SignIn
Kerala Kaumudi Online
Monday, 21 June 2021 12.20 PM IST

കെ.കെ.ശൈലജയെ ഒഴിവാക്കിയതിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ വാദം

shailaja

തിരുവനന്തപുരം: മത്സരിച്ച് ജയിച്ച മന്ത്രിമാരെ എല്ലാവരെയും ഒഴിവാക്കണമെന്നത് പൊതുമാനദണ്ഡമായി അംഗീകരിച്ചെങ്കിലും, ഒറ്റയടിക്ക് എല്ലാവരെയും ഒഴിവാക്കുന്നത് പ്രായോഗികമായി ഗുണമാകുമോയെന്ന സന്ദേഹം സി.പി.എം സംസ്ഥാനകമ്മിറ്റി യോഗത്തിലുയർന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ, പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകിവരുന്ന ആരോഗ്യമന്ത്രിയെന്ന നിലയിൽ കെ.കെ. ശൈലജയെയെങ്കിലും പരിഗണിക്കാതിരിക്കുന്നത് ഔചിത്യക്കുറവാകുമെന്ന അഭിപ്രായവുമുണ്ടായി.

ചർച്ചയിൽ പങ്കെടുത്ത പത്തോളം പേരാണ് വിമർശന സ്വരം പ്രകടിപ്പിച്ചത്. എന്നാൽ, പാർട്ടിയുടെ പൊതുതീരുമാനത്തോട് ആരും വിയോജിച്ചില്ല. വോട്ടെടുപ്പും വേണ്ടിവന്നില്ല. ഏകകണ്ഠമായാണ് സിറ്റിംഗ് മന്ത്രിമാരെ മാറ്റി പുതിയവരെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. എങ്കിലും കൊവിഡ് പ്രതിസന്ധിക്കിടെ ഇത്രയും കടുത്ത പരീക്ഷണത്തിന് മുതിരണോയെന്ന ചോദ്യം പാർട്ടിക്കകത്ത് പലരുമുയർത്തുന്നുണ്ട്.

തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ കർശനമായി മാറ്റിനിറുത്താൻ സി.പി.എം കൈക്കൊണ്ട തീരുമാനം അപ്രതീക്ഷിതമായിരുന്നു പലർക്കും. അതേ അവസ്ഥയാണിപ്പോൾ മന്ത്രിസഭാ രൂപീകരണത്തിലുമുണ്ടായത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയെങ്കിലും ഉൾപ്പെടുത്താതിരിക്കില്ലെന്ന തോന്നലാണ് പലരിലുമുണ്ടായത്. ശൈലജയ്ക്കായി വാദമുയർന്നപ്പോൾ, സിറ്റിംഗ് മന്ത്രിമാരിൽ ഒരാളെ മാത്രം പരിഗണിച്ചാലത് മറ്റുള്ളവരെല്ലാം അയോഗ്യരാണെന്ന തോന്നലുളവാക്കുമെന്നാണ് പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചത്. രാവിലെ അവൈലബിൾ പി.ബി യോഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റും ചർച്ച ചെയ്ത് അംഗീകരിച്ച മന്ത്രിമാരുടെ പാനൽ സംസ്ഥാന കമ്മിറ്റിയിൽ വായിച്ചതും കോടിയേരിയാണ്. മന്ത്രിസഭയിൽ അനുഭവ പരിചയവും ഒരു ഘടകമാകണമെന്ന അഭിപ്രായം സെക്രട്ടേറിയറ്റ് യോഗത്തിലുമുയർന്നതായാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധന കർശനമാക്കിയപ്പോൾ ആലപ്പുഴ ജില്ലാകമ്മിറ്റി അംഗീകരിച്ചയച്ച പാനലിൽ നിന്നാണ് തോമസ് ഐസക്കും, ജി. സുധാകരനും വെട്ടിമാറ്റപ്പെട്ടത്. 33 സിറ്റിംഗ് എം.എൽ.എമാരാണ് ഇത്തവണ മാറ്റിനിറുത്തപ്പെട്ടത്. അഞ്ച് മന്ത്രിമാരും മത്സരരംഗത്തുണ്ടായില്ല. ഏഴ് മന്ത്രിമാർ മത്സരിച്ചതിൽ മേഴ്സിക്കുട്ടി അമ്മ ഒഴിച്ചുള്ള ആറ് പേരും വിജയിച്ചു. ഈ ആറ് പേരെയും മാറ്റിയാണ് പുതുനിരയെ സി.പി.എം പരീക്ഷിക്കുന്നത്. അതിൽ മുൻ പരിചയം പറയാനുള്ളത് മുഖ്യമന്ത്രിയല്ലാതെ, 1996ലെ നായനാർ മന്ത്രിസഭയിലുണ്ടായിരുന്ന കെ. രാധാകൃഷ്ണൻ മാത്രമാണ്.

പുതുനിരയിൽ യുവത്വത്തിന് പ്രാതിനിദ്ധ്യമുറപ്പാക്കാനും ശ്രമിച്ചിട്ടുണ്ട്. 43 വയസുള്ള ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസാണ് മന്ത്രിമാരിൽ ഏറ്റവും ചെറുപ്പം. വീണ ജോർജിന് 44 വയസുണ്ട്. മുതിർന്നവരിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ എം.വി. ഗോവിന്ദനാണ്.

 മൂന്ന് ജില്ലയിൽ സി.പി.എം പ്രാതിനിദ്ധ്യമില്ല

കാസർകോട്, വയനാട്, ഇടുക്കി ഒഴിച്ചെല്ലാ ജില്ലയ്ക്കും പ്രാതിനിദ്ധ്യമുറപ്പാക്കാൻ സി.പി.എം ശ്രമിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയ്ക്ക് മന്ത്രിയില്ലെങ്കിലും സ്പീക്കറെ നൽകി. അമ്പതുകാരനായ എം.ബി. രാജേഷിന്, രണ്ട് തവണ ലോക്‌സഭാംഗമായിരുന്നതിന്റെ അനുഭവസമ്പത്ത് മുതൽക്കൂട്ടാണ്. കഴിഞ്ഞതവണ പ്രാതിനിദ്ധ്യം കിട്ടാതെപോയ കോട്ടയം, എറണാകുളം ജില്ലകൾക്ക് ഇത്തവണ മന്ത്രിമാരെ കിട്ടി. വി.എൻ. വാസവനും പി. രാജീവും. എം.എം. മണി ഒഴിവായപ്പോൾ ഇടുക്കിക്ക് പ്രാതിനിദ്ധ്യമില്ലാതായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KK SHAILAJA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.