SignIn
Kerala Kaumudi Online
Tuesday, 08 July 2025 8.34 AM IST

മറുത്ത് പറയാൻ നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരൻ വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു; അദ്ദേഹത്തിന്റെ പേര് കേട്ടാൽ ഇന്നും പിണറായി വിജയന് വിറളി പിടിക്കുമെന്ന് കെ സുധാകരൻ

Increase Font Size Decrease Font Size Print Page
sudhakaran-pinarayi-vijay

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് കെ സുധാകരൻ.

എന്ന് മുതൽ അവർ ചീഞ്ഞളിഞ്ഞ വ്യക്തി ആരാധന മാറ്റിവച്ച് രാഷ്ട്രീയ സംവാദത്തിന് തയ്യാറാകുന്നൊ അന്ന് താനും പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കാമെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്. ടി പി ചന്ദ്രശേഖരനെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഞാൻ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.

അതെ വ്യക്തിപരമായ വിമർശനം തന്നെയാണ്‌.

ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും, സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. മറ്റേതെങ്കിലും രാഷ്ട്രീയ ആരോപണങ്ങളോട് പിണറായി വിജയൻ ഇത്രയും വിശദമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടോ? സ്വന്തം ഓഫീസിലെ ക്രമക്കേടുകളെ പറ്റി ചോദിച്ചാൽ പോലും എനക്കറിയില്ല എന്നല്ലേ പറഞ്ഞിരുന്നത്. അങ്ങനെ നോക്കുമ്പോൾ

വർഷങ്ങൾക്ക് മുമ്പ് നടന്ന പ്രസ്തുത വിഷയത്തിൽ, അതും ഞാൻ വ്യക്തിപരമായി പറഞ്ഞത് എന്റെ അനുവാദമില്ലാതെ സെൻസേഷന് വേണ്ടി അച്ചടിച്ചു വന്ന ഒരു വിഷയത്തിൽ അദ്ദേഹം ഇത്രയേറെ വൈകാരികനായി പ്രതികരിച്ചത് എന്ത് കൊണ്ടാവും?

ഇന്നത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ഒരു നിലയിലും ബാധിക്കാൻ സാധ്യത ഇല്ലാത്ത ഒരു പഴയകാല സംഭവത്തിന്റെ ഓർമ്മപ്പെടുത്തൽ അദ്ദേഹത്തെ ഇത്രമേൽ ആഴത്തിൽ പ്രകോപിപ്പിച്ചത് എന്തുകൊണ്ടായിരിക്കും?

ഇപ്പോൾ വിവാദമായിരിക്കുന്ന സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ അദ്ദേഹം ഇന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.ഒരു പിആർ ഏജൻസിക്കും അധികനാൾ കളവു പറഞ്ഞ് നിൽക്കാനാകില്ല. ഇനിയും ഇതു പോലെ പലതും പുറത്ത് വരാനുണ്ട്.

ജസ്റ്റിസ് കെ.സുകുമാരൻ പിണറായി വിജയന് മാഫിയ ബന്ധം ഉണ്ടെന്ന് പറഞ്ഞപ്പോൾ പിണറായി വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞതെന്നും, ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്നും പറഞ്ഞതോടെ പിണറായി വിജയൻ ഉൾവലിഞ്ഞു. തനിക്ക് നേരെ ഉണ്ടായ ഗുരുതരമായ ഒരു ആരോപണത്തിനെതിരെ ഒരു രാഷ്ട്രീയ നേതാവ് നിയമപോരാട്ടം തുടങ്ങി വെക്കുകയും തുടർന്ന് അതിൽ നിന്നും സ്വയം പിൻവാങ്ങുകയും ചെയ്താൽ കുറ്റസമ്മതം നടത്തുന്നു എന്നല്ലേ അതിനർത്ഥം.

അതുപോലെ ഗുജറാത്ത് മോഡലിൽ മുസ്ലിം സമുദായത്തെ കൊള്ളയടിക്കാനും, കൊല്ലാനും കാരണമായ തലശ്ശേരി കലാപത്തിൽ പിണറായി വിജയന് പങ്കുണ്ടെന്ന് പറഞ്ഞ് നോട്ടീസ് ഇറക്കിയത് സിപിഐ ആണ് അത് അവർ ഇതുവരെ തിരുത്തിയിട്ടില്ല.

സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ഇയാൾ നടത്തിയ നെറികേടിന്റെ ഒരുപാട് ഇരകൾ ഇന്നും വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ ജീവിച്ചിരിപ്പുണ്ട്. ഞങ്ങളുടെ നാട്ടുഭാഷയിൽ അതിന് 'ഒറ്റപ്പൂതി' എന്ന് പറയും. അതിന്റെ ഇരകൾ നിശബ്ദരായി ആ പാർട്ടിയിൽ തന്നെയുണ്ട്.

വിഎസ് മുതൽ എംഎ ബേബി, ശൈലജ ടീച്ചർ തുടങ്ങിയ നേതാക്കളിലേക്ക് വരെ ആ പട്ടിക നീളുകയാണ്. അവർക്കൊന്നും മറുത്ത് പറയാൻ ആകില്ല. അങ്ങനെ മറുത്ത് പറയാൻ നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റ് കാരൻ വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് കേട്ടൽ ഇന്നും പിണറായി വിജയന് വിറളി പിടിക്കും-ടിപി ചന്ദ്രശേഖരൻ.

ഞാൻ പറഞ്ഞു വന്നത് ഇത്തരം സ്വഭാവ വൈകല്യങ്ങൾ ഉള്ള ഒരാൾക്ക് അധികാരം കൂടി ഉണ്ടായാൽ സർക്കാർ തന്നെ ഒരു അരാജത്വത്തിലേക്ക് കൂപ്പു കുത്തും. അതാണ് പലതരം അഴിമതികളുടെ രൂപത്തിൽ നാം കഴിഞ്ഞ അഞ്ചു വർഷമായി കാണുന്നത്. ഇതിനുള്ള ഏക പരിഹാരമായി ഞാൻ കാണുന്നത് വ്യക്തിപരമായ വിമർശനം മാത്രമാണ്.

എന്ന് മുതൽ അവർ ചീഞ്ഞളിഞ്ഞ വ്യക്തി ആരാധന മാറ്റി വെച്ച് രാഷ്ട്രീയ സംവാദത്തിന് തയ്യാറാകുന്നൊ അന്ന് ഞാനും പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കാം.

TAGS: K SUDHAKARAN, PINARAYI VIJAYAN, KK SHYLAJA, FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.