ടോക്കിയോ: ജപ്പാന്റെ സംസ്കാരവുമായി വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നതാണ് ഉദയസൂര്യൻ. ഏതൊരു സന്തോഷ അവസരത്തിലും ജപ്പാൻ ജനത ആദ്യം വീശുന്നത് ഉദയസൂര്യന്റെ ചിത്രങ്ങളാകും. എന്നാൽ ഒരാളുടെ സന്തോഷം മറ്റൊരാൾക്ക് ദുഖം നൽകുമെന്നത് പോലെ ജപ്പാന്റെ ഉദയസൂര്യൻ കൊറിയക്കാർക്ക് അത്ര നല്ല അനുഭവമല്ല നൽകുന്നത്.
ജപ്പാന് പ്രധാനമായും രണ്ട് ഉദയസൂര്യന്റെ പതാകകളാണ് ഉള്ളത്. ഒന്ന് അവരുടെ ദേശീയപതാകയും മറ്റൊന്ന് ജപ്പാൻ നാവികസേന ഉപയോഗിക്കുന്ന രശ്മികളുള്ള ഉദയസൂര്യനും. ഇതിൽ രണ്ടാമത്തെ പതാകയാണ് പ്രശ്നക്കാരൻ. രണ്ടാം ലോക മഹായുദ്ധ സമയത്ത് ജപ്പാൻ കൊറിയയിൽ നടത്തിയ അധിനിവേശ ക്രൂരതകളെ ഓർമിപ്പിക്കുന്നതാണ് കൊറിയൻ ജനതക്ക് ഉദയസൂര്യൻ. അതിനാൽ തന്നെ ഗെയിംസ് വില്ലേജിലെ ഉദയസൂര്യന്റെ പതാകകൾ ദക്ഷിണകൊറിയക്കാർ എടുത്തു മാറ്റിയിരുന്നു. ഒളിമ്പിക്സിന്റെ ആരംഭത്തിൽ തന്നെ ചെറിയൊരു വാഗ്വാദത്തിന് ഇത് വഴി തെളിച്ചെങ്കിലും കൂടുതൽ പ്രശ്നങ്ങളില്ലാതെ സംഘാടകർ വിഷയം ഒതുക്കിതീർത്തു.
സ്റ്റേഡിയത്തിലുള്ളിൽ ഉദയസൂര്യന്റെ പതാകകൾക്ക് വിലക്കില്ലാത്തതിനാൽ തന്നെ ജപ്പാന്റെ മത്സരങ്ങളിൽ ആ പതാകകൾ വീണ്ടും ഉയരുമെന്നത് ഉറപ്പാണ്. എങ്കിലും നാവികസേനയുടെ പ്രശ്നക്കാരനായ ഉദയസൂര്യനെ സ്റ്റേഡിയത്തിനുള്ളിൽ ആരും ഉയർത്താൻ സാദ്ധ്യതയില്ലാത്തതിനാൽ കൊറിയൻ താരങ്ങൾ സംയമനം പാലിച്ചേക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കൊവിഡ് കാരണം കാണികളെ സ്റ്റേഡിയത്തിൽ കയറ്റാത്തത് നന്നായി എന്നാണ് ഇപ്പോൾ സംഘാടകർ കരുതുന്നത്. കാണികളിൽ ആരെങ്കിലും വിവാദ ഉദയസൂര്യനെ ഉയർത്തിയാൽ അത് വൻ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. ഏതായാലും തത്ക്കാലത്തേക്ക് പതാകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംഘാടകർ തന്നെ ഒതുക്കിതീർത്തങ്കിലും എപ്പോൾ വേണമെങ്കിലും വീണ്ടും പൊങ്ങിവരാവുന്ന അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |