ചേർപ്പ്: തനിച്ച് പോകുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നു കളയുന്ന യുവാവിനെയും യുവതിയെയും ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മാറ്റാംപുറം കുറിച്ചിക്കര മുളയക്കൽ വീട്ടിൽ നിജിൽ (28), അരിമ്പൂർ പരക്കാട് മുറ്റിശ്ശേരി വീട്ടിൽ ജ്യോതിഷ (32) എന്നിവരെയാണ് ചേർപ്പ് സി.ഐ ടി.വി ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി, മെഡിക്കൽ കോളേജ്, വിയ്യൂർ, മണ്ണുത്തി, പീച്ചി, ഒല്ലൂർ എന്നീ സ്റ്റേഷനുകളിലും ഇവർക്കെതിരെ മാല മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് കണ്ണമ്പ്രയിൽ ഇരുവരും ചേർന്ന് ഒരു വീട്ടിൽ കുടിക്കാൻ വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു പോകുന്നതിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇരുവരും തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. പീച്ചിയിൽ നിന്ന് ഇരുവരും ചേർന്ന് മാല പൊട്ടിച്ചു കടന്നു കളയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നുവെങ്കില്ലും വാഹനത്തിന്റെ നമ്പർ വ്യക്തമായിരുന്നില്ല. തുടർന്ന് തൃശൂർ സിറ്റി ഷാഡോ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.
ദിവസങ്ങൾക്കു മുമ്പ് ചേർപ്പ് അമ്മാടത്ത് വെച്ച് വയോധികയുടെ മാല പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതിനടയിൽ ബഹളം കേട്ട് നാട്ടുകാർ എത്തിയതിനാൽ അവിടെനിന്നും രക്ഷപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സി.ആർ രാജേഷിന്റെ നിർദ്ദേശപ്രകാരം ചേർപ്പ് പൊലീസ് പിടികൂടിയത്. എസ്.ഐമാരായ മഹേഷ് കുമാർ , ദിലീപ് കുമാർ, സീനിയർ സി.പി.ഒമാരായ സരസപ്പൻ, ആരിഫ്, സി.പി.ഒമാരായ ഗീരീഷ്, ബിനുരാജ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. പൊട്ടിച്ചെടുത്ത മാലകൾ ചേർപ്പിലും പരിസര ഭാഗങ്ങളിലും നിന്നുള്ള ജ്വല്ലറികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |