ന്യൂഡൽഹി: കൊലപാതക കേസിൽ പ്രതിയാണെന്ന് സംശയിക്കുന്ന ഒളിംപിക്‌സ് മെഡൽ ജേതാവും ഗുസ്‌തി താരവുമായ സുശീൽ കുമാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
രണ്ടാഴ്‌ച മുൻപ് മേയ് നാലിന് ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യൻ സാഗർ റാണ(23)യുടെ മരണത്തെ തുടർന്നാണ് സുശീൽ കുമാർ ഒളിവിൽ പോയത്. ന്യൂഡൽഹിയിലെ ഛത്രസാൽ സ്‌റ്റേഡിയത്തിന് പുറത്ത് കായികതാരങ്ങൾ ഇരുവിഭാഗമായി തിരിഞ്ഞുണ്ടായ തർക്കത്തിലാണ് സാഗർ റാണ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ സുശീലിനെ ഇതുവരെ കണ്ടെത്താനായില്ല.
സുശീലിനൊപ്പം അന്ന് കുറ്റകൃത്യത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന അജയ് എന്നയാളെ കണ്ടെത്തുന്നവർക്ക് 50,000 രൂപയും പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കേസിലെ പ്രതികൾക്കെതിരെ ഡൽഹി ഹൈക്കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
തനിക്കും കൂട്ടുകാർക്കും സംഭവത്തിൽ പങ്കില്ലെന്നായിരുന്നു മേയ് 5ന് സുശീൽ പറഞ്ഞത്. 2012 ലണ്ടൻ ഒളിംപിക്‌സിൽ ഇന്ത്യയ്‌ക്ക് വേണ്ടി ഗുസ്‌തിയിൽ വെളളി മെഡലും 2016 ബീജിംഗ് ഒളിംപിക്‌സിൽ വെങ്കല മെഡലും നേടിയ താരമാണ് സുശീൽ കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |