തിരുവനന്തപുരം:ചാൻസലറായ ഗവർണർക്ക് മാത്രം അധികാരമുള്ള ഓർഡിനൻസ് (സ്പെഷ്യൽ റൂൾ) ഭേദഗതി സ്വന്തം ഇഷ്ടപ്രകാരം നടത്തി, മലയാളം മഹാനിഘണ്ടു എഡിറ്ററായി "വേണ്ടപ്പെട്ട" സംസ്കൃത അദ്ധ്യാപികയെ നിയമിച്ച കേരള സർവകലാശാല കുരുക്കിൽ. പ്രതിമാസം രണ്ടു ലക്ഷം ശമ്പളത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യയെ എഡിറ്ററാക്കിയത്. പണ്ഡിതരായ മലയാളം പ്രൊഫസർമാരെയാണ് സാധാരണ എഡിറ്റർമാരാക്കാറുള്ളത്.
ആരോരുമറിയാതെ ഓർഡിനൻസ് തിരുത്തി, നിയമിക്കാനുദ്ദേശിച്ചയാളുടെ യോഗ്യത കൂട്ടിച്ചേർത്ത് രഹസ്യമായി വിജ്ഞാപനമിറക്കിയ സർവകലാശാല, ഇൻ-ചാർജ്ജായിരുന്ന പ്രൊഫസറെപ്പോലും നിയമനക്കാര്യം അറിയിച്ചില്ല. അവർ ഓഫീസിലെത്തിയപ്പോൾ തന്റെ കസേരയിൽ പുതിയ എഡിറ്റർ. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ ആർ. മോഹനന്റെ ഭാര്യ ഡോ.പൂർണിമ മോഹനെയാണ് നിയമിച്ചത്.
അട്ടിമറികൾ ഇങ്ങനെ:
യോഗ്യത
മലയാളത്തിൽ ഒന്നാം ക്ലാസോടെയോ രണ്ടാം ക്ലാസോടെയോ ബിരുദാനന്തരബിരുദവും ഗവേഷണബിരുദവും ലെക്സിക്കൺ ജോലിയിലും ഗവേഷണ മേൽനോട്ടത്തിലും 15വർഷത്തെ പരിചയവുമാണ് യോഗ്യത. ഓർഡിനൻസ് തിരുത്തിയ സർവകലാശാല, ഇത് മലയാളത്തിലോ സംസ്കൃതത്തിലോ ഗവേഷണബിരുദം എന്നാക്കി മാറ്റി. പൂർണിമയ്ക്ക് മലയാളത്തിൽ പി.ജി ഇല്ലാത്തതിനാൽ മലയാളത്തിൽ ബിരുദാനന്തരബിരുദ യോഗ്യത ഒഴിവാക്കി.
ഓർഡിനൻസ്
സർവകലാശാലയുടെ സ്പെഷ്യൽ റൂളിൽ. സിൻഡിക്കേറ്റ്, സെനറ്റ് ശുപാർശ സ്വീകരിച്ചും സർക്കാരിന്റെ അഭിപ്രായമറിഞ്ഞും ഗവർണറാണ് ഭേദഗതി വരുത്തേണ്ടത്.
അധികയോഗ്യത
മലയാളത്തിനു പുറമെ സംസ്കൃതം പിഎച്ച്.ഡി എന്ന അധികയോഗ്യത ഉൾപ്പെടുത്തിയെന്നാണ് സർവകലാശാലയുടെ വാദം. എന്നാൽ, മലയാളത്തിലെ സമാന പദങ്ങളേറെയുള്ള തമിഴ് അധിക യോഗ്യതയാക്കിയില്ല.
രഹസ്യവിജ്ഞാപനം
ഓർഡിനൻസ് ഭേദഗതി ചെയ്ത ശേഷം നിയമനത്തിന് ഇറക്കിയ വിജ്ഞാപനം പത്രങ്ങളിലോ സർവകലാശാലാ വകുപ്പുകളിലോ പ്രസിദ്ധീകരിച്ചില്ല. വെബ്സൈറ്റിൽ മാത്രം ലിങ്ക് നൽകി. പൂർണിമ മാത്രമാണ് അപേക്ഷിച്ചത്. മൂന്നു വർഷം സർവീസ് ബാക്കിയുണ്ടാവണമെന്ന വ്യവസ്ഥ . കേരളയിലെ പ്രൊഫസർമാരെ ഒഴിവാക്കാനായിരുന്നു ഇത്. പൂർണിമയ്ക്ക് നാലു വർഷം സർവീസ് ബാക്കിയുണ്ട്.
ഓർഡിനൻസ് ഭേദഗതിക്ക് ഗവർണർക്കേ അധികാരമുള്ളൂ. ഡെപ്യൂട്ടേഷൻ നിയമനമായതിനാൽ കുഴപ്പമില്ല. പൂർണിമയ്ക്ക് പല ഭാഷകൾ അറിയാം. അധിക യോഗ്യത ഉൾപ്പെടുത്തുകയാണ് ചെയ്തത്."
-ഡോ.പി.പി.അജയകുമാർ
പ്രോ വൈസ് ചാൻസലർ
മഹാനിഘണ്ടു
മലയാള പദങ്ങളുടെ രൂപം, അർത്ഥം, രൂപാന്തരം, ഉത്പ്പത്തി, ശൈലികൾ, പഴഞ്ചൊല്ലുകൾ, ഗോത്രഭാഷയിലെ സമാനരൂപം, രൂപ-ലിപി ഭേദങ്ങൾ, അർത്ഥ- വ്യാകരണ വിവരണം എന്നിവ കണ്ടെത്താനുള്ള ബൃഹദ്പദ്ധതി. പ്രൊഫ.ശൂരനാട് കുഞ്ഞൻപിള്ളയായിരുന്നു ആദ്യ എഡിറ്റർ. 1953ജൂലായ് ഒന്നിന് ആരംഭിച്ച മഹാനിഘണ്ടുവിന്റെ ഒമ്പത് വാല്യങ്ങളേ പ്രസിദ്ധീകരിക്കാനായുള്ളൂ. ഒരു വാല്യത്തിൽ ഒരു കോടിയിലേറെ പദങ്ങളുണ്ടാവും.
5 കോടി
മഹാനിഘണ്ടുവിനായി അഞ്ചു കോടിയിലേറെ ചെലവിട്ടു. 25 വർഷം കൊണ്ട് പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. 68വർഷമായിട്ടും 'പ' അക്ഷരം വരെയേ ഉൾപ്പെടുത്താനായുള്ളൂ.
ഡോ.പൂർണിമയ്ക്കെതിരെ പ്രതിഷേധം, ഘെരാവോ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ മലയാളം മഹാനിഘണ്ടു (ലെക്സിക്കൺ) എഡിറ്ററായി ചുമതലയേറ്റ ഡോ. പൂർണിമാ മോഹനെതിരെ കെ.എസ്.യുവിന്റെ പ്രതിഷേധം. ചുമതലയേൽക്കാൻ സർവകലാശാലയിലെത്തിയപ്പോൾ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തടഞ്ഞു. മലയാളം അറിയാത്ത മലയാളം ലെക്സിക്കൺ എഡിറ്റർ സ്ഥാനമൊഴിയണമെന്നായിരുന്നു ആവശ്യം. തങ്ങൾ ആവശ്യപ്പെടുന്ന ഏതാനും മലയാളം വാക്കുകൾ എഴുതിത്തന്നാൽ മാപ്പുപറഞ്ഞ് പിൻവാങ്ങാമെന്നും വിദ്യാർത്ഥികൾ അറിയിച്ചു. തുടർന്ന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃതം അദ്ധ്യാപികയായ ഡോ.പൂർണിമ മോഹന്റെ നിയമനം ലക്ഷ്യംവച്ചാണ് യോഗ്യതകളിൽ മാറ്റംവരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നുകാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയിരുന്നു. ഡോ.പൂർണിമയെ മഹാനിഘണ്ടു മേധാവി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മുഖ്യമന്ത്റിയോടും ആവശ്യപ്പെട്ടു.
മറുപടി പറയേണ്ടത് സർവകലാശാല:ഡോ.പൂർണിമ
ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് സർവകലാശാലയാണെന്ന് ഡോ.പൂർണിമ പറഞ്ഞു. സർവകലാശാലാ വിജ്ഞാപനം കണ്ടാണ് അപേക്ഷിച്ചത്. മാനദണ്ഡങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ല. സ്ത്രീ ആയതുകൊണ്ടാണ് എന്നെ ആക്രമിക്കുന്നത്. മലയാളം പ്രൊഫസർമാരടങ്ങിയ ഇന്റർവ്യൂ ബോർഡാണ് തിരഞ്ഞെടുത്തത്. എനിക്ക് മലയാളം അറിയാമോ എന്ന് പിള്ളേരെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. 25 വർഷം കേരളത്തിൽ മലയാളത്തിലാണ് പഠിപ്പിച്ചത്. മലയാളത്തിലേക്ക് പുസ്തകം തർജ്ജമ ചെയ്തിട്ടുണ്ട്. ഒച്ചവയ്ക്കുകയാണെങ്കിൽ രാത്രിവരെ ഇരുന്ന് ഒച്ചവച്ചോട്ടെ. ഞാനിവിടെയുണ്ട്.
വിമർശനങ്ങൾ അടിസ്ഥാനരഹിതം: കേരള സർവകലാശാല
തിരുവനന്തപുരം: മഹാനിഘണ്ടു എഡിറ്റർ നിയമനം ഡെപ്യൂട്ടേഷൻ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണെന്നും വകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിനാണ് നിയമനം നടത്തിയതെന്നും കേരള സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. യോഗ്യതയുള്ള ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്. വിഷയവിദഗ്ദ്ധരടങ്ങുന്ന സെലക്ഷൻ കമ്മിറ്റി ഇന്റർവ്യൂ നടത്തി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്കൃത സർവകലാശാലയിലെ പ്രൊഫസറെ നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |