ഇന്‍ഡോര്‍: വനിതാ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് സെമിയില്‍. നിര്‍ണായക മത്സരത്തില്‍ അനായാസജയത്തിലേക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് ഇന്ത്യ നാല് റണ്‍സിന്റെ അവിശ്വസനീയമായ തോല്‍വി വഴങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ശേഷമുള്ള ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സില്‍ ഒതുങ്ങി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ആദ്യ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ ഓപ്പണര്‍ പ്രതിക റാവല്‍ 6(14), ഹാര്‍ലീന്‍ ഡിയോള്‍ 24(31) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ 42ന് രണ്ട് എന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 70(70) - സ്മൃതി മന്ദാന 88(94) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങള്‍ ഇന്ത്യക്ക് കരുത്തായി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 125 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ടിന് വിക്കറ്റ് സമ്മാനിച്ച് ഹര്‍മന്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
ഹര്‍മന് പകരമെത്തിയ ദീപ്തി ശര്‍മ്മ 50(57) അര്‍ദ്ധ സെഞ്ച്വറി നേടി. നാലാം വിക്കറ്റില്‍ സ്മൃതിക്കൊപ്പം 67 റണ്‍സ് കൂട്ടുകെട്ടിലും ദീപ്തി പങ്കാളിയായി. ലിന്‍സെ സ്മിത്തിനെതിരെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് സ്മൃതി പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നീട് വന്ന റിച്ച ഘോഷിന് 8(10) താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. 47ാം ഓവറില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് ദീപ്തിയും പുറത്തായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി.
അവസാന മൂന്ന് ഓവറില്‍ ജയത്തിലേക്ക് 27 റണ്‍സ് വേണമെന്നിരിക്കെ ക്രീസിലുണ്ടായിരുന്നത് അമന്‍ജോത് കൗര്‍, സ്‌നേഹ് റാണ എന്നിവര്‍. 48ാം ഓവറില്‍ ഇന്ത്യക്ക് നേടാനായത് നാല് റണ്‍സ് മാത്രം. അവസാന രണ്ട് ഓവറില്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 23 റണ്‍സ്. ലോറന്‍ ബെല്‍ എറിഞ്ഞ 49ാം ഓവറില്‍ ഒരു ബൗണ്ടറി സഹിതം ഇന്ത്യ നേടിയത് ഒമ്പത് റണ്‍സ്. ഇതോടെ അവസാന ഓവറില്‍ ജയിക്കാനായി വേണ്ടിയിരുന്നത് 14 റണ്‍സ്. എന്നാല് ഈ ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രമേ ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞുള്ളു. ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യക്ക് ബാക്കിയുള്ള മത്സരങ്ങള്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടി. സെഞ്ച്വറി നേടിയ സീനിയര്‍ താരം ഹീഥര്‍ നൈറ്റ് 109(91) ആണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിക്കറ്റ് കീപ്പര്‍ ആമി ജോണ്‍സ് 56(68) അര്‍ദ്ധ സെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയയോടും തോറ്റ ഇന്ത്യക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്.
ഒന്നാം വിക്കറ്റില്‍ ആമി ജോണ്‍സ് - ടാമി ബ്യൂമോണ്ട് 22(43) സഖ്യം 73 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. മൂന്നാമതെത്തിയ നൈറ്റ് 15 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെയാണ് സെഞ്ച്വറി നേടിയത്. ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് 38(49), സോഫിയ ഡങ്ക്ലെ 15(21), എമ്മ ലാംബ് 11(10), അലീസ് ക്യാപ്സെ 2(3), ഷാര്‍ലറ്റ് ഡീന്‍ 19*(13), സോഫി എക്കിള്‍സ്റ്റണ്‍ 3(3), ലിന്‍സെ സ്മിത്ത് 0*(0) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.
അതേസമയം, മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദീപ്തി ശര്‍മ്മയാണ് ബൗളിംഗില്‍ തിളങ്ങിയത്. മറ്റൊരു സ്പിന്നര്‍ ശ്രീ ചരണി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |