ന്യൂഡൽഹി: രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപങ്ങളുടെ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെയെന്നും ശുഭാപ്തി വിശ്വാസത്തിന്റെ ചൈതന്യം ചുറ്റും നിലനിൽക്കട്ടെയെന്നും മോദി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ വാങ്ങി പ്രാദേശിക കരകൗശല വിദഗ്ധരെ പിന്തുണക്കാനും രാജ്യത്തെ ജനങ്ങളോട് മോദി ആഹ്വാനം ചെയ്തു.
'140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനം, സർഗ്ഗാത്മകത, നൂതന ആശയങ്ങൾ എന്നിവ ആഘോഷിച്ചുകൊണ്ട് ഈ ഉത്സവകാലം ആഘോഷിക്കാം. നമുക്ക് ഇന്ത്യന്‍ ഉൽപ്പന്നങ്ങള്‍ വാങ്ങാം. നിങ്ങള്‍ വാങ്ങിയ സ്വദേശി വസ്തുക്കൾ സോഷ്യല്‍ മീഡിയയിലും പങ്കു വയ്ക്കണം. സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കണം' - പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുർമുവും ദീപാവലി ആശംസകൾ പങ്കുവച്ചു. ദീപാവലിയുടെ ഈ പുണ്യനിമിഷത്തില്‍ ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും ആശംസകള്‍ നേരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഇരുട്ടിനു മേൽ വെളിച്ചത്തിന്റെയും, അജ്ഞതയ്ക്കു മേൽ അറിവിന്റെയും, തിന്മയ്ക്കു മേൽ നന്മയുടെയും വിജയത്തെ ദീപാവലി അടയാളപ്പെടുത്തുന്നു. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ലഭിക്കട്ടേയെന്നും ദീപാവലി സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും പരിസ്ഥിതി സൗഹൃദപരമായും ആഘോഷിക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
എല്ലാവരുടെയും ആരോഗ്യത്തിനും സമൃദ്ധിക്കും വേണ്ടി ശ്രീരാമനോട് പ്രാർത്ഥിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദീപാവലി ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. ലോക്സഭാ സ്പീക്കർ ഓം ബിർള, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് പ്രസിഡന്റ മല്ലികാർജുൻ ഖാർഗെ എന്നിവരും ദീപാവലി ആശംസകൾ നേർന്നു. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് 26 ലക്ഷത്തിലധികം എണ്ണ വിളക്കുകൾ കത്തിച്ചും സരയു ആരതി സംഘടിപ്പിച്ചും അയോദ്ധ്യ ഗിന്നസ് റെക്കോർഡിൽ ഇടം നേടി. അയോദ്ധ്യ ജില്ലാ ഭരണകൂടവും ഉത്തർപ്രദേശ് ടൂറിസം വകുപ്പുമാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |