SignIn
Kerala Kaumudi Online
Sunday, 25 July 2021 1.14 AM IST

മാഫിയകൾ നെയ്യും ലഹരിവലകൾ

narcotics

മദ്യപാനികളെയും കഞ്ചാവ് വലിക്കുന്നവരെയും പുച്‌ഛത്തോടെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരെ സമൂഹത്തിന്റെ ഒരറ്റത്തേക്ക് മാറ്റി നിറുത്തിയിരുന്നുവെന്നും പറയാം. പ്രായമായവരുടെ ലഹരി ഉപയോഗം പ്രായമെന്ന ആനുകൂല്യത്തിൽ അന്ന് പലരും തള്ളിക്കളഞ്ഞിരുന്നു.

എന്നാലിന്ന്, ലഹരിക്കുരുക്കിൽ ചെറുപ്പക്കാരാണ് കുടുങ്ങിയിരിക്കുന്നത്.. ന്യൂജെൻ ലഹരികൾ അരങ്ങു വാഴുകയാണ്. വിലകൂടിയ മയക്കുമരുന്ന് ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതോടെ മയക്കുമരുന്ന് വിപണനം വലിയൊരു മാഫിയ ശൃംഖലയായി മാറി. രാജ്യസുരക്ഷ പോലും അപകടത്തിലാകുന്ന വിധത്തിലേക്കാണ് അതിന്റെ സഞ്ചാരം.

അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് നാവികസേന പിടികൂടിയ സംഭവം ലഹരിമരുന്ന് കടത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. ലഹരി മരുന്നുകളുടെ ഇഷ്‌ട ലൊക്കേഷനായി കേരളം മാറിയതിന്റെ സൂചനകളിലേക്കാണ് അടുത്തകാലത്തെ ലഹരി വേട്ടകൾ വിരൽ ചൂണ്ടുന്നത്. നിരോധനവും ബോധവത്‌‌കരണവും ഒരു ഭാഗത്ത് നടക്കുമ്പോൾ മയക്കുമരുന്ന് ഉപയോഗവും അതു വഴിയുള്ള കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. ലഹരിമരുന്നുകൾക്ക് അടിമപ്പെട്ടവരാണ് അടുത്തകാലത്തുണ്ടായ പ്രധാന ക്രിമിനൽ കേസുകളിലെ പ്രതികൾ.

നർക്കാേട്ടിക്‌സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക്‌ സബ്‌സ്‌റ്റൻസ് ആക്‌ട് പ്രകാരം 2008 ൽ സംസ്ഥാന നർക്കാേട്ടക് സെൽ രജിസ്‌റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 504 ആയിരുന്നു. എന്നാൽ, പത്തുവർഷം പിന്നിട്ടപ്പോൾ 8800 കേസുകളിലേക്ക് കുതിച്ചുയർന്നു. കൗമാരം ലഹരി മാഫിയകളുടെ പിടിയിലമർന്നതോടെയാണ് ഞെട്ടിക്കുന്ന ഈ അവസ്ഥ. മദ്യവും കഞ്ചാവും വഴിമാറിയതോടെ സിന്തറ്റിക് ലഹരി മരുന്നുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. വിദേശ രാജ്യങ്ങളിൽ നിന്ന് പല മാർഗങ്ങളിലൂടെ എത്തുന്ന ഇവയുടെ പ്രധാന വിപണന കേന്ദ്രമായി കേരളം മാറി.

കേരളത്തിലേക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും ലഹരിമരുന്നു വിപണിയുടെ കണ്ണികളാണ്. ഒരുകാലത്ത് വിദേശങ്ങളിലേക്ക് മയക്കുമരുന്നു കടത്തുന്നതിന്റെ ഇടത്താവളമായിരുന്ന കേരളം ഇന്ന് ലഹരിമരുന്ന് ഉപയോഗത്തിന്റെ ഹബ്ബായി മാറി. കഞ്ചാവു കൃഷിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഇടുക്കിയിൽ ഇന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കഞ്ചാവ് എത്തിച്ച് ഹാഷിഷാക്കി മാറ്റുന്ന യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് എക്‌സൈസ് വകുപ്പിന് ലഭിക്കുന്ന വിവരം. ആന്ധ്രയുടെ വടക്കൻ മേഖലകളിൽ നിന്നും ഒഡിഷയിൽ നിന്നുമൊക്കെയായി തമിഴ്‌നാട് വഴിയാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നത്. കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നതു തടയാൻ കഴിഞ്ഞില്ലെങ്കിൽ അന്താരാഷ്ട്ര ലഹരി മരുന്നു കടത്തു സംഘങ്ങളും ഭീകര പ്രവർത്തകരും തമ്മിലുള്ള ബന്ധം തിരിച്ചറിയാനാവാതെ പോകും. വൻതോതിൽ ലഹരി മരുന്ന് എത്തുന്നതു തടയേണ്ടി വരുന്നത് പൊലീസ്, എക്‌സൈസ് വിഭാഗങ്ങൾക്ക് അധികഭാരം നൽകുന്നുണ്ട്. കേരളത്തിൽ വൻതോതിൽ ലഹരി മരുന്നുകൾ സ്ഥിരമായി പിടികൂടുന്നുണ്ട്. എന്നാൽ ഇതിന്റെ കണ്ണികൾ അന്യസംസ്ഥാനത്തേക്ക് വ്യാപിച്ചിരിക്കുന്നതിനാൽ പലപ്പോഴും അന്വേഷണവും വഴിമുട്ടുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസിന്റെ സഹായമില്ലാതെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ കഴിയില്ല.

രാജ്യസുരക്ഷയും അപകടത്തിൽ

വിദേശങ്ങളിൽ നിന്ന് എത്തുന്ന ലഹരി മരുന്നുകളുടെ മറവിൽ ഭീകരപ്രവർത്തനങ്ങളുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണം വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. അത് ശരിവയ്‌ക്കുന്നതാണ് നാവികസേന ലഹരിമരുന്ന് പിടികൂടിയ സംഭവം. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്റെ തീരമേഖലയായ മക്രാനിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നത്. പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെയാണ് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത്. ലക്ഷദ്വീപ്, മാലദ്വീപ് എന്നിവയിലൂടെ പോകുന്ന കപ്പലുകളിലാണ് ആദ്യം മയക്കുമരുന്ന് കടത്തുക. പിന്നീട് മീൻപിടുത്ത ബോട്ടുകളിലേക്ക് കൈമാറും. ഇവ മത്സ്യത്തിന്റെ മറവിൽ വിവിധ തുറമുഖങ്ങളിൽ ഇറക്കി കാരിയർമാർ ഏറ്റുവാങ്ങുന്നതാണ് രീതി. ലഹരി ഉപയോഗത്തിനപ്പുറം ഭീകരപ്രവർത്തനങ്ങളിലേക്ക് ഫണ്ട് കണ്ടെത്താനുള്ള മാർഗമായി മയക്കുമരുന്ന് കടത്ത് മാറുന്നത് രാജ്യസുരക്ഷയെയാണ് ബാധിക്കുക.

അടുത്തകാലത്ത് ഹൈക്കോടതിയുടെ പരിഗണനയിൽ ലഹരി സംബന്ധമായ ഒരു കേസെത്തി. ലഹരിമരുന്നുകളുടെ ഉപയോഗം സംസ്ഥാനത്തു കൂടി വരികയാണെന്നും തടയാനുള്ള നടപടികൾ ഫലപ്രദമല്ലെന്നും ആരോപിച്ച് ആലപ്പുഴ തൃച്ചേറ്റുകുളം സ്വദേശി രാജേഷാണ് ഹർജി നൽകിയത്. 100 ഗ്രാം കഞ്ചാവ് കൈവശം വെച്ചാലും ശിക്ഷ കിട്ടുമായിരുന്ന നിയമവ്യവസ്ഥയിൽ മാറ്റം വരുത്തിയതിനെയും ചോദ്യം ചെയ്‌തു, ചെറിയ അളവിൽ ലഹരി മരുന്ന് കൈവശം വെച്ചതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിനെതിരെ കോടതികളുടെ വിമർശനമുണ്ടായതോടെയാണ് ഭേദഗതി വരുത്തിയതെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ലഹരി മരുന്നുപയോഗിക്കുന്നതു തടയാനും ബോധവത്കരിക്കാനുമുള്ള നടപടികൾ സർക്കാർ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

പരിശോധനയ്ക്ക്

ലഹരി കിറ്റുകൾ വേണം

ലഹരി മരുന്ന് ഉപയോഗിച്ചാൽ മദ്യത്തെപ്പോലെ വേഗത്തിൽ കണ്ടെത്താനാകില്ലെന്നതാണ് പൊലീസിനെയും എക്‌സൈസിനെയും വലയ്‌ക്കുന്നത്. ഗുജറാത്ത് ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ലഹരി മരുന്നുകളുടെ ഉപയോഗം തിരിച്ചറിയുന്ന കിറ്റുകളുണ്ട്. സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം ഈ കിറ്റിലൂടെ തിരിച്ചറിയാം. ഈ കിറ്റുകൾ കേരളത്തിൽ പ്രചാരത്തിലെത്തിയിട്ടില്ല. മാരകമായ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരാണ് ക്വട്ടേഷൻ സംഘങ്ങളിൽ ഭൂരിഭാഗവും.

ലഹരിമരുന്ന് പിടികൂടിയാൽ ശക്തമായ കുറ്റങ്ങൾ ചുമത്താൻ നിയമമുണ്ടെങ്കിലും അന്വേഷണങ്ങൾ കൃത്യമായ ഉറവിടങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് വാസ്‌തവം. കാരിയർമാരായിരിക്കും പ്രധാനമായി പിടിയിലാകുന്നത്. ഉറവിടം തേടിയുള്ള അന്വേഷണം പാതിവഴിയിൽ നിലയ്‌ക്കുന്നതാണ് സമീപകാല കാഴ്ച. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എത്തിയുള്ള അന്വേഷണങ്ങൾക്ക് ചില പരിമിതികളുണ്ട്. അതിനെ തരണം ചെയ്‌താൽ മാത്രമേ കേരളത്തിലേക്കുള്ള ലഹരി മരുന്നുകളുടെ ഒഴുക്ക് നിലയ്‌ക്കുകയുള്ളൂ. വിവിധ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനുകളാണ് ഫലപ്രദമായ മാർഗം. നേരത്തെ സ്വർണക്കടത്ത് പിടികൂടാനുള്ള ഏജൻസികളുടെ സംയുക്ത ഓപ്പറേഷൻ വിജയം കണ്ടിരുന്നു. പൊലീസ്, എക്‌സൈസ്, കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, നർക്കോട്ടിക് സെൽ എന്നിവർ സംയുക്തമായി അന്വേഷണ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം കേസുകളിൽ കോ- ഓർഡിനേഷന്റെ അഭാവമാണ് മുഖ്യപ്രതികളെ പിടികൂടാനാവാത്തത്. അവർ പുതിയ കാരിയർമാരെ കണ്ടെത്തി മയക്കുമരുന്ന് വിപണനം തുടർന്നു കൊണ്ടേയിരിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NARCOTICS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.