ടോക്യോ: ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ സെമിയിലെത്തി. ഇന്ന് നടന്ന ക്വാർട്ടർഫൈനൽ മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിഫൈനൽ യോഗ്യത നേടിയത്. ഇത് ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഒളിമ്പിക്സ് ഹോക്കിയുടെ സെമിഫൈനലിലെത്തുന്നത്.
കളിയുടെ 22ാം മിനിട്ടിൽ ഗുർജിത്ത് കൗർ നേടിയ ഗോളിലൂടെയാണ് ഇന്ത്യൻ വനിതകൾ ലീഡ് നേടുന്നത്. അതിനു ശേഷം ഓസ്ട്രേലിയ തുടരേ തുടരേ ആക്രമണം അഴിച്ചു വിട്ടെങ്കിലും ഇന്ത്യൻ പ്രതിരോധവും ഗോൾകീപ്പർ സവിതയും ഉരുക്കുപോലെ നിന്നു. അവസാന നിമിഷങ്ങളിൽ ഓസ്ട്രേലിയ അടുപ്പിച്ച് നിരവധി പെനാൽട്ടി കോർണറുകൾ സ്വന്തമാക്കിയെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല.
ഇതിനു മുമ്പത്തെ ഇന്ത്യൻ വനിതകളുടെ ഒളിമ്പിക്സിലെ ഏറ്റവും മികച്ച പ്രകടനം വന്നത് 1980ലെ ഒളിമ്പിക്സിലാണ്. അന്ന് ആറു ടീമുകൾ പങ്കെടുത്ത റൗണ്ട് റോബിൻ പോരാട്ടത്തിൽ ഇന്ത്യ നാലാമതായി ഫിനിഷ് ചെയ്തു. 1980നു ശേഷം 2016ൽ മാത്രമാണ് ഇന്ത്യൻ വനിതകൾ രണ്ടാമതൊരു ഒളിമ്പിക്സിന് യോഗ്യത നേടുന്നത്. ഇത് ഇന്ത്യൻ വനിതകളുടെ മൂന്നാമത്തെ ഒളിമ്പിക്സ് മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |