കണ്ണൂർ: മമ്മൂട്ടി എന്ന മഹാനടന് 70 തികയുമ്പോൾ ആ നടൻ ആദ്യമായി മുഴുവനായി അഭിനയിച്ച ആദ്യചിത്രമായ മേളയുടെ കഥാകാരൻ ഇവിടെയുണ്ട്. പത്തായക്കുന്ന് പാട്യം ശ്രീവത്സത്തിൽ ശ്രീധരൻ ചമ്പാട് എന്ന തമ്പുകളെ പ്രണയിച്ച എഴുത്തുകാരനാണ് കെ.ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും അഭിനയജീവിതത്തിൽ വഴിത്തിരിവായ സിനിമയായിരുന്നു 1980ൽ പുറത്തിറങ്ങിയ മേള. രഘു എന്ന ശശിധരൻ നായകനായ ചലച്ചിത്രത്തിൽ വിജയൻ എന്ന മോട്ടോർ സൈക്കിൾ അഭ്യാസിയുടെ വേഷത്തിലായിരുന്നു മമ്മൂട്ടി.
പാനൂരിനടുത്ത ചെണ്ടയാട് നവോദയക്കുന്നിലായിരുന്നു ചിത്രീകരണം. ചിത്രീകരണത്തിലും ശ്രീധരൻ ആദ്യന്തമുണ്ടായിരുന്നു. മങ്ങിമറയുന്ന ഓർമ്മകളുടെ ഇടയിലാണ് 85 കാരനായ ശ്രീധരൻ ചമ്പാട് ഇപ്പോൾ.
സർക്കസിനെ പ്രണയിച്ച കഥാകാരൻ
ശ്രീധരൻ ചമ്പാട് എഴുതിയ ഇരുപത് പുസ്തകങ്ങളിൽ ഒമ്പതെണ്ണവും സർക്കസിനെക്കുറിച്ചാണ്. മാത്രമല്ല ലോകപ്രശസ്തമായ ജംബോ, ജമിനി, അമർ, ഗ്രേറ്റ് റെയ്മണ്ട് തുടങ്ങിയ സർക്കസുകളിൽ വിദഗ്ധനായ ട്രപ്പീസ് കളിക്കാരൻ കൂടിയായിരുന്നു ശ്രീധരൻ.
ശൂന്യതയിൽ നിന്ന് അദ്ഭുതങ്ങളുണ്ടാക്കുന്ന മായാജാലക്കാരന്റെ കൈയടക്കത്തോടെ കഥകളും ജീവിതവും സൃഷ്ടിച്ച ആ വലിയ എഴുത്തുകാരൻ ഇപ്പോൾ ഭാര്യയോടും മക്കളോടുമൊപ്പം വിശ്രമജീവിതത്തിലാണ്.
കൂടാരം, കോമാളി, റിംഗ്, അന്തരം, അന്യോന്യം തേടുന്നവർ, അരങ്ങേറ്റം സർക്കസ് കഥകൾ, കീലേരി, സി വി നാരായണൻ നായർ, ഗുരുദേവ കഥാമൃതം, സർക്കസ്സിന്റെ ലോകം, രക്തം ചിന്തിയവർ, തച്ചോളി ഒതേനൻ, ആരോമൽചേകവർ, ഉണ്ണിയാർച്ച തുടങ്ങിയ രചനകൾക്കൊപ്പം തമ്പു പറഞ്ഞ ജീവിതം എന്ന ആത്മകഥയും ശ്രീധരൻ ചമ്പാടിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
മമ്മൂട്ടി എന്ന നടനെ ആദ്യമായി മുഴുവൻ നടനായി സിനിമയിലെത്തിക്കാൻ കഴിഞ്ഞ മേളയുടെ കഥാകാരനാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തികച്ചും യാദൃച്ഛികമായ ഒരു സിനിമയുടെ പിറവിയിലൂടെ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതും അപൂർവ്വ സൗഭാഗ്യമായി കരുതുന്നു.
ശ്രീധരൻ ചമ്പാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |