കൊച്ചി: ഇന്ത്യയടക്കം 12 രാജ്യങ്ങളിലെ റീട്ടെയിൽ ബിസിനസ് അവസാനിപ്പിക്കാൻ പ്രമുഖ അമേരിക്കൻ ബഹുരാഷ്‌ട്ര നിക്ഷേപക ബാങ്കായ സിറ്റി ഗ്രൂപ്പിന്റെ തീരുമാനം. വെൽത്ത് മാനേജ്‌മെന്റിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ബാങ്കിന്റെ നീക്കം. സിറ്റി ഗ്രൂപ്പിന്റെ സി.ഇ.ഒയായി അടുത്തിടെ സ്ഥാനമേറ്റ ജെയിൻ ഫ്രേസറിന്റെ തീരുമാനപ്രകാരമാണ് ഇന്ത്യയിൽ നിന്നുൾപ്പെടെ ബാങ്ക് വിടപറയുന്നത്. ഇന്ത്യയുമായി 120 വർഷം നീണ്ട ബന്ധത്തിനാണ് സിറ്റി താഴിടുന്നത്.
ഇന്ത്യയ്ക്ക് പുറമേ ഓസ്‌ട്രേലിയ, ബഹ്‌റിൻ, ചൈന, ഇൻഡോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ഫിലിപ്പീൻസ്, പോളണ്ട്, തായ്‌വാൻ, റഷ്യ, വിയറ്റ്‌നാം എന്നിവയാണ് പ്രവർത്തനം നിറുത്തുന്ന മറ്റ് രാജ്യങ്ങൾ. ഇവിടങ്ങളിൽ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്ളയന്റ്‌സ് ഗ്രൂപ്പിന്റെ പ്രവർത്തനം തുടരും. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ ബാങ്കായ സിറ്റിക്ക് പൊതുമേഖലാ ബാങ്കുകളായ എസ്.ബി.ഐ., ബാങ്ക് ഒഫ് ബറോഡ, സ്വകാര്യ ബാങ്കുകളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിൽ നിന്ന് കടുത്ത മത്സരം നേരിട്ടത് തിരിച്ചടിയായിരുന്നു.
നേരത്തെയും വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് പൂർണമായോ ഭാഗികമായോ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. സ്‌റ്റാൻചാർട്ട്, ജെ.പി. മോർഗൻ, ബി.എൻ.പി പരിബാസ്, ഡോയിച് ബാങ്ക്, എച്ച്.എസ്.ബി.സി., ബർക്ളെയിസ് ബാങ്ക്, ഫസ്‌റ്റ് റാൻഡ് ബാങ്ക് എന്നിവ അതിലുൾപ്പെടുന്നു. 2009-10ൽ സിറ്റിയുടെ വരുമാനത്തിൽ റീട്ടെയിൽ നിന്നുള്ള വിഹിതം 39.19 ശതമാനമായിരുന്നത് 2019-20ൽ 30.6 ശതമാനമായി കുറഞ്ഞിരുന്നു. സിറ്റി ബാങ്കിന് 2012ൽ ക്രെഡിറ്റ് കാർഡ് ബിസിനസിൽ ഇന്ത്യയിൽ 21 ശതമാനം വിപണി വിഹിതമുണ്ടായിരുന്നത് 2020ൽ ആറു ശതമാനത്തിലേക്ക് ഇടിഞ്ഞതും തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |