SignIn
Kerala Kaumudi Online
Tuesday, 15 June 2021 10.23 PM IST

ബംഗാളിൽ മമത അധികാരമേറ്റു

mamatha

 തിര. കമ്മിഷൻ സ്ഥലം മാറ്റിയ ഡി.ജി.പിയെ തിരികെ നിയമിച്ച് മമത

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി തുടർച്ചയായി മൂന്നാമതും പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബംഗാളിന്റെ 21-ാമത് മുഖ്യമന്ത്രിയാണ് മമത രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി കൂടിയാണ്. കൊവിഡ് പശ്ചാത്തലത്തിൽ രാജ്ഭവനിൽ ലളിതമായി നടന്ന ചടങ്ങിൽ ഗവർണർ ജഗ്ദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മമത മാത്രമാണ് ചുമതലയേറ്റത്. മന്ത്രിസഭാ വികസനം സംബന്ധിച്ച് തൃണമൂൽ ഉന്നതാധികാര സമിതി ചേർന്ന് ഉടൻ തീരുമാനമെടുക്കും. 9ന് മറ്റ് മന്ത്രിമാർ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ മമതയെ അഭിനന്ദിച്ചു.

മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും ബി.ജെ.പി, സി.പി.എം, കോൺഗ്രസ് കക്ഷികളെല്ലാം വിട്ടുനിന്നു. തൃണമൂൽ നേതാക്കളായ പാർത്ഥ ചാറ്റർജി, സുബ്രത മുഖർജി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി തുടങ്ങിയവർ പങ്കെടുത്തു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം സെക്രട്ടറിയേറ്റിലേക്ക് പോയ മമത സംസ്ഥാനത്തെ കൊവിഡ് സ്ഥിതി അവലോകനം ചെയ്തു. സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലം മാറ്റിയ പഴയ ഡി.ജി.പി വിരേന്ദ്ര, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ജാവേദ് ഷമീം എന്നിവരെ വീണ്ടും നിയമിച്ചു. കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഗവർണർ

സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിച്ച ഗവ‌ർണർ സംസ്ഥാനത്തെ ഭീകരമായ അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനാകണം ആദ്യ പരിഗണന നൽകേണ്ടതെന്ന് പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി മുഖ്യമന്ത്രി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പ്രഥമ പരിഗണന കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനാണെന്നും ക്രമസമാധാനം രണ്ടാമത്തെ പരിഗണനയാണെന്നുമായിരുന്നു മമതയുടെ മറുപടി.

'ഞാൻ ഇപ്പോഴാണ് ചുമതലയേറ്റത്. കഴിഞ്ഞ മൂന്നുമാസമായി തിരഞ്ഞെടുപ്പ് കമ്മിഷനാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാൻ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. അക്രമങ്ങളിൽ നിന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തിരിയണമെന്നും' മമത പറഞ്ഞു.

പ്രതിഷേധവുമായി ബി.ജെ.പി

തിരഞ്ഞെടുപ്പ് ഫലത്തിനോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളിൽ ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്നലെ ബി.ജെ.പി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ബംഗാളിലുള്ള ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയടക്കമുള്ളവർ കൊല്ലപ്പെട്ട പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു. മമതയുടെ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ, ബി.ജെ.പി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ജനാധിപത്യം സംരക്ഷിക്കുമെന്ന് നദ്ദയുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MAMATHA BANARJEE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.