SignIn
Kerala Kaumudi Online
Friday, 11 July 2025 10.51 PM IST

കൊങ്കുനാട് എന്ന ഗൗണ്ടർ നാട്

Increase Font Size Decrease Font Size Print Page

tamilnadu

തമിഴ്നാട്ടിൽ നിന്നും കൊങ്കുനാടിനെ അടർത്തിമാറ്റി പുതിയൊരു സംസ്ഥാനം രൂപീകരിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിട്ടെന്ന വാർത്ത തമിഴ്നാട്ടിൽ ഏതാനും ദിവസത്തെ ചൂടുപിടിച്ച ചർച്ചയ്ക്കപ്പുറം പ്രത്യക്ഷമായി വളർന്നില്ലെങ്കിലും ഭാവിയിൽ വലിയ ചർച്ചയും ഒച്ചപ്പാടും ഉണ്ടാക്കുമെന്നുറപ്പാണ്.

കോയമ്പത്തൂരിലെ ബി.ജെ.പി നേതാക്കളുടെ ആവശ്യമായി ഉയരുകയും പിന്നീട് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന നിലയിൽ തമിഴ്നാട്ടിലെ ദിനമലർ പത്രം പ്രധാന വാർത്തയാക്കുകയും ചെയ്തതോടെയാണ് കൊങ്കുനാട് വിഷയം തമിഴ്നാട്ടിലാകെ പടരുന്നത്.

ഭരണപ്രതിപക്ഷ നേതാക്കൾ ഇത്തരമൊരു നീക്കത്തെ എതിർത്ത് പ്രസ്താവനകളിറക്കി. ഒടുവിൽ കൊങ്കുനാട് രൂപീകരണ നീക്കം പാർട്ടിയുടെ അജണ്ടയിൽ അല്ലെന്ന് തമിഴ്നാട് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ തന്നെ വാർത്താസമ്മേളനം നടത്തി പറയുകയും ചെയ്തപ്പോഴാണ് താത്‌കാലിക വിരമമായത്. പക്ഷെ, തമിഴ്നാട്ടിൽ വിഭജനം എപ്പോൾ വേണമെങ്കിലും ഉയർന്നു വന്നേക്കാവുന്ന വിഷയമായി അവശേഷിക്കുകയാണ് ഇപ്പോഴും. പ്രത്യേകിച്ച് വടക്കൻ തമിഴ്നാട് വേണമെന്ന ആവശ്യം പി.എം.കെ നേരത്തെ ഉന്നയിച്ചിട്ടുള്ള സാഹചര്യത്തിൽ.

തമിഴ്‌വികാരം ആളിക്കത്തിച്ച് അതുവരെ ഭരണം കൈയാളിയിരുന്ന ദേശീയപാർട്ടിയായ കോൺഗ്രസിനെ തകർത്തെറിഞ്ഞ് അധികാരത്തിലെത്തിയ ഡി.എം.കെയാണ് ഇപ്പോൾ ഭരിക്കുന്നത്. പ്രധാന പ്രതിപക്ഷപാർട്ടിയായ അണ്ണാ ഡി.എം.കെയാകട്ടെ ഡി.എം.കെയിൽ നിന്നും പിരിഞ്ഞുണ്ടായതും. രണ്ടിന്റെയും അടിസ്ഥാനം തമിഴ് ദേശീയത എന്നിരിക്കെ മറ്റൊരു കാര്യം ഉന്നയിക്കാൻ പറ്റില്ല. ബി.ജെ.പിയുടെ അജണ്ട മാത്രമായി കണ്ട് കൈയൊഴിയുകയായിരുന്നു ഇരുകക്ഷികളും. സമുദായത്തിന്റെ പിന്തുണയോടെയാണ് അണ്ണാ ഡി.എം.കെയിലെ മിക്ക നേതാക്കളും നിലനില്‌ക്കുന്നത്. ഡി.എം.കെയ്ക്ക് മുതലിയാർ, വണ്ണിയർ സമുദായങ്ങളുടെ ഇടയിൽ സ്വാധീനമുണ്ടെങ്കിലും അതിനപ്പുറം വേരോട്ടമുണ്ട്. ഭരിക്കുമ്പോൾ ജാതിചർച്ചയ്ക്കു കൂടി ഇടയാക്കുന്ന വിഭജനകാര്യം അധികം അലക്കാതിരിക്കുന്നതാണ് ബുദ്ധിയെന്ന് എം.കെ.സ്റ്റാലിന് നന്നായിട്ടറിയാം. മറിച്ച് പ്രതിപക്ഷത്തായിരുന്നെങ്കിൽ വിഷയം കത്തിച്ചേനെ.

മുമ്പ് നിലവിലുണ്ടായിരുന്ന ചെറുനാട്ടുരാജ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലെ നാട് വിഭജനം

അത് നമ്മുടെ നാട്ടിലെ തിരുവിതാംകൂർ (വേണാട്), കൊച്ചി, മലബാ‌ർ എന്നതു പോലെയെന്ന് പ്രത്യക്ഷത്തിൽ പറയാമെങ്കിലും അതിനപ്പുറത്ത് ജാതിരാഷ്ട്രീയം കൂടി കലർന്നതാണ്.

തമിഴ് സാഹിത്യകൃതികളിൽ പരാമർശിച്ചിട്ടുള്ള നാട്ടുരാജ്യങ്ങളായ പാണ്ഡ്യനാട്,​ ചോളനാട്,​ കൊങ്കുനാട്,​ തൊണ്ടൈനാട്, നടുനാട് എന്നിവ ചേർന്നതാണ് തമിഴ്നാട്. രാജാക്കന്മാരുടെ പടയോട്ടവും പിടിച്ചെടുക്കലുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും ഈ അഞ്ചുനാട്ടിലും ഉണ്ടായിട്ടുണ്ട്. നാട്ടുരാജ്യ വിസ്തൃതിയിൽ കേരളം, കർണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പ്രദേശങ്ങളും പലപ്പോഴും ഉൾപ്പെട്ടിട്ടുമുണ്ട്.

ആദ്യം ഉയർത്തിയത് പി.എം.കെ

നിലവിലുള്ള , തമിഴ്നാട്ടിലെ പ്രദേശങ്ങൾ അടിസ്ഥാനമാക്കി വിഭജനം ആവശ്യപ്പെടുന്നത് 2009ൽ പട്ടാളിമക്കൾ കക്ഷി (പി.എം.കെ)യാണ് തൊണ്ടൈനാട് എന്ന വടക്കൻ തമിഴ്നാട് ഒരു സംസ്ഥാനമാക്കി രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. നടുനാടുൾപ്പെടെ ചേർത്ത് സംസ്ഥാനമായിരുന്നു അവരുടെ ആവശ്യം. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ ഉൾപ്പെടുന്നതാണ് വടക്കൻ തമിഴ്നാട്. തൊണ്ടൈനാടിന്റെ ആസ്ഥാനം കാഞ്ചിയായിരുന്നു. വികസനകാര്യത്തിൽ വടക്കൻ ജില്ലകൾ അവഗണിക്കപ്പെടുന്നുവെന്നാണ് അതിനു കാരണമായി പി.എം.കെ നേതാവ് എസ്.രാമദാസ് ഉൾപ്പെടെയുളളവർ പറ‌ഞ്ഞിരുന്നത്. എന്നാൽ ഈ പ്രദേശങ്ങളിലെല്ലാം വണ്ണിയർ സമുദായത്തിനുള്ള ഭൂരിപക്ഷമാണ് ആ സമുദായത്തിന്റെ പാർട്ടിയായ പി.എം.കെ ഇത്തരമൊരു ആവശ്യമുന്നയിക്കാൻ കാരണം. ഇത്തവണ എൻ.ഡി.എക്കൊപ്പം മത്സരിച്ച പി.എംകെയ്ക്ക് ആഗ്രഹിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. അഞ്ച് എം.എൽ.എമാരെയാണ് ലഭിച്ചത്. ഡി.എം.കെയുടെ ശക്തികേന്ദ്രങ്ങളാണ് മിക്കവാറും മണ്ഡലങ്ങൾ.

2021ലെ തിരഞ്ഞെടുപ്പ് കാലത്തും പി.എം.കെ തമിഴ്നാട് വിഭജനം ഉയർത്തിക്കൊണ്ടു വന്നിരുന്നു. അത് വലിയ ചർച്ചയായില്ലെന്നു മാത്രം. കൊങ്കുനാട് വിഷയം വന്നതോടെ ഇനിയും ഇതേ ആവശ്യം പി.എം.കെ ശക്തമായി ഉന്നയിക്കാൻ സാദ്ധ്യതയുണ്ട്.

ഗൗണ്ടർ സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശമാണ് കൊങ്കുനാട്. തമിഴ്നാടിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഏഴ് ജില്ലകൾ പൂർണമായും രണ്ട് ജില്ലകളുടെ ചില ഭാഗവും കൂടിച്ചേരുന്ന പ്രദേശം. കേരളത്തോടും കർണാടകത്തോടും അതിർത്തി പങ്കിടുന്ന ജില്ലകളാണ് ഇതിൽ കൂടുതലും. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ എന്നീ ജില്ലകളും ദിണ്ടിഗലിലെയും ധർമപുരിയിലെയും കുറച്ച് ഭാഗവും കൊങ്കുനാടായി പരിഗണിക്കുന്നു. മറ്റെല്ലാ പ്രദേശങ്ങളിലും അണ്ണാ ഡി.എം.കെ നേതൃത്വത്തിലുള്ള എൻ.ഡി.എ തമിഴ്നാട് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും കൊങ്കുനാട്ടിൽ നേട്ടമുണ്ടാക്കിയിരുന്നു. മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി, മുൻ മന്ത്രി വേലുമണി, ബി.ജെ.പി എം.എൽ.എ വാനതി ശ്രീനിവാസൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ എന്നിവരൊക്കെ ഈ സമുദായത്തിലുള്ളതാണ്.

തമിഴ്നാട്ടിലെ ആഭ്യന്തര വരുമാനത്തിന്റെ വലിയ പങ്ക് കൊങ്കുനാട് മേഖലയിലെ ജില്ലകളിൽ നിന്നാണ്. പ്രധാനപ്പെട്ട വ്യാപാര വ്യവസായശാലകൾ ഈ ജില്ലകളിലുണ്ട്. പ്രത്യേകിച്ച് നാമക്കലിലും സേലത്തും കോയമ്പത്തൂരും തിരുപ്പൂരും. ഒപ്പം കാർഷികകേന്ദ്രം കൂടിയാണ് ഈ പ്രദേശങ്ങൾ.

കൊങ്കുനാട് രൂപം കൊണ്ടാൽ അണ്ണാ ഡി.എം.കെയ്ക്ക് നേട്ടമാക്കി മാറ്റാൻ കഴിയും. പക്ഷെ, അതിനായി തുനിഞ്ഞിറങ്ങിയാൽ തമിഴ്നാട്ടിലെ മറ്റ് പ്രദേശങ്ങളിൽ വലിയ തിരിച്ചടി നേരിടേണ്ടി വരും. ഗൗണ്ടർ സമുദായത്തിനു മുൻതൂക്കം നൽകുന്ന സംസ്ഥാനത്തിന് മുന്നിട്ടിറങ്ങി അത് നേടിയെടുത്താൽ ആ സമുദായത്തിന്റെ പ്രീതിയിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

പാണ്ഡ്യനാട് എന്ന സാംസ്കാരിക ഭൂമി

മധുര കേന്ദ്രമായ പാണ്ഡ്യനാടാണ് തമിഴ്നാടിന്റെ സാംസ്കാരിക ഭൂമി. അഞ്ച് നാടുകളിൽ ഏറ്റവും വലിയ ഭൂപ്രദേശവും പാണ്ഡ്യനാടിനാണ്. തെക്ക് നാടാർ സമുദായത്തിനും വടക്ക് തേവർ സമുദായത്തിനുമാണ് മേൽക്കൈ. അണ്ണാ ഡി.എം.കെയ്ക്കും ഡി.എം.കെയ്ക്കും തുല്യമായ ശക്തിനിലയാണുള്ളത്. തേവർ സമുദായം പൊതുവെ അണ്ണാ ഡി.എം.കെയ്ക്ക് ഒപ്പമാണെങ്കിൽ ഇത്തവണ അണ്ണാ ഡി.എം.കെയ്ക്ക് അനുകൂലമായി സമുദായ ധ്രുവീകരണം ഉണ്ടായില്ല. നേട്ടം കൊയ്തത് ഡി.എം.കെയായിരുന്നു.

തഞ്ചാവൂർ കേന്ദ്രമായുള്ള ചോളനാട് കാവേരി ഡെൽറ്റാ പ്രദേശമാണ്. കോൺഗ്രസിന് ഇപ്പോഴും വേരോട്ടമുള്ള ഇവിടെ ആരും വിഭജനത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല.

TAGS: KONKUNADU, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.