തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എ.ഐ.സി.സി നിർദ്ദേശ പ്രകാരം കെ.പി.സി.സിയിൽ കൊവിഡ് കൺട്രോൾ റൂം തുറന്നു. ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭിക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരനാണ് കൺട്രോൾ റൂമിന്റെ ഏകോപന ചുമതല. സെക്രട്ടറി ജോൺ വിനേഷ്യസിനെ കൺട്രോൾ റൂമിന്റെ സഹായത്തിനും ചുമതലപ്പെടുത്തി. കൊവിഡ് വ്യാപനം തടയുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്ത് നിന്നുണ്ടായ താത്പര്യക്കുറവും ഏകോപനമില്ലായ്മയും ശ്രദ്ധയിൽപ്പെട്ടതിനാലാണ് കൺട്രോൾറൂം തുറക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതു മുതൽ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങളിൽ കൺട്രോൾറൂം സഹായങ്ങൾ നൽകും. നവസമൂഹമാദ്ധ്യമങ്ങൾ ഇതിനായി ഉപയോഗിക്കും. മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, സേവാദൾ, പ്രൊഫഷണൽ കോൺഗ്രസ്, പെൻഷണേഴ്സ് അസോസിയേഷൻ തുടങ്ങിയ പദ്ധതിയുടെ ഭാഗമാകും. ഡി.സി.സി ഓഫീസുകളിൽ കൺട്രോൾ റൂം തുറക്കാൻ പ്രസിഡന്റുമാർക്ക് നിർദ്ദേശം നൽകിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |