ന്യൂഡൽഹി: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ.കെ ശൈലജയെ ഒഴിവാക്കിയതിൽ പല കേന്ദ്ര നേതാക്കൾക്കും കടുത്ത അതൃപ്‌തിയുണ്ടെന്ന് സൂചന. വിഷയം അടുത്തമാസം കൂടുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്‌ത് വിലയിരുത്തും.
സംസ്ഥാന കമ്മിറ്റി ഐകകണ്‌ഠേനയെടുത്ത തീരുമാനമാണെങ്കിലും ഈ വിഷയത്തിലെ അതൃപ്‌തി നേതാക്കൾ കേന്ദ്ര കമ്മിറ്റിയിൽ അറിയിക്കുമെന്നാണ് വിവരം. ഭരണ തുടർച്ച നേടിയെത്തുന്ന രണ്ടാം പിണറായി മന്ത്രി സഭയിൽ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകി നല്ല പൊതുജന അഭിപ്രായം ഉണ്ടായിരുന്ന മന്ത്രിയായിരുന്ന ശൈലജയ്‌ക്ക് അവസരം നൽകുമെന്നായിരുന്നു കേന്ദ്ര നേതാക്കളുടെ ധാരണ.
പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും അടുത്തമാസം ചേരുമ്പോൾ ഈ വിഷയത്തിനൊപ്പം മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിനെ കുറിച്ചും ചോദ്യങ്ങളുയരുമെന്ന് സൂചനയുണ്ട്. ഈ വിഷയങ്ങളിൽ ദേശീയ തലത്തിൽ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനാണ് വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ മന്ത്രിമാരെക്കുറിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനം മാറ്റില്ലെന്ന് വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പ്രതികരിച്ചു. രാഷ്‌ട്രീയപരവും സംഘടനാപരവുമായ തീരുമാനമാണ് പൂർണമായും പുതുമുഖങ്ങളെ കൊണ്ടുവരണം എന്നത്.പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ശൈലജയ്‌ക്ക് വേണ്ടിയുളള ആവശ്യം ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |