കോട്ടയം: സംസ്ഥാനത്ത് മെഗാ വാക്‌സിനേഷൻ ക്യാമ്പെയിൻ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ വാക്‌സിൻ ക്ഷാമം രൂക്ഷം. പാലക്കാട്, കോട്ടയം ജില്ലകളിൽ വാക്‌സിൻ കേന്ദ്രങ്ങളിൽ ഉന്തും തളളുമുണ്ടായി.രാവിലെ ആറ് മണി മുതൽ തന്നെ കൊവിൻ ആപ്പിൽ രജിസ്‌റ്റർ ചെയ്‌ത ജനങ്ങൾ വാക്‌സിൻ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങി. ഇതിനുപുറമേ രജിസ്‌റ്റർ ചെയ്യാത്തവരും കൂടി എത്തിയതോടെ സാമൂഹിക അകലം പാലിക്കാനാകാത്ത വിധം കൂട്ടപ്പൊരിച്ചിലായി. ഇതിനിടെ രജിസ്‌റ്റർ ചെയ്യാത്തവർക്ക് ഉൾപ്പടെ പൊലീസ് ടോക്കൺ നൽകിയതോടെ രജിസ്‌റ്റർ ചെയ്‌ത് വാക്‌സിനെടുക്കാനെത്തിയവരും പൊലീസും തമ്മിൽ വാക്ക്തർക്കമുണ്ടായി. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലാണ് ഇങ്ങനെ പ്രശ്‌നമുണ്ടായത്. ഇവിടെ തഹസിൽദാർ നേരിട്ടെത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണ്.
പാലക്കാട് മോയൻസ് എൽ.പി സ്‌കൂളിലെ ക്യാമ്പിൽ സാമൂഹ്യ അകലം പാലിക്കാതെയാണ് വാക്‌സിനെടുക്കാൻ എത്തിയവർ കൂടിനിന്നത്. ഇതോടെ ഇവിടെയും തിക്കും തിരക്കുമുണ്ടായി. പത്തനംതിട്ട ജില്ലയിൽ 90 വാക്‌സിൻ കേന്ദ്രങ്ങളിൽ 83 ഇടത്തും വാക്‌സിൻ തീർന്നതോടെ മെഗാ വാക്‌സിനേഷൻ മുടങ്ങുന്ന സ്ഥിതിയാണ്. ഏഴ് കേന്ദ്രങ്ങളിലായി 3500 വാക്‌സിൻ ഡോസാണുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |