പഞ്ചാബ് കിംഗ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്
ശിഖർ ധവാന് (92) അർദ്ധ സെഞ്ച്വറി
മായാങ്കിന്റെയും രാഹുലിന്റെയും അർദ്ധ സെഞ്ച്വറികൾ പാഴായി
മുംബയ് : ഐ.പി.എല്ലിൽ ഇന്നലത്തെ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറുവിക്കറ്റിന്റെ തകർപ്പൻ വിജയം. നാലു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് നേടിയ 195 റൺസ് പത്തുപന്തുകൾ ബാക്കി നിൽക്കേയാണ് ഡൽഹി മറികടന്നത്. 49 പന്തുകളിൽ 92 റൺസ് നേടിയ ശിഖർ ധവാന്റെ ഒറ്റയാൻ പോരാട്ടമാണ് ഡൽഹിയെ ഗംഭീര ചേസിംഗ് വിജയത്തിലേക്ക് എത്തിച്ചത്.
അർദ്ധ സെഞ്ച്വറികൾ നേടുകയും സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്ത നായകൻ കെ.എൽ രാഹുലും (51പന്തുകളിൽ 61 റൺസ് ) മായാങ്ക് അഗർവാളും (36 പന്തുകളിൽ 69 റൺസ് ) ചേർന്ന ഓപ്പണിംഗാണ് പഞ്ചാബിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി ഇരുവരും ചേർന്ന് 12.4ഓവറിൽ 122 റൺസാണ് കൂട്ടിച്ചേർത്തത്.
മായാങ്ക് ഏഴു ഫോറും നാലുസിക്സും പറത്തി ആക്രമണ വീര്യത്തിൽ മുന്നിൽ നിന്നപ്പോൾ രാഹുൽ ഏഴ് ഫോറും രണ്ട് സിക്സുകളും പായിച്ചു.ഇരുവരും ചേർന്ന് 11-ാം ഓവറിൽ ടീമിനെ 100 കടത്തി. 25 പന്തുകളിൽ നിന്നാണ് മായാങ്ക് അർദ്ധസെഞ്ച്വറിയിലെത്തിയത്. രാഹുലിന് 45 പന്തുകളാണ് ഇതിന് വേണ്ടിവന്നത്. 13-ാംഓവറിൽ മായാങ്കിനെ ധവാന്റെ കയ്യിലെത്തിച്ച് ലുക്മാൻ മെരിവാലയാണ് ഡൽഹിക്ക് ആദ്യ ആശ്വാസം നൽകിയത്.16-ാം ഓവറിലാണ് റബാദ രാഹുലിനെ മടക്കി അയച്ചത്. അടുത്ത ഓവറിൽ ക്രിസ് ഗെയ്‌ലിനെ(11) വോക്സ് പുറത്താക്കിയതോടെ പഞ്ചാബ് 158/3 എന്ന നിലയിലായി. തുടർന്ന് ദീപക് ഹൂഡയും (22*) ഷാറുഖ് ഖാനും (15*)നിക്കോളാസ് പുരാനും (9) ചേർന്ന് സ്കോർ ഉയർത്തി.
മറുപടിക്കിറങ്ങിയ ഡൽഹിക്ക് വേണ്ടി പൃഥ്വി ഷായും (32) ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.ആറാം ഓവറിൽ ഷാ പുറത്തായശേഷമിറങ്ങിയ സ്റ്റീവൻ സ്മിത്ത് (9) പുറത്തായെങ്കിലും അതിനകം ധവാൻ ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചിരുന്നു. 49 പന്തുകളിൽ 13 ബൗണ്ടറികളും രണ്ട് സിക്സുകളുമടക്കം 92 റൺസിലെത്തിയ ധവാൻ 15-ാം ഓവറിൽ പുറത്തായശേഷം നായകൻ റിഷഭ് പന്തും (15) മടങ്ങിയെങ്കിലും മാർക്കസ് സ്റ്റോയ്നിസ് (27*) ഡൽഹിയെ വിജയത്തിലേക്ക് എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |