ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന് ദേശീയ നയം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഏപ്രിൽ 27ലേക്ക് മാറ്റി. കോടതി നോട്ടീസിന് കേന്ദ്രം കൂടുതൽ സമയം ചോദിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്.
അതേസമയം, സീനിയർ അഭിഭാഷകരുടെ എതിർപ്പിനെ തുടർന്ന് അമിക്കസ്ക്യൂറി സ്ഥാനത്തു നിന്ന് ഹരീഷ് സാൽവെ പിൻമാറി. ഹൈക്കോടതികളിലെ ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി ഏറ്റെടുക്കുന്നതിനെ മുതിർന്ന അഭിഭാഷകർ എതിർത്തതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ വിരമിക്കൽ ദിനത്തിൽ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ തന്നെ അമിക്കസ് ക്യൂറിയാകാനില്ലെന്ന് ഹരീഷ് സാൽവെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ബോബ്ഡെയെ സ്കൂൾ, കോളേജ് കാലം മുതൽ തനിക്ക് പരിചയമുള്ളതിനാൽ സംശയത്തിന്റെ നിഴലിൽ കേസ് കേൾക്കാൻ കഴിയില്ലെന്നും അഭിഭാഷകർ രണ്ടു തട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജൻ ക്ഷാമം, വാക്സിനേഷൻ, അവശ്യ മരുന്നുകളുടെ ലഭ്യത, ലോക്ക്ഡൗൺ തുടങ്ങി ഹൈക്കോടതികളുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തതിനെതിരെ മുതിർന്ന അഭിഭാഷകർ പരസ്യ പ്രസ്താവന നടത്തിയതിൽ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയുടെ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതിയിലെ കേസുകൾ ഏറ്റെടുക്കുമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിൽ ഇല്ലെന്നും അഭിഭാഷകരുടെ ഇത്തരം നിലപാടുകൾ സ്ഥാപനത്തെ നശിപ്പിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ദുഷ്യന്ത് ദവെ, മുകുൾ റോത്തഗി, ഇന്ദിരാ ജയ്സിംഗ്, സഞ്ജയ് ഹെഗ്ഡെ,വിവേക് താൻഹ, സി.യു. സിംഗ് തുടങ്ങിയ അഭിഭാഷകരാണ് സുപ്രീംകോടതി തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തത്.
ചൂടേറിയ വാദങ്ങൾ
ഹരീഷ് സാൽവെ: ചീഫ് ജസ്റ്റിസിന്റെ സഹപാഠിയെന്ന നിലയിൽ സംശയത്തിന്റെ നിഴലിൽ അമിക്കസ് ക്യൂറി ആകാൻ ആഗ്രഹിക്കുന്നില്ല. പിൻമാറാൻ അനുവദിക്കണം.
ചീഫ് ജസ്റ്റിസ്: അമിക്കസ് ക്യൂറിയാക്കിയത് പൊതുവായ തീരുമാനമാണ്.
സാൽവെ: അഭിഭാഷകർ രണ്ടു തട്ടിലാണ്. നിക്ഷിപ്ത താത്പര്യമുണ്ടെന്ന് ആക്ഷേപമുണ്ട്.
ചീഫ് ജസ്റ്റിസ്: ചില മുതിർന്ന അഭിഭാഷകരുടെ പരാമർശമാണ് താങ്കളെ വേദനിപ്പിച്ചതെന്ന് കരുതുന്നു. അതിൽ ഞങ്ങൾക്കും അതൃപ‌്തിയുണ്ട്. താങ്കളുടെ വികാരം കണക്കിലെടുക്കുന്നു. ഇനി കോടതിക്ക് പരിചയമില്ലാത്തവരെ അമിക്കസ് ക്യൂറിയാക്കേണ്ടിവരും.
തുഷാർ മേഹ്‌ത: മാദ്ധ്യമങ്ങളുടെ മത്സരമാണ് എല്ലാറ്റിനും കാരണം. വിഷയത്തിൽ പരമോന്നത കോടതി ഇടപെടണം. ഡിജിറ്റൽ മാദ്ധ്യമങ്ങളും ചില പത്രങ്ങളും കോടതിയെ അവഹേളിക്കുന്ന തരത്തിലാണ് വിമർശിച്ചത്.
സാൽവെ തീരുമാനം പിൻവലിക്കണം. സമ്മർദ്ദത്തിന് അടിപ്പെട്ടാൽ ഭാവിയിൽ ഇത് കീഴ്‌വഴക്കമാകും. യോഗ്യരായ ആളുകളെ നിയമിക്കാനും ബുദ്ധിമുട്ടാകും.
ജസ്റ്റിസ് നാഗേശ്വര റാവു: ഹൈക്കോടതികളിലെ കേസുകൾ സുപ്രീംകോടതി ഏറ്റെടുക്കുമെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യത്തിന്റെ പേരിലാണ് വിമർശമുണ്ടായത്. ഇത് സ്ഥാപനത്തെ നശിപ്പിക്കും.
ദവെ: കോടതിയെ കുറ്റപ്പെടുത്തിയതല്ല. ആശങ്കകൾ ചൂണ്ടിക്കാട്ടാൻ തങ്ങൾക്ക് അവകാശമുണ്ട്. ഇത്തരം നടപടികൾ സുപ്രീകോടതിയിൽ നിന്ന് മുൻപുമുണ്ടായിട്ടുണ്ട്.
ജസ്റ്റിസ് രവീന്ദ്ര ഭട്ട്: പണ്ട് കോടതി എന്തു ചെയ്‌തെന്നാണ് ഉദ്ദേശിച്ചത്.
വികാസ് സിംഗ് ( ബാർ അസോസിയേഷൻ പ്രസിഡന്റ്): അന്യസംസ്ഥാന തൊഴിലാളികൾ പാലായനം ചെയ്യുന്നില്ലെന്നും മറ്റും അഡീഷണൽ സോളിസിറ്റർ പറഞ്ഞതുപ്രകാരം കോടതി ഇറക്കിയ മുൻ ഉത്തരവുകൾ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |