തിരുവനന്തപുരം: 'ജാതിഭേതം മതദ്വേഷം ഏതുമില്ലാതേ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്'..കേരളത്തിൽ സാമൂഹിക വിപ്ലവത്തിന് വിത്ത് പാകിയ അരുവിപ്പുറം ശിവപ്രതിഷ്ഠയ്ക്ക് ശേഷം ശ്രീനാരായണ ഗുരുദേവൻ രേഖപ്പെടുത്തിയതും, മതേതര ലോകം
ഏറ്റുചൊല്ലിയതുമായ വരികൾ ഗാനഗന്ധവൻ യേശുദാസിന്റെ സ്വരത്തിൽ വീണ്ടും മുഴങ്ങി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ പ്രൗഢഗംഭീരമായ വേദിയിലെ സ്ക്രീനിൽ ആ നിമിഷം തെളിഞ്ഞത് ഗുരുദേവന്റെ ചിത്രം. തുടർ ഭരണത്തിലൂടെ ജനാധിപത്യ കേരളത്തിൽ പുതു ചരിത്രം രചിച്ച രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയവർക്ക് മാത്രമല്ല, ടെലിവിഷനിലൂടെയും മറ്റ് ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെയും ചടങ്ങ് ലൈവായി കണ്ട ലോകത്തെമ്പാടുമുള്ള മലയാളികൾ ഉൾപ്പെടെയുള്ള സമൂഹത്തിനും വിശ്വഗുരുവിന്റെ അദൃശ്യ സാന്നിദ്ധ്യം ധന്യത പകർന്നു. ചടങ്ങിന്റെ സംഘാടകർ കാട്ടിയ ഈ ഒൗചിത്യമാകട്ടെ, മഴ മാറി ന്ന അന്തരീക്ഷത്തിലെ ചരിത്ര മുഹൂർത്തത്തിന് അനുഗ്രഹ വർഷമായി മാറി.രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നടന്ന അപൂർവവും
മികവുറ്റതുമായ സംഗീതാവിഷ്‌കാരം 'നവകേരള ഗീതാഞ്ജലി'യുടെ തുടക്കമാണ് ഗുരുദേവ സ്മരണകളിൽ നിറഞ്ഞത്. ലോകം അറിയുന്ന പ്രശസ്തരുൾപ്പെടെ 54 ഗായകരും സംഗീതജ്ഞരും അണിചേർന്ന 'നവകേരള ഗീതാഞ്ജലി' കൊവിഡ് സാഹചര്യത്തിൽ വെർച്വലായാണ് അവതരിപ്പിക്കപ്പെട്ടത്. പ്രഭാവർമ്മയും റഫീക്ക് അഹമ്മദും എഴുതിയ പുതിയ വരികൾക്കൊപ്പം കുമാരനാശാൻ, ഉള്ളൂർ, എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണ മേനോൻ തുടങ്ങിയവരുടെ കവിതാശകലങ്ങളും ഒ.എൻ.വി. കുറുപ്പ്, പി.ഭാസ്കരൻ, വയലാർ എന്നിവരുടെ നാടകഗാനങ്ങളും പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങളും കൂടി ഉൾക്കൊള്ളിച്ചതായിരുന്നു ഈ സംഗീത വിരുന്ന്. ഗായകന്റെ റോളിലെത്തിയ മോഹൻലാൽ ''ഒരു ജാതി ഒരു മതം ഒരു ദൈവം
ഓർമ്മ വേണമീ അദ്വൈത മന്ത്രം...'' എന്നു തുടങ്ങുന്ന, വയലാർ എഴുതിയ 'കൂട്ടുകാർ' എന്ന ചിത്രത്തിലെ പല്ലവിയാണ് ആലപിച്ചത്. ഡോ. കെ.ജെ. യേശുദാസ്, എ.ആർ. റഹ്മാൻ, ഹരിഹരൻ, പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാർ, ശങ്കർ മഹാദേവൻ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസ്യ, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണികൃഷ്ണൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ശ്വേതാമോഹൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യാനമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ, രഞ്ജിനി ജോസ്, പി.കെ. മേദിനി, മുരുകൻ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടർഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്. പരിപാടിയുടെ സമർപ്പണാവതരണം നടത്തിയത് നടൻ മമ്മൂട്ടിയും.
ഇ.എം.എസ് മുതൽ പിണറായി വരെയുള്ളവർ നയിച്ച സർക്കാരുകൾ എങ്ങനെ കേരളത്തെ മാറ്റുകയും വളർത്തുകയും ചെയ്തെന്ന് വിളംബരം ചെയ്യുന്നതായിരുന്നു ഈ സംഗീതപരിപാടി. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന സംഗീത ആൽബം മലയാളത്തിൽ ആദ്യമാണ്. സംവിധായകൻ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം നിർവഹിച്ചത്. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബുവായിരുന്നു പ്രോജക്ട് കോ-ഓർഡിനേറ്റർ.ആൽബം നിർമ്മിച്ചത് പി.ആർ.ഡിയും കേരള മീഡിയ അക്കാഡമിയുമാണ്. ഗാനാഞ്ജലിക്കു മുന്നോടിയായി എ.ആർ.റഹ്മാൻ,റസൂൽ പൂക്കുട്ടി, ഷീല,ശോഭന തുടങ്ങി പ്രമുഖരായ 16 പേരുടെ വീഡിയോ ആശംസകളും സ്ക്രീനിൽ പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |