തിരുവനന്തപുരം: മണിക്കൂറുകളുടെ കാത്തിരിപ്പ്,ആശങ്ക പ്രകടിപ്പിച്ച്,വിഷമത്തോടെ മടക്കം. ഇന്നലെ രാവിലെ മുതൽ തലസ്ഥാനത്തെ കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ കാഴ്ച ഇതായിരുന്നു. ഒന്നാം ഡോസുകാർക്കും രണ്ടാം ഡോസുകാർക്കും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി കഴിഞ്ഞദിവസം രാത്രിയിൽ ഇറങ്ങിയ ഉത്തരവനുസരിച്ച് സ്‌പോട്ട് രജിസ്‌ട്രേഷൻ നിറുത്തിയതറിയാതെ ആയിരങ്ങൾ വാക്സിനെടുക്കാൻ കേന്ദ്രങ്ങളിലെത്തിയത് തർക്കങ്ങൾക്കിടയാക്കി.
ജനറൽ ആശുപത്രിയിലെ പത്താം വാർഡിന് സമീപമുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ വാക്കുതർക്കങ്ങൾ സംഘർഷങ്ങളിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു.വാക്സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ വേണമെന്നതറിയാതെ നൂറുകണക്കിനുപേരാണ് രാവിലെതന്നെ വാക്സിൻ എടുക്കാനെത്തിയത്.ഇതേത്തുടർന്ന് ജനറൽ ആശുപത്രി അധികൃതരും ജനങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും തർക്കവുമുണ്ടായി.തുടർന്ന് 10 മണിയോടെ പൊലീസ് ഇടപെടുകയായിരുന്നു.
രണ്ടാംഡോസ് എടുക്കാനുള്ളവർ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാൻ ശ്രമിച്ചപ്പോൾ സാങ്കേതികപ്രശ്നങ്ങളുണ്ടെന്ന് പരാതിയുയർന്നു. ഇതിനെ തുടർന്ന് രണ്ടാംഡോസ് വാക്സിനെടുക്കാനുള്ളവർക്ക് ഇന്നലെ തത്കാലം ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ടെന്ന് തീരുമാനിച്ചു.ആദ്യഡോസ് വാക്സിൻ എടുത്ത് 56 ദിവസമായവർക്ക് പ്രഥമ പരിഗണന നൽകി രണ്ടാം ഡോസ് നൽകി. ഒപ്പം ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തവർക്കും ഒന്നാംഡോസുകാർക്കും വാക്സിൻ നൽകി. ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാതെ ആദ്യ ഡോസ് സ്വീകരിക്കാനെത്തിയവരോട് മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടതോടെയാണ് തർക്കങ്ങൾക്ക് പരിഹാരമായത്.
രാജാജി നഗറിലെ കേന്ദ്രത്തിലും വാക്‌സിൻ വിതരണത്തിനിടെ ചെറിയ തർക്കങ്ങളുണ്ടായി. ഒമ്പത് കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്സിനേഷൻ നടന്നത്. വാക്സിന്റെ സ്റ്റോക്ക് അനുസരിച്ച് ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, എസ്.എ.ടി. ആശുപത്രി, മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, രാജജിനഗർ നഗര ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ കൊവീഷീൽഡ് വാക്‌സിനും ഫോർട്ട് താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ചെട്ടിവിളാകം കുടുംബാരോഗ്യകേന്ദ്രം, പാങ്ങപ്പാറ ഇടിയടികോട് ദേവി ക്ഷേത്രം ഹാൾ എന്നിവിടങ്ങളിൽ കോവാക്സിനും നൽകി.
കാത്തിരുന്ന് മടങ്ങിയത് വൃദ്ധർ
സ്‌പോട്ട് രജിസ്‌ട്രേഷൻ നിറുത്തിയത് അറിയാതെ ആശുപത്രിയിൽ അതിരാവിലെയെത്തിയത് വൃദ്ധരായിരുന്നു.ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാനുള്ള സൗകര്യങ്ങളില്ലാത്ത സാധാരണ ഫോൺ മാത്രം ഉപയോഗിക്കുന്നവർ എന്ത് ചെയ്യുമെന്നറിയാതെ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു.തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് അധികൃതർ കൈമലർത്തിയതോടെ മണിക്കൂറുകൾ കാത്തിരുന്ന പലരും വിഷമത്തോടെ മടങ്ങി.ഇതിനിടെ വിതരണത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശമെത്തി.
കരുതൽ വേണമെന്ന് വിദഗ്ദ്ധർ
സ്വന്തമായി കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്ക് സമീപത്തുളള അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാം.കൂടുതൽ വാക്സിൻ എത്തുന്നതിനനുസരിച്ച് കൂടുതൽ കുത്തിവയ്പ് കേന്ദ്രങ്ങൾ തുറക്കും. രണ്ടാം ഡോസ് എടുക്കേണ്ട തീയതിക്ക് ചെറിയ വ്യത്യാസങ്ങൾ വന്നാലും പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. തിക്കിത്തിരക്കുന്നത് വലിയ രോഗവ്യാപനത്തിന് വഴിവയ്‌ക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |