SignIn
Kerala Kaumudi Online
Thursday, 24 June 2021 8.41 AM IST

മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാരങ്ങളാക്കി മാറ്റിയ മാസ്റ്റർ സ്ക്രീൻറൈറ്റർ; മലയാളസിനിമയുടെ ഒരു യുഗം അവസാനിക്കുന്നു

dennis-joseph

മലയാളത്തിലെ മറ്റൊരു തിരക്കഥാകൃത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒരു ക്രെഡിറ്റ് ഡെന്നിസ് ജോസഫിന്റെ പേരിലുണ്ട്. മലയാളത്തിന്റെ മെഗാ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും സൂപ്പർസ്റ്റാർഡത്തിലേക്കുള്ള പാത വെട്ടിത്തെളിച്ചത് ഈ മാസ്റ്റർ സ്ക്രീൻറൈറ്ററാണ്. തന്റെ ചിത്രങ്ങൾ തീയറ്ററിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്ന കാലത്താണ്, 1987ൽ, ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ച 'ന്യൂഡൽഹി' എന്ന ജോഷി ചിത്രത്തിലേക്ക് മമ്മൂട്ടിക്ക് ക്ഷണമുണ്ടാകുന്നത്.

പിന്നീട് നടന്നത് ചരിത്രമായി മാറി. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ 'ന്യൂഡൽഹി' സൂപ്പർസ്റ്റാർ എന്ന മമ്മൂട്ടിയുടെ സ്ഥാനത്തെ ഉറപ്പിക്കുകയായിരുന്നു. പ്രതികാരമൂർത്തിയായ മമ്മൂട്ടിയുടെ കൃഷ്ണമൂർത്തി എന്ന ജികെ പല അടരുകളുള്ള, വ്യത്യസ്ത ഭാവങ്ങൾ ഉൾക്കൊള്ളുന്ന നായകകഥാപാത്രമായിരുന്നു. അത്തരത്തിൽ ഒരു 'വില്ലൻ നായകനെ' അക്കാലത്ത് മലയാള സിനിമ അധികമൊന്നും കണ്ടിരുന്നില്ല.

സമാനമായ രീതിയിലായിരുന്നു താരരാജാവായുള്ള മോഹൻലാലിന്റെ ഉയർച്ചയും. അതുവരെ ഉപനായക വേഷങ്ങളിൽ തിളങ്ങിയിരുന്ന ലാലിനെ, താൻ തിരക്കഥ രചിച്ച 'രാജാവിന്റെ മകൻ' എന്ന ഒറ്റ ചിത്രത്തിലൂടെ ഡെന്നിസ് ജോസഫ് രാജാവായി അഭിഷേകം ചെയ്തു. 1986ൽ, മോഹൻലാൽ ആദ്യമായി മീശപിരിച്ചത് ചിത്രത്തിലെ നായക കഥാപാത്രമായ,അധോലോക നായകൻ വിൻസന്റ് ഗോമസിനു വേണ്ടിയായിരുന്നു എന്നതും മറ്റൊരു കൗതുകം. പൗരുഷത്തിന്റെ പ്രതീകമായിട്ടുള്ള മോഹൻലാലിന്റെ പിൽക്കാല കഥാപാത്രങ്ങൾക്ക് അടിത്തറയിട്ടതും ഇതേ വിൻസന്റ് ഗോമസ് തന്നെ.

ലക്ഷണമൊത്ത കൊമേർഷ്യൽ ചിത്രങ്ങൾക്ക് ചട്ടക്കൂട്‌ തയ്യാറാക്കുന്നതിൽ അതിവിദഗ്ധനായിരുന്നു ഡെന്നിസ്. നന്മയുടെയും തിന്മയുടെയും ഭാവങ്ങളെ അതിശയകരമായ വൈദഗ്ധ്യത്തോടെ കോർത്തിണക്കികൊണ്ട് അദ്ദേഹം സൃഷ്‌ടിച്ച നായക കഥാപാത്രങ്ങൾക്ക് മലയാള സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് സ്റ്റാറ്റസാണുള്ളത്. ജികെയാകട്ടെ, വിൻസന്റ് ഗോമസാകട്ടെ, കോട്ടയം കുഞ്ഞച്ചനാകട്ടെ, പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു പ്രത്യേക ഘടകം ഉൾപ്പെടുത്തിക്കൊണ്ടുള്ള പാത്രസൃഷ്ടി അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു.

പിന്നീട് മലയാള സിനിമയിൽ മികച്ച തിരക്കഥാകൃത്ത് എന്ന പേരെടുത്ത പലരും ഈ മഹാപ്രതിഭയോട് ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ കടപ്പെട്ടിരിക്കുന്നു. 'മനു അങ്കിളി'ലൂടെ സംവിധാനത്തിൽ കൈവച്ച ഡെന്നിസ് ജോസഫ് ആ മേഖലയിലും തിളക്കമാർന്ന വിജയം നേടി. മമ്മൂട്ടിയാണ് പ്രധാന കഥാപാത്രമായി എത്തിയതെങ്കിലും കുട്ടികൾക്കായിരുന്നു സംവിധായകനായുള്ള തന്റെ ആദ്യ സിനിമയിൽ ഡെന്നിസ് ജോസഫ് പ്രാമുഖ്യം നൽകിയത്.

രസകരമായ ഇതിവൃത്തത്തിലൂടെ കഥ പറഞ്ഞ 'മനു അങ്കിൾ' നൂറിൽ കൂടുതൽ ദിവസങ്ങളാണ് കേരളത്തിലെ തീയറ്ററുകളിൽ ഓടിയത്. 1988ലെ 'ബെസ്റ്റ് ചിൽഡ്രൻസ് ഫിലിം' ദേശീയ പുരസ്കാരം നേടിയതും 'മനു അങ്കിളാ'യിരുന്നു. വേറിട്ട കഥകളിലൂടെയും, വ്യത്യസ്തമായ ആഖ്യാനരീതികളിലൂടെയും മലയാള സിനിമയെ മാറ്റിമറിച്ച ഈ മഹാകലാകാരന്റെ നിനച്ചിരിക്കാതെയുണ്ടായ വിയോഗം നികത്താനാകാത്ത നഷ്ടം തന്നെയാണ്. മലയാള സിനിമയിലെ ഒരു യുഗത്തിനാണ് ആ വിടവാങ്ങലിലൂടെ തിരശീല വീഴുന്നത്.

content details: master craftsman screenwriter dennis joseph no more.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DENNIS JOSEPH
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.