കൊൽക്കത്ത: പശ്ചിമബംഗാളിൽ അവസാന ഘട്ട വോട്ടെടുപ്പ് ഒന്നിച്ചാക്കണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കാനാവില്ലെന്ന് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യത്തെ ബി.ജെ.പിയും നേരത്തെ എതിർത്തിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മിഷൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നു മുതൽ രാത്രി എഴുമുതൽ രാവിലെ പത്തു വരെ പ്രചാരണം വിലക്കി പ്രചാരണത്തിനുള്ള മാർഗനിർദ്ദേശം ലംഘിച്ചാൽ കേസെടുക്കുമെന്നും കമ്മിഷൻ മുന്നറിയിപ്പ് നൽകി.
നാളെയാണ് പശ്ചിമ ബംഗാളിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ്. അതിനു ശേഷം ബാക്കിയുള്ള ആറ്, എഴ്, എട്ട് ഘട്ടങ്ങൾ ഒന്നിച്ചാക്കണം എന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി മമത ബാനർജി മുന്നോട്ടു വച്ചത്. ഇന്ന് തൃണമൂൽ നിലപാട് യോഗത്തിൽ ആവർത്തിച്ചു. എന്നാൽ എല്ലാ ഘട്ടത്തിനുമുള്ള നടപടികൾ പൂർത്തിയായതിനാൽ നിയമപരമായി ഇത് സാദ്ധ്യമല്ലെന്ന് കമ്മിഷൻ അറിയിച്ചു.
ഇനി പതിനൊന്ന് ദിവസത്തെ പ്രചാരണമാണ് ബാക്കിയുള്ളത്. ഇന്നു മുതൽ രാതി എഴു മണി മുതൽ രാവിലെ പത്ത് വരെ പ്രചാരണം അനുവദിക്കില്ല. ഇനിയുള്ള ഘട്ടങ്ങളിലെല്ലാം പരസ്യപ്രചാരണം മൂന്നു ദിവസം മുമ്പ് അവസാനിപ്പിക്കും. പരമാവധി വിർച്ച്വൽ പ്രചാരണം നടത്തണം എന്ന് കമ്മിഷൻ നിർദ്ദേശിച്ചു. റോഡ് ഷോകളും റാലികളും കുറയ്ക്കണം. ഇവ നടത്തുമ്പോൾ മാർഗനിർദ്ദേശം കർശനമായി പാലിക്കണം. ദുരന്തനിവാരണ നിയമപ്രകാരം രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും എതിരെ കേസെടുക്കും എന്ന മുന്നറിയിപ്പും കമ്മീഷൻ നൽകി.
കമ്മീഷൻ അനാവശ്യ പിടിവാശി കാട്ടുന്നു എന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു. എട്ട് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ് അനാവശ്യമായിരുന്നു എന്ന് വ്യക്തമായതായും തൃണമൂൽ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |