തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്ര് പദ്ധതി ആയിരം സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റുഡന്റ് പൊലീസിന്റെ ഗുണഫലം കഴിയാവുന്നത്ര വിദ്യാർത്ഥികളിലേക്ക് എത്തിക്കും. സ്റ്റുഡന്റ് പൊലീസിന്റെ പന്ത്രണ്ടാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ ചടങ്ങിൽ അരലക്ഷം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. മന്ത്റി വി. ശിവൻകുട്ടി അദ്ധ്യക്ഷനായിരുന്നു. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ഡി.ജി.പി അനിൽ കാന്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ എന്നിവർ പങ്കെടുത്തു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് പി.കെ. കേശവൻ, എക്‌സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എ.ഡി.ജി.പി വിജയ് സാഖറെ എന്നിവർ സന്ദേശം നൽകി.
സല്യൂട്ടും പച്ചക്കറിയും നൽകി കേഡറ്റുകൾ
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസിലെത്തി ഇന്നലെ രാവിലെ കേഡറ്റുകൾ ഗാർഡ് ഒഫ് ഓണർ നൽകി. മുഖ്യമന്ത്രി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പത്നി കമലയും ചെറുമകൻ ഇഷാനും മധുരം നൽകിയാണ് കേഡറ്റുകളെ സ്വീകരിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ വീടുകളിലെ അടുക്കളതോട്ടത്തിൽ വിളയിച്ചെടുത്ത പച്ചക്കറി മുഖ്യമന്ത്രിയുടെ പത്നിക്ക് കൈമാറി. ഇഷാന് പാവക്കുട്ടിയും സമ്മാനിച്ചു. പിന്നീട് പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പി അനിൽകാന്തിനും ഗാർഡ് ഒഫ് ഓണർ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |