SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.04 PM IST

അതിരില്ലാ സ്നേഹം, മുള്ളുവേലിയിൽ കുരുങ്ങുന്നൂ ഓർമ്മകൾ

Increase Font Size Decrease Font Size Print Page
sujith-2

  • മുള കിട്ടാനില്ലാതെ മുളവേലി ശീലത്തിന് വിരാമമിട്ട് സുജിത്ത്

തൃശൂർ: " ഇവരെന്തിനാ ഈ മുളയില് കേറണേ ? " ... പരിചയക്കാരെല്ലാം ചോദിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ചോദ്യ ശരങ്ങളെല്ലാം അവഗണിച്ച് അവണൂർ അമ്മാനത്ത് ശ്രീധരന്റെ മകൻ സുജിത്തും കുടുംബവും അമ്പത് കൊല്ലക്കാലം അതിര് തിരിച്ചത് മുള കൊണ്ടുള്ള മുള്ള് വേലി കൊണ്ടാണ്. ഓരോ വർഷവും പതിനായിരത്തിലേറെ രൂപ മുടക്കി വേലിയുണ്ടാക്കും. ഇത് കാണുമ്പോൾ പരിചയക്കാർ നെറ്റിച്ചുളിക്കും. " രണ്ട് പേർക്കും സർക്കാർ ശമ്പളമല്ലേ. ഈ വർഷാവർഷം മുളവേലി കെട്ടണതെന്ത്നാ, വല്ല മതിലും കെട്ടിക്കൂടേ". പരിചയക്കാരുടെ സംശയം അങ്ങനെ നീളും.

അവണൂർ ശാന്ത ഹയർസെക്കൻഡറി സ്‌കൂളിലെ ലോവർ ഡിവിഷൻ ക്ലാർക്കാണ് സുജിത്ത്. ഭാര്യ ലേഖ പുറനാട്ടുകര ശ്രീശാരദാ സ്‌കൂളിലെ അദ്ധ്യാപികയും. പക്ഷേ എല്ലാറ്റിനും സുജിത്തിന് മറുപടിയുണ്ട്. കുട്ടിക്കാലം മുതൽ സുജിത്തിന്റെ മനസിൽ കേറി മുറിഞ്ഞതാണ് ആ മുള്ള് വേലി. സ്നേഹത്തിന്റെ വടുവായി ഇന്നും അവിടെയുണ്ട് ആ ഓർമ്മ. മുള വെട്ടുന്നതും ചെറിയ കെട്ടുകളാക്കുന്നതും മുള്ള് കൊണ്ട് വേലി തീർക്കുന്നതുമെല്ലാം അങ്ങനെതന്നെയുണ്ട് ഇന്നും ഓർമ്മയായി. മെഡിക്കൽ കോളേജ് മുണ്ടൂർ റൂട്ടിൽ ശാന്ത ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശത്തെ ഒന്നര ഏക്കർ സ്ഥലത്തെ മൂന്ന് ഭാഗത്തായിരുന്നു ആദ്യം മുള്ളുവേലി പണിയിപ്പിച്ചത്. മതിൽ വന്നതോടെ പിന്നീടത് ഒരു ഭാഗമായി. പുറത്തെ മറ്റൊരു വളപ്പിന്റെ രണ്ട് ഭാഗവും മുള്ള് വേലി തന്നെയാണ്.

മുള്ള് വേലി കെട്ടി തിരിച്ചിരുന്ന നാട്ടിട വഴികളിലൂടെ കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് സ്‌കൂളിൽ പോയതും കളികളിലേർപ്പെട്ടതുമെല്ലാം മധുരമുള്ള ഓർമ്മയാണ്. പിൽക്കാലത്ത് നാട്ടിടവഴികൾ റോഡുകളായി. മുള്ള് വേലികൾ മതിലുകളായി. എന്നാലും ആ സ്‌നേഹം ഉപേക്ഷിക്കാൻ സുജിത്ത് തയ്യാറായില്ല. എല്ലാ വർഷവും മൂന്നോ നാലോ ജോലിക്കാരെക്കൊണ്ട് മൂന്ന് നാലു ദിവസം മെനക്കെട്ട് മുള്ള് വേലി പണിയിപ്പിക്കും. അച്ഛൻ ശ്രീധരൻ തീർക്കുന്ന അതേ മുള്ള് വേലി. പക്ഷേ ഇപ്പോൾ കാലം മാറി. കുറെ തിരഞ്ഞെങ്കിലും നാട്ടിലെവിടെയും വേലിക്ക് പറ്റിയ മുള കിട്ടാനില്ല.

നേരത്തെ 300 ലേറെ മുളകളാണ് സുജിത്തിന്റെ വീട്ടുവളപ്പിൽ ഉണ്ടായിരുന്നത്. ആ മുള്ള് ഉപയോഗപ്പെടുത്തിയാണ് വീട്ടുവളപ്പിന് ചുറ്റും വേലി തീർക്കാറ്. 2019 അവസാനത്തോടെ വീട്ടിലെ മുളകൾ പൂത്തതോടെ മൊത്തം വിൽക്കേണ്ടി വന്നു. ഒരു പ്രദേശത്ത് മുള പൂത്താൽ ആ മേഖലയിലെ മുളയെല്ലാം പൂവിടും. മുളകൾ കൂട്ടമായി ഉണങ്ങിത്തുടങ്ങും. അവണൂർ മേഖലയിലും അതാണ് സംഭവിച്ചത്. ഭാര്യ ലേഖ, അമ്മ രുഗ്മിണി, മക്കളായ വസുദേവ്, വൈഷ്ണവ് എന്നിവരടങ്ങുന്നതാണ് സുജിത്തിന്റെ കുടുംബം.

ചെലവ് 10,000

100 മീറ്റർ മുള്ള് വേലി പണിതു തീർക്കാൻ 10,000 രൂപയോളമാണ് ചെലവ്. എല്ലാവർഷവും വേലി പണിയണം. ഇല്ലെങ്കിൽ, നേരത്തേയുള്ള വേലിയിലെ മുള്ള് ചിതൽ വന്ന് നാശമാകും. പ്രത്യേക രീതിയിലാണ് മുളയിൽ നിന്നും മുള്ള് വെട്ടിയെടുക്കുക. മുള്ള് മൊത്തമായി വെട്ടിയെടുക്കില്ല.

TAGS: LOCAL NEWS, THRISSUR, MULLUVELI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY