ഗുവാഹത്തി : അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ബംഗാളും കേരളവും നിരാശപ്പെടുത്തിയപ്പോഴും ബി ജെ പിക്ക് ഭരണത്തുടർച്ച സമ്മാനിച്ച സംസ്ഥാനമാണ് അസം. എന്നാൽ ഇവിടെ മോശം പ്രകടനം നടത്തി എന്ന കണ്ടെത്തലിനെ തുടർന്ന് ബി ജെ പി ന്യൂനപക്ഷ സെല്ലിനെ പാർട്ടി പിരിച്ചുവിട്ടു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മുസ്ലീം ഭൂരിപക്ഷ മേഖലയിൽ പാർട്ടി അമ്പേ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. ന്യൂനപക്ഷ സെൽ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടതായി അസം ബിജെപി പ്രസിഡന്റ് രഞ്ജിത് കുമാർ ദാസ് വ്യക്തമാക്കി.
അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന് ആധിപത്യമുള്ള മണ്ഡലങ്ങളിൽ ബി ജെ പിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനായി ഓരോ ബൂത്തിലും 20 അംഗങ്ങളുള്ള കമ്മിറ്റികളാണ് പ്രവർത്തിച്ചിരുന്നത്. ഇവയെ നിയന്ത്രിക്കുന്നതിനായി ന്യൂനപക്ഷ സെല്ലിന്റെ കീഴിൽ സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി, മണ്ഡൽ കമ്മിറ്റികൾ എന്നിവയുണ്ടായിരുന്നു. ഇതെല്ലാം ഇപ്പോൾ പിരിച്ചുവിട്ടിരിക്കുകയാണ്.
മേയ് രണ്ടിന് പുറത്ത് വന്ന അസം നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ബി ജെ പി നയിക്കുന്ന സഖ്യം 26 സീറ്റുകളിൽ 75ഉം സ്വന്തമാക്കിയാണ് ഭരണത്തുടർച്ച ഉറപ്പിച്ചത്. 75 സീറ്റുകളിൽ 60ലും ബി ജെ പിയാണ് ജയിച്ചത്. മുസ്ലീം മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷം ശക്തമായ എട്ട് മണ്ഡലങ്ങളിൽ ബി ജെ പി മത്സരിച്ചു. എന്നാൽ ഇതിലൊന്നിൽ പോലും ജയിക്കാനായില്ല എന്നുമാത്രമല്ല, തോൽവി സംഭവിച്ചത് വൻ മാർജിനിലുമാണ്. ജാനിയ, ജലേശ്വർ, ബാഗ്ബാർ, സൗത്ത് സൽമര, ലോവർ ആസാമിലെ ബിലാസിപാറ വെസ്റ്റ്, ലഹരിഘട്ട്, സെൻട്രൽ അസമിലെ രൂപോഹിഹാത്ത്, ബരാക് വാലി മേഖലയിലെ സോനായി മണ്ഡലം എന്നിവിടങ്ങളിലാണ് പാർട്ടി പരാജയം രുചിച്ചത്. ജാനിയ നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഷാഹിദുൽ ഇസ്ലാമിന് ലഭിച്ചത് 6.18 ശതമാനം വോട്ടുകൾ മാത്രമാണ്.
അതേസമയം ബി ജെ പിയുടെ മുഖ്യ സഖ്യകക്ഷിയായ അസം ഗണ പരിഷത്തും മുസ്ലീം ഭൂരിപക്ഷ മേഖലയായ ചെംഗ, ദൽഗാവ്, ജമുനാമുഖ് എന്നിവിടങ്ങളിൽ മത്സരിച്ചിരുന്നു. എന്നാൽ ഈ സീറ്റുകളിലും അവർ പരാജയപ്പെടുകയായിരുന്നു. നിയമസഭയിലേക്ക് ഇക്കുറി വിജയിച്ചവരിൽ 31 എം എൽ എമാർ മുസ്ലീങ്ങളാണ്. ഇവരെല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികളായി ജനവിധി തേടിയവരാണ് എന്നതാണ് പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |