മുംബയ്: രോഹിത്ത് ശർമ്മയെ ടി ട്വന്റി ടീമിന്റെ സ്ഥാനം ഏൽപിച്ച് ക്യാപ്ടൻ സ്ഥാനത്തു നിന്ന് പടിയിറങ്ങാനുള്ള വിരാട് കൊഹ്ലിയുടെ തീരുമാനം ഏറെ ചർച്ചകൾക്കു വിധേയമായിരുന്നു. എന്നാൽ ഡ്രെസിംഗ് റൂമിലെ നിയന്ത്രണം നഷ്ടമായി തുടങ്ങിയെന്ന് മനസിലായപ്പോൾ കൊഹ്ലി ഒരു മുഴം നീട്ടി എറിഞ്ഞതായിരുന്നു ക്യാപ്ടൻ സ്ഥാനത്തു നിന്നുള്ള രാജി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കൊഹ്ലി രാജി വച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം മോശമായാൽ കൊഹ്ലിയെ സെലക്ടർമാർ തന്നെ പുറത്താക്കുമെന്നാണ് ബി സി ഐയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സെലക്ടർമാർ പുറത്താക്കാനുള്ള തീരുമാനം എടുക്കുകയാണെങ്കിൽ ചിലപ്പോൾ മൂന്ന് ഫോർമാറ്റിൽ നിന്നും മാറി നിൽക്കേണ്ടി വന്നേക്കാം. ഇതാകുമ്പോൾ ടി ട്വന്റിയിൽ നിന്നു മാത്രം മാറിനിന്നാൽ തത്ക്കാലത്തേക്കെങ്കിലും മുഖം രക്ഷിക്കാം.
ടി ട്വന്റി ക്യാപ്ടൻ സ്ഥാനത്തു നിന്ന് വിട്ടുനിൽക്കുന്നതിന് കൊഹ്ലി പറഞ്ഞ കാരണം താൻ അനുഭവിക്കുന്ന അമിത സമ്മർദ്ദം ആയിരുന്നു. എന്നാൽ ടി ട്വന്റിയിൽ നിന്നും വിട്ടുനിന്നതു കൊണ്ട് മാത്രം കൊഹ്ലിയുടെ സമ്മർദ്ദം കുറയാൻ പോകുന്നില്ല. കാരണം വരുന്ന കലണ്ടർ വർഷത്തിൽ ലോകകപ്പ് ഒഴിച്ചു നിർത്തിയാൽ ഇന്ത്യ വെറും 20നകം ടി ട്വന്റി മത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത്. 20 കളികളിൽ ക്യാപ്ടൻ സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നാൽ സമ്മർദ്ദം ഒഴിവാക്കാൻ സാധിക്കുമോ എന്നത് വേറൊരു ചോദ്യമാണ്.
യഥാർത്ഥത്തിൽ ഡ്രെസിംഗ് റൂമിലെ നിയന്ത്രണം പോലും കൊഹ്ലിക്കു നഷ്ടമായി തുടങ്ങിയിരുന്നുവെന്നാണ് മനസിലാക്കേണ്ടത്. യുവതാരങ്ങൾ പലരും സഹായം ചോദിച്ചും ഉപദേശത്തിനുമായി സമീപിക്കുന്നത് പലപ്പോഴും രോഹിത്ത് ശർമ്മയെയായിരുന്നുവെന്നതും പരസ്യമായ രഹസ്യമാണ്. മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടൻ എന്ന നിലയിൽ യുവതാരങ്ങളെ കൂടെനിർത്തി മുന്നോട്ടു പോകുന്നതിൽ രോഹിത്തിനുള്ള മിടുക്ക് പലപ്പോഴും വ്യക്തമായ കാര്യവുമാണ്.
ധോണിയിൽ നിന്നുമാണ് കൊഹ്ലി ക്യാപ്ടൻസി ഏറ്റെടുക്കുന്നത്. എന്നാൽ ഇരു ക്യാപ്ടന്മാരുടേയും ഗ്രൗണ്ടിനു പുറത്തും അകത്തുമുള്ള സമീപനത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ധോണിയുടെ മുറിയിൽ ഏതുസമയത്തും ഒരു ടീമംഗത്തിന് കടന്നുചെന്ന് സ്വാതന്ത്ര്യത്തോടെ പെരുമാറാൻ സാധിക്കുമായിരുന്നു. അവർക്ക് വേണമെങ്കിൽ ഇഷ്ടമുള്ള ഭക്ഷണം ധോണിയുടെ ഒപ്പമിരുന്ന് കഴിക്കാം അല്ലെങ്കിൽ വീഡിയോ ഗെയിം കളിക്കാം, സിനിമ കാണാം, ക്രിക്കറ്റ് ഉൾപ്പെടെ ലോകത്തിനു കീഴിലുള്ള എന്തിനെ കുറിച്ചും സംസാരിക്കാം. എന്നാൽ കൊഹ്ലിയുടെ അടുത്ത് പല യുവതാരങ്ങൾക്കും ആ സ്വാതന്ത്ര്യം ഇല്ലായിരുന്നു. അതിനാൽ തന്നെ കൊഹ്ലിയെ നല്ലൊരു ക്രിക്കറ്ററായി കണക്കാക്കുമ്പോഴും ഒരു ടീം നേതാവ് എന്ന നിലയിൽ കൊഹ്ലി പരാജയമായിരുന്നു. എന്നാൽ കൊഹ്ലിക്കു സാധിക്കാത്തത് രോഹിത്തിന് സാധിക്കുകയും ചെയ്തു.
ന്യൂസിലാൻഡ് ടെസ്റ്റ് സീരീസിനിടയിൽ വച്ച് ഭാര്യ അനുഷ്ക ശർമ്മയുടെ പ്രസവത്തിനു വേണ്ടി അവധി എടുത്തതാണ് കൊഹ്ലിക്ക് വിനയായതെന്ന് കരുതുന്നു. ആ പരമ്പരയിൽ തകർന്നു തരിപ്പണമായിരുന്ന ടീം കൊഹ്ലിയുടെ അസാന്നിധ്യത്തിൽ വളരെ ഒത്തിണക്കത്തോടെയാണ് കളിച്ചത്. ടെസ്റ്റ് മത്സരം വിജയിച്ച ശേഷമുള്ള ടീമിന്റെ ആഹ്ളാദ പ്രകടനത്തിലും അത് വ്യക്തമായിരുന്നു. ഇതോടുകൂടിയാണ് കൊഹ്ലിയുടെ നേതൃത്വത്തിൽ എന്തോ പന്തിക്കേടുണ്ടെന്ന് ബി സി സി ഐക്കും തോന്നിത്തുടങ്ങിയത്. കൊഹ്ലിക്കും ഇത് മനസിലാക്കാൻ അധികം താമസമുണ്ടായില്ല എന്നതാണ് വസ്തുത.
കഴിഞ്ഞ കുറേ മത്സരങ്ങളിൽ കൊഹ്ലി എടുത്ത തീരുമാനങ്ങളും തിരിച്ചടിച്ചിരുന്നു. ഇംഗ്ളണ്ടിനെതിരായ ടെസ്റ്റിൽ അശ്വിനെ പുറത്തിരുത്താൻ തീരുമാനിച്ചതും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ തീരുമാനിച്ചതും 2019 ലോകകപ്പിനു തൊട്ടുമുമ്പ് നാലാം നമ്പറിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തിയതുമെല്ലാം അത്തരം തീരുമാനങ്ങളിൽ ചിലതു മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |