മുംബയ്: നീല ചിത്ര നിർമാണത്തിന് അറസ്റ്റിലായ ഭർത്താവ് രാജ് കുന്ദ്രയെ കൈവിട്ട് ശില്പാ ഷെട്ടി. ഭർത്താവിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ ബിസിനസ്സ് എന്തായിരുന്നുവെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും ശില്പാ ഷെട്ടി പൊലീസിന് മൊഴി നൽകി. രാജ് കുന്ദ്രയ്ക്കെതിരെ മുംബയ് പൊലീസ് സമർപ്പിച്ച 1400 പേജ് കുറ്റപത്രത്തിൽ ബോളിവുഡ് അഭിനേത്രി കൂടിയായ ശില്പാ ഷെട്ടിയേയും സാക്ഷിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ അഭിനയ ജീവിതവുമായി വളരെ തിരക്കിലായിരുന്നുവെന്നും അതിനാൽ ഭർത്താവിന്റെ ജോലി എന്തായിരുന്നുവെന്ന് അന്വേഷിക്കാൻ സാധിച്ചില്ലെന്നും ശില്പാ ഷെട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നീലചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഹോട്ട്ഷോട്ട്സ്, ബോളിഫേം എന്നീ ആപ്പുകളെ കുറിച്ചും തനിക്ക് അറിവില്ലായിരുന്നുവെന്ന് ശില്പാ ഷെട്ടി പറഞ്ഞു.
കഴിഞ്ഞ ജൂലായ് 19നാണ് രാജ് കുന്ദ്രയേയും കൂട്ടാളികളേയും നീലചിത്ര നിർമാണത്തിന് മുംബയ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിൽ നാലു പേർ അന്വേഷണ സമയത്തു തന്നെ രാജ് കുന്ദ്രയ്ക്കെതിരായി മൊഴി നൽകിയിരുന്നു. ഇവരെ കേസിൽ മാപ്പുസാക്ഷികളാക്കുമെന്ന് കരുതുന്നു.
അതേസമയം താൻ നിർമ്മിച്ചവ ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രങ്ങളായിരുന്നില്ലെന്നും മറിച്ച് നെറ്റ്ഫ്ളിക്സ് പോലുള്ള ഒ ടി ടി പ്ലാറ്റഫോമുകളിൽ കാണുന്ന സ്നേഹപ്രകടനങ്ങൾ മാത്രമായിരുന്നു അവയിലുണ്ടായിരുന്നതെന്നും രാജ് കുന്ദ്ര കോടതിയിൽ വാദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |