SignIn
Kerala Kaumudi Online
Thursday, 19 February 2026 3.43 AM IST

മന്ത്രിയെ വിളിച്ചു; വിദ്യാർത്ഥിക്ക് മൊബൈൽ വീട്ടിലെത്തി

Increase Font Size Decrease Font Size Print Page
1

പള്ളുരുത്തി: ഓൺലൈൻ ക്ളാസിലിരിക്കാൻ മൊബൈൽ ഫോണില്ലെന്ന് മന്ത്രി വി. ശിവൻകുട്ടിയോട് ഫോണിൽ സങ്കടം പറഞ്ഞ ചെല്ലാനത്തെ എട്ടാം ക്ളാസുകാരന് കയ്യോടെ പുത്തൻ മൊബൈൽ. മന്ത്രിയുടെ നിർദ്ദേശപ്രകാരം എം.എൽ.എ നേരിട്ടു വീട്ടിലെത്തി ഫോൺ സമ്മാനിച്ചപ്പോൾ സന്തോഷംകൊണ്ട് ജോസഫ് ഡോണിന്റെ കണ്ണു നിറഞ്ഞു: ഇത്രേം പെട്ടെന്ന് കിട്ടുമെന്ന് വിചാരിച്ചില്ല!

ചെല്ലാനത്ത് അറയ്ക്കൽ വീട്ടിൽ മത്സ്യത്തൊഴിലാളിയായ ജോസഫിന്റെ മകനാണ് ഡോൺ. വീട് കടൽത്തീരത്ത്. ഒരാഴ്ച മുമ്പ് കടൽക്ഷോഭത്തിൽ തീരം മുങ്ങിയപ്പോൾ ഡോണിന്റെ വീട്ടിലും വെള്ളം കയറി. ഒരുപാട് സാധനങ്ങൾ വെള്ളമെടുത്ത കൂട്ടത്തിൽ മൊബൈലുമുണ്ടായിരുന്നു. ചൊവ്വാഴ്ച ഓൺലൈൻ ക്ളാസ് തുടങ്ങാനിരിക്കുകയാണ്. മൊബൈൽ പോയതോടെ ഡോൺ വിഷമത്തിലായി. പെട്ടെന്ന് പുതിയ മൊബൈൽ വാങ്ങാവുന്ന അവസ്ഥയിലായിരുന്നില്ല കൊവിഡിൽ വരുമാനം നിലച്ച അച്ഛൻ ജോസഫ്.

ശനിയാഴ്ച ടിവി ചാനലിൽ 'മന്ത്രിയോട് സംസാരിക്കാം' എന്ന പരിപാടി കണ്ടപ്പോഴാണ്, മൊബൈലിന്റെ കാര്യം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോട് നേരിട്ടു പറഞ്ഞാലോ എന്ന് ഡോണിനു തോന്നിയത്. നടക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ധൈര്യമായി വിളിച്ചു. പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പും പറഞ്ഞു. പക്ഷേ, അതിന് ഇത്രയും സ്പീഡ് ഉണ്ടായിരിക്കുമെന്ന് ഡോൺ വിചാരിച്ചില്ല. ടിവി പരിപാടി കഴിഞ്ഞയുടൻ മന്ത്രി ശിവൻകുട്ടി കൊച്ചി എം.എൽ.എ കെ.ജെ. മാക്സിയെ വിളിച്ച് നിർദ്ദേശം നൽകുകയായിരുന്നു. ഒരു കാര്യം പ്രത്യേകം പറ‌ഞ്ഞു: നേരിട്ടു പോയി കൊടുക്കണം! ഇന്നലെ രാവിലെ ഡോൺ കണ്ണു തുറന്നപ്പോൾ മൊബൈലുമായി എം.എൽ.എ വീട്ടുമുറ്റത്ത്. വീട്ടുകാർക്കും സർപ്രൈസ്.

തേവര ഫിഷറീസ് സ്ക്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ് ജോസഫ് ഡോൺ. ഡോണിന്റെ മാത്രമല്ല, കടലേറ്റത്തിൽ വെള്ളം കയറിയ അയൽവക്കത്തെ പല വീടുകളിലും മൊബൈലും കംപ്യൂട്ടറും ഉൾപ്പെടെ കുട്ടികളുടെ പഠന സഹായികൾ നഷ്ടമായി. ചില വീടുകളിൽ സന്നദ്ധ സംഘടനകൾ പഠനസഹായികൾ എത്തിച്ചെങ്കിലും കിട്ടാത്തവർ ഒട്ടേറെ. പുതിയ അദ്ധ്യയനവർഷം ആരംഭിക്കുമ്പോൾ എങ്ങനെ ഓൺലൈൻ ക്ളാസിൽ പങ്കെടുക്കുമെന്ന് അവർക്കറിയില്ല. മന്ത്രിയുടെ നിർദ്ദേശപ്രകാരം ജോസഫ് ഡോണിന് ഫോണുമായി എം.എൽ.എയ്ക്കൊപ്പം പി.എ. പീറ്റർ, പി.ആർ.ഷാജികുമാർ, എസ്‌പമ്മ സെബാസ്റ്റ്യൻ എന്നിവരുമുമുണ്ടായിരുന്നു.

ഗോപികയ്ക്കും മന്ത്രിയുടെ സമ്മാനം

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലെന്ന്, ചാനലിലെ 'മന്ത്രിയോട് സംസാരിക്കാം' ലൈവ് പരിപാടിക്കിടെ വിഷമമറിയിച്ച തെന്മലയിലെ ഗോപികയ്ക്കും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ആശ്വാസം. ഗോപികയ്ക്ക് ഫോൺ എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ, ചാനൽ പരിപാടിക്കിടെ തന്നെ പുനലൂർ എം.എൽ.എ പി.എസ്. സുപാലിനെ വിളിച്ച് മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. വിവരം ഗോപികയെ അറിയിച്ച മന്ത്രി, എം.എൽ.എയുടെ ഫോൺ നമ്പറും നൽകി. ഗോപിക ഹാപ്പി.

TAGS: MOBILE GIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY