SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.07 PM IST

ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ടാണ് സമരങ്ങൾ നടത്തുന്നത്, വിചാരണ നേരിടുമെന്ന് മന്ത്രി വി ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
sivankutty-

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. മന്ത്രി വിചാരണ നേരിടുന്നതിന് മുൻപ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷമുൾപ്പടെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ തന്റെ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി രംഗത്ത് വന്നു. സുപ്രീം കോടതിയുടെ വിധി പൂർണമായി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി രാജിവയ്ക്കാതെ തന്നെ വിചാരണ നേരിടും എന്ന സന്ദേശമാണ് നൽകുന്നത്.

സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ താൻ സമരം ചെയ്തിട്ടുണ്ടെന്നും, അതിൽ പലപ്പോഴും ശിക്ഷാ നടപടികൾ നേരിട്ടിട്ടുണ്ടെന്നും ശിവൻകുട്ടി അഭിപ്രായപ്പെടുന്നു. ഇത്തരം ശിക്ഷകൾ നേരിടേണ്ടി വരും എന്നറിഞ്ഞു തന്നെയാണ് സമരങ്ങൾ നടത്തുന്നത്.


ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടാവുമെന്നും അത് പൂർണമായി അംഗീകരിച്ചു കൊണ്ട് തന്നെ വിചാരണ നേരിടുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബഹുമാനപെട്ട സുപ്രീം കോടതിയുടെ വിധി പൂർണമായി അംഗീകരിക്കുന്നു
ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തരസമരം ആണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങൾ. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എത്രയോ സമരങ്ങൾ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങൾ നടത്തുന്നത്. ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടായെന്ന് വരും. കോടതി വിധി പൂർണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും.

TAGS: SIVANKUTTY, V SIVANKUTTY, STRIKE, MINISTER SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY