധതി ഉൾപ്പെടെ വിവിധ സ്കീമുകൾ ലേബർ വകുപ്പ് ആവിഷ്കരിച്ചെങ്കിലും വളരെ കുറച്ച് തൊഴിലാളികൾ മാത്രമാണ് പദ്ധതികളിൽ ഭാഗഭാക്കായത്.
കാൽ ലക്ഷത്തോളം തൊഴിലാളികൾ
ലോക്ക് ഡൗണിന് മുമ്പ് കാൽ ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ കൊല്ലം ജില്ലയിലുണ്ടായിരുന്നുവെന്നാണ് ലേബർ വകുപ്പിന്റെ കണക്ക്. ലോക്ക് ഡൗണിന് മുമ്പ് ഇവരിൽ പകുതിയിലധികം പേർ നാട്ടിലേക്ക് മടങ്ങിയതായും അൺലോക്ക് വണ്ണിൽ കഷ്ടിച്ച് ആയിരത്തോളം തൊഴിലാളികൾ തിരികെ വന്നതായും ലേബർ വകുപ്പ് അവകാശപ്പെടുന്നു. തൊഴിൽ മേഖലയിൽ പൊതുവിൽ മാന്ദ്യം അനുഭവപ്പെട്ടിരിക്കെ നിർമ്മാണ മേഖലയിലേതടക്കം കരാറുകാരുടെ കീഴിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ തൊഴിലാളികൾ ജോലി അന്വേഷിച്ച് ഒരു ജില്ലയിൽ നിന്ന് മറ്രൊരു ജില്ലയിലേക്കും മറ്റും യഥേഷ്ടം മാറിമാറിപ്പോകാറുണ്ട്.
ജില്ല മാറുന്നത് അറിയുന്നില്ല
അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ പെരുമ്പാവൂരിലേക്കും അവിടെ നിന്ന് കൊല്ലത്തേക്കും ധാരാളം അന്യസംസ്ഥാന തൊഴിലാളികൾ മാറിയും തിരിഞ്ഞും ജോലിക്കായി എത്തുന്നുണ്ട്. ഇതൊന്നും പൊലീസോ ലേബർ വകുപ്പോ അറിയാറില്ല. കൊല്ലം ജില്ലയിൽ ശക്തികുളങ്ങര, നീണ്ടകര, കരുനാഗപ്പള്ളി, കുന്നത്തൂർ , കൊട്ടിയം, ചാത്തന്നൂർ, കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ മേഖലകളിലാണ് അന്യസംസ്ഥാന തൊഴിലാളികൾ ധാരാളമായുള്ളത്. ആഡംബര ഫോണുകൾ ഉപയോഗിക്കുന്ന ഇവരിൽ പലരും സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. പലസംസ്ഥാനങ്ങളിൽ നിന്നായെത്തിയ ഇവർക്കിടയിൽ നിരവധി ഗ്രൂപ്പുകളുമുണ്ട്.
ബംഗ്ളാദേശിൽ നിന്നുള്ളവരും
ഇവർ പൊതുവിൽ ബംഗാളികളെന്ന പേരിലാണ് കരുതപ്പെടുന്നതെങ്കിലും ഇവർക്കിടയിൽ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ളാദേശികളും മുഷ്റാബാദ്, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീവ്രമനോഭാവക്കാരുമുണ്ട്. ഇത്തരക്കാർ ചില പ്രത്യേക സ്ഥലങ്ങളിൽ കൂട്ടമായേ താമസിക്കാറുള്ളൂ. അവരുടെതായ ഭാഷകളിലുള്ള വാട്ട്സ് ആപ് , ഫേസ് ബുക്ക് ഗ്രൂപ്പുകളും ഇവർക്കുണ്ട്. ഇവരുടെ ഫോൺനമ്പരുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പൊലീസിന്റെ പക്കലില്ലാത്തതിനാൽ ഗ്രൂപ്പുകളിൽ ഇവർ നടത്തുന്ന ആശയവിനിമയങ്ങളോ ഇടപാടുകളോ നിരീക്ഷിക്കാൻ പൊലീസിന് പലപ്പോഴും കഴിയാറില്ല.
നോക്കുകുത്തിയായി സൈബർഡോം
ശ്വാസോച്ഛാസം വരെ അറിയാൻ കഴിയുന്ന സൈബർ ഡോം ഉൾപ്പെടെയുള്ള സന്നാഹങ്ങളുണ്ടെന്ന് അവകാശപ്പെടുമ്പോഴും പെരുമ്പാവൂരിൽ നിന്ന് പിടിയിലായ അൽ ക്വ ഇദ പ്രവർത്തകരുടെ നീക്കങ്ങൾ തിരിച്ചറിയാൻ പറ്റാതെ പോയത് പൊലീസ് നിരീക്ഷണത്തിലെ പിഴവിലേക്കാണ് വിരൽ ചൂണ്ടുന്നത്. ലോക്ക് ഡൗൺ സമയത്ത് നാട്ടിൽ പോകണമെന്ന ആവശ്യവുമായി പായിപ്പാട് തൊഴിലാളികൾ സംഘടിച്ച് റോഡിലിറങ്ങിയ സംഭവത്തിന് ശേഷം പോലും ഇവരുടെ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലായില്ല എന്നതാണ് വാസ്തവം.
കൊല്ലം തന്ത്രപ്രധാന കേന്ദ്രം
ദേശസുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊല്ലം ജില്ല. റോഡ് മാർഗവും കടൽ മാർഗവും ആർക്കും കടന്നുവരാൻ കഴിയുന്ന വിധത്തിലാണ് ജില്ലയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ്. കെ.എം.എം.എൽ , ഐ.ആർ.ഇയും അടക്കം തന്ത്രപ്രധാനമായ ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളും അഞ്ചോളം മത്സ്യബന്ധന തുറമുഖങ്ങളും ജില്ലയിലുണ്ട്. കളക്റ്ററേറ്റ് ഉൾപ്പെടെ സുപ്രധാന ഓഫീസുകളും വൻകിട വ്യാപാരസ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനും ബസ് സ്റ്റേഷനുമുൾപ്പെടെ ലക്ഷക്കണക്കിനാളുകൾ വന്നുപോകുന്ന ഇടമാണ് കൊല്ലം നഗരം. വിദേശികളുൾപ്പെടെ പതിനായിരങ്ങൾ വന്നുപോകുന്ന വള്ളിക്കാവ് അമൃതാനന്ദമയി മഠം,ഓച്ചിറ പടനിലം തുടങ്ങിയ ആദ്ധ്യാത്മിക കേന്ദ്രങ്ങളും ജില്ലയിലുണ്ട്. കേരളത്തിലെ നഗരങ്ങളെയും ലക്ഷ്യം വച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉന്നം വയ്ക്കുന്ന ഭീകര ഗ്രൂപ്പുകൾ കേരളത്തിൽ തമ്പടിക്കാനിടയായ സാഹചര്യത്തിൽ ഇനിയെങ്കി ലും പൊലീസും നാട്ടുകാരും ഉണർന്ന് പ്രവർത്തിച്ചാലേ മതിയാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |