SignIn
Kerala Kaumudi Online
Thursday, 24 September 2026 4.26 AM IST

എറണാകുളം നഗരത്തിൽ അഞ്ച് കടകൾ കത്തി നശിച്ചു

കൊച്ചി: എറണാകുളം നഗരത്തിലെ ഇലക്ട്രോണിക്സ് സ്ട്രീറ്റിൽ ഇന്നലെ വൻ അഗ്നിബാധയുണ്ടായി. ഒരു കെട്ടിടത്തിലെ അഞ്ച് കടകൾ കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏഴ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള പത്തോളം ഫയർ എൻജിനുകൾ മൂന്നുമണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. ഇന്ന് വിശദ പരിശോധന നടത്തി നഷ്ടം വിലയിരുത്തും.

ഇലക്ട്രോണിക് സാമഗ്രികൾ മാത്രം വിൽക്കുന്ന കടകളുള്ള എറണാകുളം സൗത്ത് ഇലക്ട്രോണിക്സ് സ്ട്രീറ്റിലെ അമീൻ ചേംബർ എന്ന കെട്ടിടത്തിലാണ് ഉച്ചയ്ക്ക് 12.15ഓടെ തീ ആളിപ്പടർന്നത്. കെട്ടിടത്തിലെ ഐവ, ശിവ, എവൺ, ഏഞ്ചൽ, ഫാബ് എന്നീ കടകളുടെ ഗോഡൗണുകളും ഒരു ഷോപ്പുമാണ് കത്തി നശിച്ചത്. കടയിലെ ജീവനക്കാർ ഇറങ്ങി ഓടിയതിനാൽ ജീവാപായമുണ്ടായില്ല.

ചെറിയ മുറികളിൽ നിറയെ മൊബൈൽ ഫോൺ ആക്സസറികളാണ് സ്റ്റോക്ക് ചെയ്തിരുന്നത്. ജനാലകളെല്ലാം മറച്ചിരുന്നതിനാലും ഇടുങ്ങിയ ഇടനാഴികളായതിനാലും അഗ്നിശമനസേനയ്ക്ക് ബുദ്ധിമുട്ട് നേരിട്ടു. സുരക്ഷാ മാനദണ്ഡങ്ങളൊന്നും കെട്ടിടത്തിൽ പാലിച്ചിരുന്നില്ല. മുകൾനില ഷീറ്റ് കെട്ടി മറയ്‌ക്കുകയും ചെയ്തിരുന്നു. മുറികളിൽ സൂക്ഷിച്ചിരുന്നതിലേറെയും പ്ളാസ്റ്റിക് സാമഗ്രികളായതുകൊണ്ട് തീയണയാനും സമയമെടുത്തു.

ലോഡ്ജിലേക്ക് തീ പടരാതിരുന്നത് ഭാഗ്യം

ഈ കെട്ടിടത്തിനോട് ചേർന്നുള്ള ഉണ്ണിക്കൃഷ്ണ ലോഡ്ജിലേക്ക് ഭാഗ്യത്തിന് തീ പടർന്നില്ല. ലോഡ്ജിലെ ജീവനക്കാരും പരിസരത്തുള്ളവരും സമയോചിതമായി ഇടപെട്ടത് തുണയായി. തൊട്ടടുത്തുള്ള മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരും അവരുടെ ബന്ധുക്കളുമാണ് ലോഡ്ജുവാസികളിൽ ഏറെയും. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഇവരെ പെട്ടെന്ന് ഒഴിപ്പിക്കുക എളുപ്പമായിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA