ചെന്നൈ: റൂബിക് ക്യൂബിൽ വിസ്മയം തീർക്കുന്ന 9-ാം ക്ലാസുകാരൻ അദ്വൈതിനെ പ്രശംസിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. കൊച്ചിയിൽ നിന്നുള്ള അദ്വൈത് മാനാഴിയാണ് 300 റുബിക് ക്യൂബുകൾ ഉപയോഗിച്ച് രജനികാന്തിന്റെ ചിത്രം നിർമ്മിച്ചത്. ഇതിന്റെ മേക്കിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. രജനി ആരാധകരുൾപ്പെടെ ഒട്ടേറെ പേർ ഈ കൊച്ചു മിടുക്കനെ പ്രശംസിച്ച് രംഗത്തെത്തി. ചിലർ രജനികാന്തിനെ ടാഗ് ചെയ്തു. തുടർന്നാണ് അദ്വൈതിനെ അത്ഭുതപ്പെടുത്തി തലൈവന്റെ സന്ദേശമെത്തിയത്.
'അതി മനോഹരം, ദൈവം അനുഗ്രഹിക്കട്ടേ, ലവ് യൂ" എന്നാശംസിക്കുന്ന രജനികാന്തിന്റെ ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം അദ്വൈത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിനു മുമ്പ് മമ്മൂട്ടി, മോഹൽലാൽ, സൽമാൻ ഖാൻ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ സമാന രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. തന്റെ കരവിരുതിലൂടെ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കാഡ്സിലും ഈ മിടുക്കൻ ഇടം നേടിയിട്ടുണ്ട്. യുട്യൂബ് വീഡിയോകൾ കണ്ടാണ് റൂബിക് ക്യൂബുകൾ കൊണ്ട് ചിത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്. ആദ്യം ഒരു ചിത്രം പൂർത്തിയാക്കാൻ ആറു മണിക്കൂറുകളോളം എടുത്തിരുന്നെങ്കിലും പിന്നീട് നിരന്തര പരിശീലനത്തിലൂടെ ഒരു മണിക്കൂറിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |