പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് സനിൽ പി. തോമസ് എഴുതുന്നു
ചണ്ഡീഗഡിൽ മിൽഖയുടെ വീട്ടിൽ ഒരിക്കലേ പോയിട്ടുള്ളൂ.1996 ൽ. സ്വീകരിച്ചിരുത്തിയ ശേഷം മിൽഖാ അകത്തേക്കു നോക്കി ഉച്ചത്തിൽ വിളിച്ചു. " മാഡം. കേരളത്തിൽ നിന്നൊരു ഗസ്റ്റ്. " ഇന്ത്യൻ വോളിബാൾ ടീം നായികയായിരുന്ന നിർമൽ കൗർ സെയ്നി ഇറങ്ങി വന്നു. മിൽഖ പറഞ്ഞു., "വൈകുന്നേരം ഞാൻ ക്ലബിൽ കൊണ്ടു പോകും. ഇപ്പോൾ മാഡമാണ് ആതിഥേയ ". ആതിഥേയ വിടവാങ്ങി ഏതാനും ദിവസത്തിനകം; ഇപ്പോൾ മിൽഖാ സിംഗും യാത്രയായി.
മിൽഖാ ഹൗസ് എന്ന അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വീടിന്റെ പണി തുടങ്ങിയ സമയമായിരുന്നത്.വീട് പണി കാണാൻ പോയപ്പോൾ മിൽഖയുടെ മകൻ ലോക പ്രശസ്ത ഗോൾഫ് താരം ജീവുംഒപ്പം ചേർന്നു.
1961 ൽ അർജുന അവാർഡ് ഏർപ്പെടുത്തിയപ്പോൾ ഗുർബച്ചൻ സിംഗ്രൺധാവയെ പരിഗണിച്ച സർക്കാർ മിൽഖയെ തഴഞ്ഞു. അതിന്റെ ദേഷ്യം മിൽഖയ്ക്ക് എപ്പോഴുമുണ്ടായിരുന്നു. പക്ഷേ, മിൽഖ രൺധാവയെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. അർജുന അവാർഡ് എന്താണെന്നു തന്നെ രൺധാവ അറിഞ്ഞത് തന്റെ പേര് പത്രങ്ങളിൽ വന്നപ്പോഴാണെന്ന് മിൽഖ പറഞ്ഞു.
1960 ലെ റോം ഒളിംപിക്സിൽ 200 മീറ്ററിൽ തനിക്കു മെഡൽ സാധ്യതയുണ്ടായിരുന്നിട്ടും പേശി വലിയുമെന്നു പറഞ്ഞ് അവസരം നിഷേധിച്ച കോച്ച് മിർചന്ദ് ധവാനെതിരെയും ശബ്ദമുയർത്തിയിരുന്നു. സംസാരിച്ചത്. 400 മീറ്ററിലെ മെഡൽ നഷ്ടത്തോടൊപ്പം 200 മീറ്ററിൽ അവസരം നിഷേധിക്കപ്പെട്ടതും മിൽഖായെ ഏറെ വേദനിപ്പിച്ചിരുന്നു.
നൂറ്റാണ്ടിലെ ഒരു ലാപ് ഓട്ടം എന്നാണ് റോം ഒളിമ്പിക്സിലെ 400 മീറ്റർ ഫൈനൽ വിശേഷിപ്പിക്കപ്പെട്ടത്. മിൽഖാ സ്വർണം നേടുമെന്നു പ്രവചിച്ച വിദേശ മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നു. ഫൈനലിൽ അമേരിക്കയുടെ ഓട്ടിസ് ഡേവിസ് ശരവേഗത്തിൽ കുതിച്ചു. ഒട്ടും പിന്നിലല്ലാതെ പറക്കും സിഖ്. പകുതി ദൂരത്തിൽ ദക്ഷിണാഫ്രിക്കയുടെ മാൽക്കം സ്പെൻസ് മിൽഖയ്ക്കൊപ്പം എത്തുന്നു.തൊട്ടു പിന്നിൽ യൂറോപ്യൻ ചാമ്പ്യൻ കാൾ കോഫ്‌മാൻ. 350 മീറ്ററിൽ മിൽഖ ഡേവിസിനെക്കാൾ ഒരു മീറ്റർ മാത്രം പിന്നിൽ. അവസാന കുതിപ്പ്. ഡേവിസ് തലയുയർത്തിത്തന്നെ ടേപ് സ്പർശിച്ചു.കോഫ്‌മാൻ ടേപ്പിലേക്ക് ഡൈവ് ചെയ്തു. മിൽഖാ സ്പെൻസിനെ പിന്തളളിയതുപോലെ ഫിനിഷ് ലൈൻ കടന്നു.കിൻഡറും യങ്ങും പിൻതള്ളപ്പെട്ടു. ഫോട്ടോ ഫിനിഷ് ഫലത്തിനായി കാത്തിരിപ്പ്. ഫോട്ടോ ഫിനിഷിൽ ഡേവിസിനു സ്വർണം.കോഫ് മാനു വെള്ളി. ലോക റെക്കോർഡ് 44.9 സെക്കൻഡ് ആയിരിക്കെ ഇരുവരും 45 സെക്കൻഡിനു ഫിനിഷ് ചെയ്തിതിരുന്നു. പിന്നെ, സ്പെൻസിനു വെങ്കലം (45.5). മിൽഖാ നാലാമത് ( 45.6). ഇന്ത്യയുടെ ഒളിംപിക് മെഡൽ സ്വപ്നം തെന്നി മാറി. ഇതേ മാൽക്കം സ്പെൻസിനെ തോൽപിച്ചാണ് മിൽഖാ നേരത്തെ കാർഡിഫ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയത് . ഫൈനലിൽ മത്സരിച്ച ആറു പേരിൽ ആദ്യ നാലു സ്ഥാനക്കാരും ഒളിംപിക് റെക്കോർഡ് (45.9)മറികടന്നു എന്നത് മത്സരത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |