ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ റെംഡെസിവർ മരുന്ന് വാങ്ങാൻ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൻ ജനക്കൂട്ടം. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നൂറ് കണക്കിനാളുകളാണ് മരുന്നിനായി തോളോട് തോൾ ചേർന്ന് ക്യൂ നിന്നത്.
ഇന്നലെയാണ് നെഹ്‌റു സ്റ്റേഡിയത്തിൽ മരുന്നുവിതരണത്തിന് പുതുതായി കൗണ്ടർ ആരംഭിച്ചത്. കെ.എം.സി.യിലായിരുന്നു നേരത്തെ മരുന്നുവിതരണം. തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് നെഹ്‌റു സ്റ്റേഡിയത്തിൽ കൗണ്ടർ ആരംഭിച്ചത്. എന്നാൽ നിമിഷങ്ങൾക്കകം ഇവിടെ ജനങ്ങൾ തിങ്ങിനിറഞ്ഞു.
കഴിഞ്ഞ പത്ത് ദിവസത്തോളമായി റെംഡെസിവർ മരുന്നിനായി അലയുകയാണെന്ന് മുപ്പതുകാരനായ സന്ദീപ് രാജ് പറഞ്ഞു. യുവാവിന്റെ മാതാപിതാക്കൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടർമാർ രണ്ടുപേർക്കും റെംഡെസിവിർ നിർദ്ദേശിക്കുകയും ചെയ്തിരിന്നു. ശനിയാഴ്ച അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞു. അമ്മയെയെങ്കിലും രക്ഷിക്കാൻ വേണ്ടിയാണ് താൻ മരുന്നിനായി സ്റ്റേഡിയത്തിലേക്ക് പാഞ്ഞതെന്ന് യുവാവ് പറയുന്നു.
അതേസമയം സംസ്ഥാനത്തെ ചില ആശുപത്രികളിലും കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്.രാജീവ് ഗാന്ധി ആശുപത്രിയുടെ കൊവിഡ് ബ്ലോക്കിനുള്ളിൽ ചില രോഗികൾക്കൊപ്പം പരിചരിക്കാൻ ആളുകളുണ്ടായിരുന്നുവെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എല്ലാ കിടക്കകളിലും ഒരു സഹായി ഉണ്ടായിരുന്നു. അവർ രോഗികൾക്ക് ഭക്ഷണം നൽകുകയോ, അവരോട് സംസാരിക്കുകയോ ചെയ്യുകയായിരുന്നു. ചിലർ രോഗികളോടൊപ്പം കട്ടിലിൽ ഇരുന്നു. അവരാരും പിപിഇ ധരിച്ചിരുന്നില്ല, സാമൂഹിക അകലം പാലിച്ചില്ല. ഇരുവശങ്ങളിലുമുള്ള ഹാളുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന കാഴ്ചയാണ് തങ്ങൾ കണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |