ആള്‍ദൈവം നിത്യാനന്ദ സ്വന്തം രാജ്യമായി പ്രഖ്യാപിച്ച കൈലാസയിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഭക്തര്‍ക്ക് പ്രവേശാനുമതി നിഷേധിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിത്യാനന്ദയുടെ പുതിയ തീരുമാനം. ഇന്ത്യക്ക് പുറമേ ബ്രസീല്‍, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കൈലാസയിലേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എവിടെയാണ് ഈ കൈലാസ എന്ന വിവരം ഇതുവരെയും ലഭ്യമായിട്ടില്ല.
മദ്ധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങി അതിന് കൈലാസ എന്ന പേരു നല്‍കി എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിനെ ഹിന്ദു രാജ്യമെന്ന് വിശേഷിപ്പിച്ച നിത്യാനന്ദ സ്വന്തമായി പാസ്പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവും പ്രഖ്യാപിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂര്‍ണ ഭരണമുള്ള രാജ്യമായാണ് കൈലാസയെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.
2020 ഓഗസ്റ്റില്‍ നിത്യാനന്ദ പുതിയ സെന്‍ട്രല്‍ ബാങ്കും 'കൈലാഷിയന്‍ ഡോളര്‍' എന്ന പേരില്‍ പുതിയ കറന്‍സിയും പുറത്തിറക്കി. ഇതോടൊപ്പം 300 പേജുള്ള സാമ്പത്തിക നയം തയാറാക്കിയതായും ബാങ്ക് പ്രവര്‍ത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു. ദ്വീപിന്റെ വിശദവിവരങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെയും രാജ്യത്തിനായുള്ള പ്രത്യേക വെബ്‌സൈറ്റിലൂടെയും നിത്യാനന്ദ പുറത്തു വിട്ടിരുന്നു.
രാജശേഖരന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന നിത്യാനന്ദ തമിഴ്‌നാട് സ്വദേശിയാണ്. 2000ത്തില്‍ ബംഗ്ലൂരുവില്‍ ആശ്രമം സ്ഥാപിച്ചതോടെയാണ് ഇയാള്‍ വിവാദ പുരുഷനാകുന്നത്. ഓഷോ രജനീഷിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആശ്രമത്തിലെ രീതികള്‍. 2010ല്‍ തെന്നിന്ത്യന്‍ നടിയുമൊത്തുള്ള വീഡിയോ പുറത്തുവന്നതോടെ ആശ്രമം വാര്‍ത്താകേന്ദ്രമായി. ഇയാളെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ഈ കേസ് നിലനില്‍ക്കുന്നുമുണ്ട്.
ആശ്രമത്തില്‍ തങ്ങളുടെ പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഗുജറാത്ത് ദമ്പതികളായ ജനാര്‍ദന ശര്‍മയും ഭാര്യയും അഹമ്മദാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് വീണ്ടും കുരുക്ക് മുറുകിയത്. ഗുജറാത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ രാജ്യം വിട്ടതായി കണ്ടെത്തി. 2018 അവസാനമായിരിക്കാം രക്ഷപ്പെട്ടതെന്നും പൊലീസ് പറയുന്നു. എന്തായാലും പിന്നീട് ഇയാള്‍ വാര്‍ത്തകളില്‍ നിറയുന്നത് സ്വന്തമായി രാജ്യം പ്രഖ്യാപിച്ചുകൊണ്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |