തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് തൃശൂർ പൂരം നടത്താനാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാരങ്ങൾ പാലിച്ചു തന്നെ പൂരം നടത്തണം. യുദ്ധകാല അടിസ്ഥാനത്തിൽ കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാൻ പഞ്ചായത്ത് തലം മുതൽ ബോധവത്ക്കരണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പഞ്ചായത്തുകൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കണം. അതിനോടൊപ്പം തന്നെ ആരോഗ്യ പ്രവർത്തകരുടെ ഇൻഷുറൻസ് കാലാവധി നീട്ടുകയും വേണം. യു ഡി എഫ് പ്രവർത്തകർ കൊവിഡ് രോഗികൾക്ക് സഹായം നൽകാൻ രംഗത്തിറങ്ങണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്‌തു. കളക്‌ടർമാർ ഇഷ്‌ടാനുസരണം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് നിർത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചെറിയാൻ ഫിലിപ്പിനെ സ്വാഗതം ചെയ്‌തുകൊണ്ടുളള കോൺഗ്രസ് മുഖപത്രത്തിന്റെ ലേഖനത്തെ കുറിച്ചുളള ചോദ്യത്തിന് തിരിച്ച് വരണമോ എന്ന് തീരുമാനിക്കേണ്ടത് ചെറിയാൻ ഫിലിപ്പാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
സി പി എം അദ്ദേഹത്തെ പരിഗണിക്കേണ്ടതായിരുന്നു. പരിഗണിക്കാതിരുന്നത് ശരിയായില്ല. കോൺഗ്രസിൽ വരാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ വിഷയം ചർച്ച ചെയ്യും. കോൺഗ്രസ് വിട്ടുപോകുന്നവർ ചെറിയാൻ ഫിലിപ്പിന്റെ അനുഭവം മനസിലാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |