SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.08 PM IST

കത്ത് വിവാദം തണുപ്പിക്കാൻ ചെന്നിത്തല ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചു; സുധാകരന്‍റെ വരവ് തടയാൻ ഗ്രൂപ്പുകൾ, കെ പി സി സി അദ്ധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും

Increase Font Size Decrease Font Size Print Page

k-sudhakaran

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടായേക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രഖ്യാപനം നീളില്ലെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ സൂചന നൽകി. എന്നാൽ ആരാകണം പുതിയ അദ്ധ്യക്ഷൻ എന്നതിനെ കുറിച്ച് ഹൈക്കമാൻഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകൾ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

കെ സുധാകരന്‍റെ പേരിനു മുൻ‌തൂക്കം ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്ന് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷിന്‍റെ പേരും സജീവമായി ഹൈക്കമാൻഡിന്‍റെ പരിഗണനയിലുണ്ട്.

ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് എ,ഐ ഗ്രൂപ്പ് നേതാക്കളുടെ ആക്ഷേപം. നേതാക്കൾ ഗ്രൂപ്പുകളെപ്പറ്റി ഇല്ലാത്ത കാര്യങ്ങളറിയിച്ച് ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇവർ പരാതിപ്പെടുന്നു. കെ പി സി സി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നത് കോൺഗ്രസിൽ പുതിയ ചേരിതിരിവിന് വഴിതെളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സുധാകരന് പകരം മറ്റൊരാൾ അദ്ധ്യക്ഷനായാൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറികളുണ്ടാകും.

അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് വി.ഡി സതീശനും കെ.സി വേണുഗോപാലും കെ.സുധാകരനും ദിവസങ്ങളോളം ചർച്ച നടത്തുകയാണെന്നാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. ഇവരുടെ സർമ്മർദ്ദം കാരണമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സതീശൻ വന്നത്. കെ.പി.സി.സി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിലും ഗ്രൂപ്പുകൾക്ക് അതീതമായി നിലപാടെടുക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിക്കുന്നത് ഇവരുടെ തന്ത്രങ്ങളാണെന്നാണ് ആക്ഷേപം.ഗ്രൂപ്പിനൊപ്പം നിന്ന ചിലരും ഇവരുടെ കെണിയില്‍ വീണെന്ന് നേതാക്കൾ പറയുന്നു.

അതേസമയം, രമേശ് ചെന്നിത്തല സോണിയഗാന്ധിക്കയച്ച കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടർന്ന് ഇരു ഗ്രൂപ്പുകൾക്കുമിടയിൽ ഉണ്ടായ അസ്വാരസ്യങ്ങൾ പറഞ്ഞുതീർത്തതായാണ് വിവരം. രമേശ് തന്നെ ഉമ്മന്‍ചാണ്ടിയോട് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചെന്ന് ഒരു ഐ ഗ്രൂപ്പ് നേതാവ് വ്യക്തമാക്കി. കത്ത് വിവാദമാക്കാനില്ലെന്ന് കെ സി ജോസഫ് പറഞ്ഞത് ഇതേ തുടർന്നാണെന്നാണ് അദ്ദേഹം പറയുന്നത്.

TAGS: KPCC PRESIDENT, SUDHAKARAN, HIGHCOMMAND, RAMESHCHENNITHALA, OOMMENCHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY