SignIn
Kerala Kaumudi Online
Friday, 29 March 2024 3.43 PM IST

ഇത് പ്രണയമല്ല, രോഗം !

love

തിരുവനന്തപുരം: പ്രണയത്തോട് 'നോ' പറഞ്ഞാൽ ജീവനെടുത്ത് പക തീർക്കുന്ന യുവാക്കൾക്ക് ഇരകളാവുകയാണ് നമ്മുടെ പെൺകുട്ടികൾ. അഞ്ചു വർഷത്തിനിടെ പത്ത് ജീവനുകളാണ് പ്രണയപ്പകയിൽ പൊലിഞ്ഞത്. അതിക്രമങ്ങൾക്ക് ആയിരത്തോളം കേസുകളും. കൗമാരക്കാരിലെ മാനസികാരോഗ്യക്കുറവും വ്യക്തിത്വ വൈകല്യവുമാണ് പ്രണയപ്പകയുടെ കാരണങ്ങളെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്തരക്കാർക്ക് ചികിത്സ നൽകണം.

ബ്ലേഡു കൊണ്ട് മുഖമാകെ വരഞ്ഞും നടുറോഡിൽ കുത്തിവീഴ്ത്തിയും മുടിമുറിച്ചും വീടിനു തീയിട്ടുമൊക്കെയാണ് പ്രതികാരം. കോഴിക്കോട്ടെ വിദ്യാർത്ഥിനിയുടെ വീട്ടിൽ കടന്നുകയറിയ യുവാവ് ഹെൽമെറ്റിന് മുഖത്തടിച്ച് അഞ്ച് പല്ലുകളാണ് തെറിപ്പിച്ചത്. കൊച്ചിയിലെ ബ്യൂട്ടിപാർലർ ജീവനക്കാരിയെ നടുറോഡിൽ തടഞ്ഞുനിറുത്തി മുടിമുറിച്ചു. ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതിപ്പെട്ടതിനാണ് തൃപ്പൂണിത്തുറയിലെ കോളേജ് വിദ്യാർത്ഥിനി അമ്പിളിയെ അയൽവാസി വഴിയിൽ കാത്തുനിന്ന് വെട്ടിയത്.

വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് കലൂരിൽ കോതമംഗലം സ്വദേശിനിയെ നടുറോഡിൽ കൊല്ലാൻശ്രമിച്ചത്. തൃശൂർ മാളയിൽ പ്രണയം നിരസിച്ച കോളേജ് വിദ്യാർത്ഥിനിയുടെ മുഖം ബ്ലേഡിന് വരഞ്ഞു. തൃശൂർ പുന്നയൂർകുളത്ത് പെൺകുട്ടിയെയും വീട്ടുകാരെയും പൂട്ടിയിട്ട് വീടിന് തീവച്ചായിരുന്നു പ്രതികാരം. തിരക്കേറിയ റോഡിലൂടെ നടന്നുപോകവേ കുന്നംകുളം സ്വദേശിക്ക് കഴുത്തിൽ കുത്തേറ്റു.

വിവാഹാഭ്യർത്ഥന നിരസിച്ച കൊല്ലത്തെ യുവതിക്ക് സഹപാഠിയുടെ അടിയിൽ കേൾവിശക്തി നഷ്ടമായി. ശാസ്താംകോട്ടയിൽ 16കാരിയെ സ്ക്രൂഡ്രൈവറിന് കുത്തിപ്പരിക്കേൽപ്പിച്ചാണ് പ്രതികാരം തീർത്തത്. തിരുവനന്തപുരത്തെ യുവ സംരംഭകയെ സുഹൃത്ത് കുടുക്കിയത് അവരുടെ കൈത്തറി വ്യാപാര കേന്ദ്രത്തിൽ കഞ്ചാവൊളിപ്പിച്ച് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചായിരുന്നു.

കാൾസെന്റർ വേണം

പ്രണയത്തിന്റെ പേരിലുള്ള ഭീഷണികൾ പെൺകുട്ടികളിൽ പലരും പൊലീസിൽ അറിയിക്കാറില്ല. ചൈൽഡ് ലൈൻ മാതൃകയിൽ ഇത്തരം പരാതികൾ കൈകാര്യംചെയ്യാൻ സർക്കാർ സംവിധാനമുണ്ടാക്കണം. കൗൺസലർമാരുടെ സേവനത്തോടെ കാൾസെന്ററും വേണം.

ഗുരുതരമായ മാനസികവൈകല്യമാണിത്. ചികിത്സയാണ് പോംവഴി. പൊലീസ് സന്ധിസംഭാഷണം നടത്തി ഒതുക്കിത്തീർക്കാതെ, പ്രശ്നക്കാരെ കൗൺസലിംഗിനയയ്ക്കണം. പെൺകുട്ടികൾക്കും ബോധവത്കരണം നൽകണം. സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നും മാനസികാരോഗ്യം കൈവരിക്കേണ്ടതെങ്ങനെയെന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

- ഡോ.മോഹൻറോയ്

മാനസികാരോഗ്യ വിദഗ്ദ്ധൻ

പെൺമക്കൾ അറിയാൻ

#വൈകാരികമായ ബ്ലാക്ക് മെയിലിംഗിനും വ്യക്തി സ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കുന്നതിനും കീഴടങ്ങരുത്

#ഫോൺവിളിയുടെയും സാമൂഹ്യമാദ്ധ്യമ ഉപയോഗത്തിന്റെയും പേരിലുള്ള കലഹം ജാഗ്രതയോടെ കാണണം

# ആത്മഹത്യാഭീഷണിയും ശരീരത്തിൽ മുറിവുണ്ടാക്കി ഭീതിപ്പെടുത്തുന്നതും അപായ സൂചനയാണ്

# പ്രണയമെന്നു പറഞ്ഞ് പിറകേ നടന്നുള്ള ശല്യപ്പെടുത്തൽ നിശ്ശബ്ദം സഹിക്കാതെ വീട്ടുകാരെ അറിയിക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSYCHOS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.