തിരുവനന്തപുരം: മരംമുറി അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെ മാറ്റിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന താക്കീതുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. തെറ്റായ കാര്യങ്ങളോ ഉദ്യോഗസ്ഥരുടെ തന്നിഷ്‌ടമോ അനുവദിക്കില്ല. അന്വേഷണ സംഘത്തിലെ മാറ്റം അറിഞ്ഞപ്പോള്‍ തന്നെ താൻ തിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വനംവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം നല്ലവരെന്ന് പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മരംമുറി ഉത്തരവിലെ പാകപ്പിഴ കളക്‌ടർമാർ ഉൾപ്പടെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 24നു ശേഷം പട്ടയഭൂമികളില്‍ പലതും നടന്നതായി കളക്‌ടര്‍മാര്‍ അറിയിച്ചു. ഉത്തരവിന്‍റെ അന്തസത്ത പാലിച്ചായിരുന്നില്ല നടപടികൾ. പല ഉദ്യോഗസ്ഥരും അവരവരുടെ സൗകര്യത്തിനനുസരിച്ച് ഉത്തരവ് വ്യാഖ്യാനിച്ചു. സര്‍ക്കാരോ ഉദ്യോഗസ്ഥരോ ഇത്തരം രീതിയില്‍ മരംവെട്ടുമെന്ന് അറിഞ്ഞിട്ടുണ്ടാവില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
സര്‍ക്കാരിന്‍റെ ആദ്യകാലത്ത് തന്നെ സര്‍ക്കാരിന് വനംകൊളളയുമായി ബന്ധമുണ്ടെന്ന് വരുത്തിതീര്‍ക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വനഭൂമിയില്‍ നിന്ന് ഒരടിനീളമുളള വൃക്ഷം പോലും നഷ്‌ടപ്പെട്ടിട്ടില്ല. റവന്യൂഭൂമിയില്‍ നിന്നാണ് മരംമുറി നടന്നിരിക്കുന്നതെന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ തെറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കൊളളയ്ക്ക് കൂട്ടുനിന്നവരെ ശിക്ഷിക്കാനുളള നടപടികള്‍ കര്‍ശനമായും സ്വീകരിക്കും. സത്യസന്ധത ബോധ്യപ്പെട്ടിട്ടും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഇപ്പോള്‍ ഒരു അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ അന്വേഷണത്തിന്‍റെ നിഗമനങ്ങള്‍ തൃപ്‌തികരമല്ലെങ്കില്‍ മറ്റൊരു അന്വേഷണത്തിലേക്ക് പോകുന്നത് ആലോചിക്കും. സാമ്പത്തികവശങ്ങളടക്കം അന്വേഷിക്കും. അന്വേഷണം കാലതാമസമെടുക്കുമെങ്കില്‍ വേഗത്തിലാക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |