തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. സിബിഐയെടുത്ത കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് സിബി മാത്യൂസിന് മുൻകൂർ ജാമ്യമനുവദിച്ചത്.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ അപകടപ്പെടുത്തുന്നതിന് തെറ്റായ രേഖകൾ ചമച്ചെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് സിബിഐ തയ്യാറാക്കി കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നത്. ചാരക്കേസ് പ്രതിയായിരുന്ന നമ്പി നാരായണന്റെ പരാതിപ്രകാരം സുപ്രീംകോടതി നിയോഗിച്ച ജസ്‌റ്റിസ് ജയിൻ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രകാരം കോടതി സിബിഐയോട് ആവശ്യപ്പെട്ടതുകൊണ്ടാണ് മേയ് മാസത്തിൽ സിബിഐ ഗൂഢാലോചന കേസ് ഏറ്റെടുത്തത്.
സംഭവ സമയത്ത് പേട്ട സി.ഐയായിരുന്ന എസ്.വിജയൻ ഒന്നാം പ്രതിയായും,സിബി മാത്യൂസ് നാലാം പ്രതിയായും, കെ.കെ ജോഷ്വ അഞ്ചാം പ്രതിയായും ഐ.ബി ഡെപ്യൂട്ടി ഡയറക്‌ടറായിരുന്ന ആർ.ബി ശ്രീകുമാർ ഏഴാം പ്രതിയായുമാണ് കേസെടുത്തത്. അന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി.ആർ രാജീവൻ, തമ്പി എസ്.ദുർഗാദത്ത് എന്നിവരും കേസിൽ പ്രതികളാണ്.
പ്രതികൾക്കെതിരെ മർദ്ദനത്തിനും ഗൂഢാലോചനക്കും കേസെടുത്തു. പ്രതികളെല്ലാം അന്ന് ഐബിയിലെയും പൊലീസിലെയും ഉദ്യോഗസ്ഥരായിരുന്നു. ചാരക്കേസിൽ പ്രതിയായിരുന്ന നമ്പി നാരായണൻ നിരപരാധിയാണെന്ന് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |