ന്യൂഡൽഹി: ഫീച്ചർഫോൺ അഥവാ 2ജി ഉപഭോക്താക്കളെ 4ജിയിലേക്ക് കൊണ്ടുവരാനായി ഗൂഗിളുമായി കൈകോർത്ത് റിലയൻസ് ജിയോ ഉടൻ വിപണിയിലിറക്കുന്ന 'ജിയോ ഫോൺ നെക്‌സ്‌റ്റിനെ" വെല്ലുവിളിക്കാൻ ഭാരതി എയർടെൽ ഒരുങ്ങുന്നു.
നിലവിൽ 4ജി സൗകര്യമുള്ള സ്മാർട്ട്ഫോണുകൾക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞവില 6,000-7,000 രൂപയാണ്. 3,500-4,000 രൂപ നിരക്കിലായിരിക്കും ജിയോ ഫോൺ നെക്‌സ്‌റ്റ് എത്തുക. ഈമാസം പത്തിന് വിപണിയിൽ എത്തേണ്ടതായിരുന്നെങ്കിലും ചിപ്പ് ക്ഷാമം മൂലം ഉത്‌പാദനം വൈകുന്നതിനാൽ, ലോഞ്ചിംഗ് മാറ്റിവച്ചിട്ടുണ്ട്. സമാന വിലനിരക്കുള്ള 4ജി ഫോൺ പുറത്തിറക്കാനാണ് എയർടെല്ലിന്റെയും ശ്രമം.
ഇതിനായി കാർബൺ, ലാവ, എച്ച്.എം.ഡി ഗ്ളോബൽ (നോക്കിയ) എന്നിവയുമായി എയർടെൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. 12 കോടിയോളം 2ജി ഉപഭോക്താക്കൾ എയർടെല്ലിനുണ്ട്. ഇവർ ജിയോയിലേക്ക് പോകാതെ പിടിച്ചുനിറുത്തുക കൂടിയാണ് എയർടെൽ ലക്ഷ്യമിടുന്നത്. കുറഞ്ഞവിലയ്ക്ക് ഡേറ്റയും (ഇന്റർനെറ്റ്) സൗജന്യ കോളുകളും വാഗ്‌ദാനം ചെയ്‌തുള്ള ജിയോയുടെ കടന്നുവരവാണ് എയർടെല്ലടക്കം മറ്റ് ടെലികോം കമ്പനികൾക്ക് സാമ്പത്തികാഘാതം സൃഷ്‌ടിച്ചത്. സമാന പ്രതിസന്ധി ജിയോ ഫോൺ നെക്‌സ്റ്റും സൃഷ്‌ടിക്കുന്നത് തടയുക കൂടിയാണ് എയർടെൽ ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |