ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ച മുഖ്യഘടകം നാനാത്വത്തിന്റെ നാടായ അമേരിക്കയിൽ ശിവഗിരിമഠത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒരു ആശ്രമം യാഥാർത്ഥ്യമാകുവാൻ പോകുന്നു എന്നതാണ്. സർവനാനാത്വങ്ങളെയും ഏകതാനമാക്കിയ ഗുരുദേവദർശനത്തിന്റെ കാതലെന്നത് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന മഹാസന്ദേശം തന്നെയാണ്. ഇതിന്റെ തന്നെ മറ്റൊരു സർവ്വാത്മകവിളംബരമാണ് അരുവിപ്പുറം സന്ദേശം. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാണിത്
". ഇത് ഒരു ഋഷിയുടെ ജ്ഞാനത്തെളിമയിൽ നിന്നുമുദിച്ചുവന്ന കർമ്മകാണ്ഡത്തിന്റെ മറയില്ലാത്തൊരു അധിഷ്ഠാനശിലയാണ്. മരുത്വാമലയിലെ കഠിനമായ തപശ്ചര്യയിലൂടെ സാക്ഷാത്ക്കരിച്ച സത്യദർശനം ലോകർക്കാകെ കാലോചിതമായി അനുഭവിക്കുവാൻ തക്കവിധം പകർന്നുകൊടുക്കുക എന്നതായിരുന്നു പതിതകാരുണികനായ ഗുരുദേവന്റെ അവതാരോദ്ദേശ്യം.
ഗുരുവിന്റെ പ്രയാണം നിശബ്ദമായിരുന്നു. മൗനഘനമായിരുന്നു. അതിൽപ്പെട്ട് ബ്രാഹ്മണ്യമെന്ന വൈദിക ആധിപത്യത്തിന്റെ സർവാധാരവും പൊട്ടിവീണു. അരുവിപ്പുറം ക്ഷേത്രത്തിൽ ഒരു സാധാരണ ഭക്തനായ ഭൈരവൻശാന്തിയെ പൂജാരിയാക്കിയതും കേരളത്തിനകത്തും പുറത്തും സാത്വികദേവതകളെ പ്രതിഷ്ഠിച്ചതും ചരിത്രത്തെ തിരുത്തിക്കുറിച്ച അതിവിപ്ലവത്തിന്റെ സംരചനകളായിരുന്നു.ബ്രാഹ്മണ്യപൗരോഹിത്യത്തിന്റെ യാതൊരടയാളങ്ങളും ശേഷിക്കാത്ത ഒരു സ്വതന്ത്ര ആരാധനാക്രമത്തെയും ശൈലിയെയുമാണ് ഗുരുദേവൻ ഇതിലൂടെ പാകപ്പെടുത്തിയെടുത്തത്. അതിനായി ശിവഗിരിയിൽ വൈദികമഠം സ്ഥാപിച്ചു.
യാഥാസ്ഥിതികരുടെ വൈദിക പാരമ്പര്യത്തെ അടിമുടി പരിഷ്കരിക്കുവാനും ശ്രീനാരായണ വൈദിക പാരമ്പര്യം ഉടലെടുക്കാനും ഇതിലൂടെ സാധ്യമായി. ഇവിടെയെല്ലാം ഗുരുദേവൻ പ്രകാശിപ്പിച്ചത് മനുഷ്യന്റെ സമത്വബോധമാണ്. അതിനാണ് ഗുരു ലക്ഷ്യം വച്ച് പ്രവർത്തിച്ചത്. 1924 ൽ ഗുരു ആലുവാ അദ്വൈതാശ്രമത്തിൽ വച്ച് ലോകത്ത് രണ്ടാമത്തേതും ഏഷ്യാഭൂഖണ്ഡത്തിൽ ആദ്യത്തേതുമായി സംഘടിപ്പിച്ച സർവ്വമതസമ്മേളനം ഈ സമത്വബോധത്തിന്റെ മതാതീതമായ ആശയപ്രകാശനമായിരുന്നു.
'വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് "എന്ന മുഖ്യസന്ദേശത്തിലൂടെ മനുഷ്യനിൽ മാനവികതയുടെ കണ്ണു തുറപ്പിക്കാനാണ് ഗുരുദേവൻ അഭിലഷിച്ചത്. എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നായതുകൊണ്ട് നാം ശിവഗിരിയിൽ ഒരു മതമഹാപാഠശാല സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്നു എന്നുള്ള ഗുരുദേവന്റെ വെളിപ്പെടുത്തലിൽ മാനവികബോധത്തിന്റെയും നേരായ മതബോധത്തിന്റെയും നിറവിൽ മനുഷ്യൻ രൂപപ്പെടണമെന്ന ഒരു ലക്ഷ്യം കൂടി ഉള്ളടങ്ങിയിരുന്നതായി കാണാം. വർത്തമാനകാലഘട്ടം പരിശോധിച്ചാൽ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളധികവും മതത്തിന്റെ പേരിലാണെന്നു മനസിലാകും. അതുകൊണ്ട് മതത്തെ സ്വതന്ത്രമായി അറിയുന്നതിനുള്ള ശുദ്ധബോധത്തിന്റെ സോഫ്ട്വെയറാണ് ഗുരു അവതരിപ്പിച്ചത്.
'അഭിപ്രായോ മതം നാമ മഹതാം തത്വവേദിനാം" മതം എന്നത് തത്ത്വത്തെ അറിഞ്ഞ മഹത്തുക്കളുടെ അഭിപ്രായമാണെന്ന പ്രമാണം ആ സോഫ്ട്വെയറിനെ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രധാന എലിമെന്റാണ്.
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം.
എല്ലാവരും അവരവരുടെ ആത്മസുഖത്തിനുവേണ്ടിയാണ് സദാ പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. ഈ ആത്മസുഖമാണ് സമസ്തമനുഷ്യരുടെയും ഏകമതമായിട്ടുള്ളത്. കരിമ്പിന്റെ മധുരവും മാമ്പഴത്തിന്റെ മധുരവും തേനിന്റെ മധുരവും ആത്യന്തികമായി മധുരമായിരിക്കുന്നതുപോലെ എല്ലാ മതങ്ങളുടെയും മധുരം അഥവാ സാരം ഒന്നുതന്നെയാണ്. ഈ ഏകമതതത്ത്വം വേണ്ടുംവണ്ണം ഗ്രഹിക്കുമ്പോഴാണ് മനുഷ്യൻ ഒന്നാണെന്ന സത്യം ഉറയ്ക്കുന്നത്. അതു ഗ്രഹിക്കാത്തിടത്തോളം കാശ്മീരിലെ പുൽവാമകൾ ആവർത്തിച്ചുകൊണ്ടിരിക്കും. മതത്തിന്റെ പേരിൽ നിന്നുണ്ടാകുന്ന പോരുകൾക്കും ദുരന്തങ്ങൾക്കും അവസാനമില്ലാത്തതാണ് അതിനു കാരണം. ഒരു യഥാർത്ഥ മതവിശ്വാസിക്ക് എല്ലാവരും ആത്മസഹോദരന്മാരാണ്. തന്റെ ജീവനും അന്യശരീരത്തിലെ ജീവനും ഒരേ ഒരു പരമാത്മാവിന്റെ അംശമാണെന്ന് കാണുന്ന യഥാർത്ഥ മതബോധമാണ് നമുക്ക് ഈ കാലഘട്ടത്തിൽ ലോകത്തിന് കൊടുക്കേണ്ടത്.
ഏകലോകദർശനം കാഴ്ചവച്ച ഗുരു മഹാപരിനിർവാണം പ്രാപിക്കുന്നതിന് ആറുമാസം മുമ്പാണ് ശിവഗിരി തീർത്ഥാടനത്തിനു അനുമതിയേകിയത്. ആത്മസുഖത്തിലേക്കെത്തുവാനുള്ള എട്ടുപടികളാണ് തീർത്ഥാടന ലക്ഷ്യങ്ങളായി ഗുരുവരുളിയത്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കൈത്തൊഴിൽ, കച്ചവടം, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ എട്ടു വിഷയങ്ങളിലൂടെയെല്ലാതെ ഏതൊരു മനുഷ്യസമൂഹത്തിനും ഉന്നതിയെ പ്രാപിക്കാനാവുന്നതല്ലെന്നത് നിസ്തർക്കമാണ്. പാശ്ചാത്യ രാജ്യങ്ങളിലൂടെ യാത്രചെയ്യുമ്പോൾ അവിടെക്കാണുന്ന വികസനത്തിന്റെയും ആസൂത്രണത്തിന്റെയും ആധാരമായി അവിടുത്തെ രാഷ്ട്രത്തലവന്മാരും ജനതയും സ്വീകരിച്ചിരിക്കുന്നത് ഈ വിഷയങ്ങളാണെന്നു കാണാം. അതിന്റെ സമഗ്രതയെയും സാധ്യതയെയും എങ്ങനെ ഉൾക്കൊള്ളണമെന്നും നടപ്പാക്കണമെന്നും അവർ പഠിക്കുന്നു. എന്നാൽ നമ്മുടെ രാജ്യമാകട്ടെ ഇന്നും ഇക്കാര്യങ്ങളിൽ പിന്നോക്കമാണെന്നു പറയാതെ വയ്യ.
നമ്മുടെ രാജ്യത്ത് ഇന്നു ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയുമൊക്കെ പേരിലുള്ള വിഘടനങ്ങൾ പെരുക്കുകയാണ്. ഒരിടത്തും ഒരു യോജിപ്പിന്റെ തിരി കൊളുത്തപ്പെടുന്നില്ല. മനുഷ്യൻ അകത്തും പുറത്തുമായി സർവ്വത്ര മതിലുകൾ കെട്ടുകയാണ്. ഇവിടെയാണ് ഗുരുവിന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന വിശ്വമന്ത്രത്തിന്റെ കാലാതീത പ്രസക്തി. പശുവിന്റെ ജാതി പശുത്വമായിരിക്കുന്നതുപോലെ മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്നും ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാദികൾ ജാതിയല്ലെന്നുമുളള തിരിച്ചറിവ് വരുമ്പോഴാണ് യഥാർത്ഥമതബോധം ഒരുവനിൽ തിങ്ങി നിറയുന്നത്.
അമേരിക്ക തുടങ്ങിയ പരിഷ്കൃത രാജ്യങ്ങളിൽ ഇന്നു ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ കാണുവാൻ സാധിക്കില്ലെങ്കിലും മതത്തിന്റെയും വർണത്തിന്റെയും പേരിലുള്ള വിവേചനം ശക്തമാണ്. ഒരിക്കൽ ഇത്തരമൊരു സംഭവത്തിനു ഒരു വിദേശയാത്രയ്ക്കിടെ ഞാനും സാക്ഷിയായിട്ടുണ്ട്. മനുഷ്യൻ ഒന്നിച്ചാൽ ഈ ലോകത്ത് മറ്റൊന്നിനെയും ഭയപ്പെടുവാനില്ല. ഭൂമിയിൽ അങ്ങനെയൊരു സ്വർഗം പണിയേണ്ടത് മനുഷ്യനാണ്. അതിനവനെ പ്രാപ്തനാക്കുവാൻ ഗുരുദർശനം കൊണ്ടുമാത്രമേ കഴിയുകയുള്ളൂ. ഈ യാഥാർത്ഥ്യം യു. എൻ. ആസ്ഥാനത്തുനിന്നുറക്കെ പറയുവാൻ, അതിനുള്ള മാർഗ്ഗം തെളിക്കുവാൻ ശിവഗിരിമഠം അമേരിക്കയിൽ ആദ്യമായി ഒരു ആശ്രമസമുച്ചയം നിർമ്മിക്കുന്നതിനുള്ള പ്രാരംഭഘട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ടെക്സാസിലുള്ള ഡാളസിലാണ് ഈ ആശ്രമസമുച്ചയം ഉയരുന്നത് . ടെക്സാസ് ഇന്ന് ലോകത്തിന്റെ ദാഹശമനകേന്ദ്രമാണ്. കൊക്കകോള തുടങ്ങിയുള്ള ആഗോളഭീമന്മാരുടെ ആസ്ഥാനമാണവിടം.
50 സ്റ്റേറ്റുകളുള്ള അമേരിക്കയുടെ 28-ാമത്തെ സ്റ്റേറ്റായി 1845 ഡിസംബർ 29 നു രൂപപ്പെട്ട ടെക്സാസ് ഇന്നു ലോകത്തെ വൻകിടനഗരങ്ങളുടെ മുൻനിരയിലുള്ള വ്യാവസായിക നഗരമാണ്. 15-ാം നൂറ്റാണ്ടിൽ അവിടം മെക്സിക്കൻ ജനതയുടെ അധിവാസഭൂമിയായിരുന്നു. 1519 ൽ സ്പെയിൻകാർ ഇവരെ അടിച്ചോടിച്ചും കൊന്നൊടുക്കിയും അവിടം പിടിച്ചെടുത്തു. ചുമന്ന നദി തരണം ചെയ്ത് ടെക്സാസിൽ കുടിയേറിയ അമേരിക്കൻ ജനതയെ തുരത്താനുള്ള ശ്രമം വിഫലമായതോടെയാണ് ചരിത്രപ്രസിദ്ധമായ മെക്സിക്കൻ- അമേരിക്കൻ യുദ്ധം തുടങ്ങിയതെന്നതു ചരിത്രം. ഇങ്ങനെ പോരാട്ടത്തിന്റെയും നവോത്ഥാനത്തിന്റെയും ചരിത്രമുറങ്ങുന്ന ടെക്സാസിൽ ഇന്നു ഒട്ടനവധി ആത്മീയ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടരക്കോടിയിൽപ്പരം ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഈ സ്റ്റേറ്റിന്റെ ഹൃദയഭാഗത്ത് ഗുരുദർശനത്തിന്റെ ദീപം തെളിക്കുവാൻ, ശിവഗിരിമഠത്തിന്റെ നിയന്ത്രണത്തിലുളള ഒരു ആശ്രമസ്ഥാപനം യാഥാർത്ഥ്യമാകുവാൻ പോകുന്നുവെന്നത് ഏതൊരു ഗുരുഭക്തനും അഭിമാനം പകരുന്ന ഒന്നാണ്.
നടരാജഗുരു, ഗുരുനിത്യചൈതന്യയതി ഉൾപ്പെടെയുള്ള ഗുരുദേവശിഷ്യപരമ്പര അമേരിക്കൻ മണ്ണിൽ തെളിച്ചുവച്ചിട്ടുള്ള ഗുരുപ്രകാശത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുകയെന്നതാണ് ഈ ആശ്രമത്തിന്റെ പ്രധാനദൗത്യം. പ്രകൃതിയുടെ ഒരു പൂന്തോട്ടം പോലെ കാന്തിപകരുന്ന 3.5 ഏക്കർ ഭൂമിയിലാണ് ആശ്രമം ഉയരുന്നത്. ഇവിടെ നിന്നും 15 മിനിട്ട് ദൂരം മാത്രമേ ഡാളസ് എയർപോർട്ടിലേക്കുള്ളൂ. ആദ്യഘട്ടമായി 6000 ചതുരശ്രയടിയിൽ നിർമ്മിക്കുന്ന ആശ്രമസമുച്ചയത്തിൽ 9 അതിഥി മുറികളും പ്രാർത്ഥനാലയവും ലൈബ്രറിയും ഗുരുമന്ദിരവുമുണ്ടാകും. ഗുരുവിന്റെ പേരിൽ അമേരിക്കയിൽ ശിവഗിരിമഠത്തിന്റെ ഒരു ആശ്രമം ഉണ്ടാകണമെന്നത് അമേരിക്കൻ മലയാളികളുടെ നിരന്തരമായ ആഗ്രഹമായിരുന്നു. അതെല്ലാം ഇപ്പോൾ ഒത്തുചേർന്നപ്പോഴാണ്. 'ഒത്തുപോയല്ലോ" എന്ന ഗുരുദേവമൊഴിപോലെ അമേരിക്കയിലെ ശിവഗിരി ആശ്രമം യാഥാർത്ഥ്യമാകുവാൻ പോകുന്നത്.
20 കോടിയിൽപ്പരം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇതിന്റെ നിർമ്മിതി ലോകമെമ്പാടുമുള്ള ശ്രീനാരായണപ്രസ്ഥാനങ്ങളുടെയും സജ്ജനങ്ങളുടെയും സുമനസ്സുകളായ ഗുരുഭക്തരുടെയും സഹായ സഹകരണം ഉണ്ടായാൽ മാത്രമേ പൂർത്തിയാക്കാനാവുകയുള്ളൂ. അമേരിക്കയുടെ മണ്ണിൽ 'ഗുരുവിന് ഒരു പിടി മണ്ണ് "എന്ന സങ്കല്പം ഗുരുകല്പനയായിക്കരുതി ചരിത്രത്തിന്റെ ഭാഗമായി മാറുവാൻ എല്ലാവരും തങ്ങളുടെ വരുമാനത്തിന്റെ ഒരംശം സംഭാവന ചെയ്തു ശിവഗിരിയോടൊപ്പം ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രാർത്ഥിക്കുന്നു.
(ലേഖകൻ ഗുരുധർമ്മപ്രചരണസഭ സെക്രട്ടറിയാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |