SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.20 PM IST

വിനയായതെന്തെന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി കെ സുധാകരൻ, ആവർത്തിക്കാതിരിക്കാൻ എല്ലാ കക്ഷികൾക്കിടയിലും ധാരണ

Increase Font Size Decrease Font Size Print Page
udf-meet

തിരുവനന്തപുരം: സംഘടനാസംവിധാനത്തിലെ ദൗർബല്യവും കൊവിഡ് മൂലം സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാവാതെ പോയതും സർക്കാർ ഏകപക്ഷീയമായി കൈക്കൊണ്ട സമീപനങ്ങളുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് യു.ഡി.എഫിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്യാനായി ചേർന്ന പൂർണദിവസ മുന്നണി യോഗത്തിൽ ഓരോ ഘടകകക്ഷിയുടെയും റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി വിശദമായ ചർച്ചയാണ് നടത്തിയത്.

ഘടകകക്ഷികൾ അവരവരുടെ സ്വന്തം നിലയ്ക്കും മുന്നണിയെന്ന നിലയിലും ആവശ്യമായ തിരുത്തൽനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി മുന്നണിയോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് മുൻനിറുത്തിയുള്ള മുൻകൂർ തയ്യാറെടുപ്പ് നടത്തുന്നതിൽ പാളിച്ചയുണ്ടായെന്ന് യോഗം വിലയിരുത്തി. സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിലും യു.ഡി.എഫ് മണ്ഡലംകമ്മിറ്റികൾ കൊണ്ടുവരാൻ തീരുമാനിച്ചതായി കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു. ഒക്ടോബർ 15 മുതൽ നവംബർ 15വരെ യു.ഡി.എഫ് നിയോജക മണ്ഡലം സമ്മേളനങ്ങൾ ചേരും. നിയമസഭാസമ്മേളനത്തിന് ശേഷം നവംബർ 15 മുതൽ 21വരെ ജില്ലാതല നേതൃസമ്മേളനങ്ങളും ഡിസംബറിൽ പുതുതായി രൂപീകരിക്കുന്ന മണ്ഡലം കൺവെൻഷനുകളും ജനുവരിയിൽ സംസ്ഥാനതല ഭാരവാഹി കൺവെൻഷനും ചേരും.

മുന്നണിയിൽ വലിപ്പച്ചെറുപ്പം പാടില്ല

യു.ഡി.എഫിൽ ചെറിയ കക്ഷിയെന്നോ വലിയവരെന്നോ ഉള്ള വിവേചനം പാടില്ലെന്ന് കേരള കോൺഗ്രസ്, ആർ.എസ്.പി, സി.എം.പി തുടങ്ങിയ കക്ഷികൾ ചൂണ്ടിക്കാട്ടി. പത്തും ഇരുപതും കൊല്ലങ്ങൾക്ക് മുമ്പുണ്ടാക്കിയ മുന്നണിസംവിധാനമാണ് താഴെത്തട്ടിലുള്ളത്. തിരഞ്ഞെടുപ്പുകാലത്ത് മാത്രം പ്രത്യക്ഷമാകുന്ന ഈയവസ്ഥ മാറണം. വിമർശനങ്ങളെ പോസിറ്റീവായെടുത്ത നേതൃത്വം, താഴെത്തട്ടിൽ മുഴുവൻസമയം പ്രവർത്തിക്കുന്ന സംവിധാനമുണ്ടാക്കാമെന്ന ഉറപ്പ് നൽകി. തുല്യപരിഗണന ലഭിക്കുന്ന തരത്തിൽ പുനഃസംഘടനയുണ്ടാകും. എലത്തൂരിലെ ഡി.സി.കെ സ്ഥാനാർത്ഥിക്കുണ്ടായ ദുരനുഭവം ആ പാർട്ടിയുടെ പ്രസിഡന്റ് സലിം പി. മാത്യു പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം സ്ഥാനാർത്ഥികളെത്തുന്ന രീതിയാണ് വിനയാകുന്നതെന്ന് കെ. സുധാകരൻ ചൂണ്ടിക്കാട്ടി. ഒരു വർഷം മുമ്പെങ്കിലും സ്ഥാനാർത്ഥി സജ്ജമായി മണ്ഡലം കേന്ദ്രീകരിക്കുന്ന നിലയുണ്ടാവണം. കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷിന്റെ ഉദാഹരണവും ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് തോൽവിക്കിടയിലും കുണ്ടറ, കരുനാഗപ്പള്ളി, തൃപ്പൂണിത്തുറ പോലുള്ള മണ്ഡലങ്ങളിലെ വിജയവും പാഠമാകേണ്ടതാണെന്നും അഭിപ്രായമുയർന്നു.

ഇടതുമുന്നണിയുടെ കെട്ടുറപ്പും സാമൂഹികാടിത്തറ വിപുലമായതും അവരുടെ വിജയത്തിന് വഴിവച്ചെന്ന് ഘടകകക്ഷികൾ ചൂണ്ടിക്കാട്ടി. കൊവിഡ് വൊളന്റിയർമാർ മുഴുവൻ ഇടതുമുന്നണിക്കാരായിരുന്നതും കിറ്റും ക്ഷേമപെൻഷനും മറ്റും അവർ അവസരമാക്കിയെടുത്തതും ഗുണമായി. ഇടതുമുന്നണി സീറ്റ് നൽകിയാൽ സ്ഥാനാർത്ഥി മുന്നണിയുടേതാണെന്ന നിലയിലാകും പ്രവർത്തനം. തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നൂറിലേറെ മണ്ഡലങ്ങളിൽ ഇടത് ആധിപത്യം പ്രകടമായിട്ടും തിരുത്തലുണ്ടായില്ല. എല്ലാ കക്ഷികളുമായും രണ്ട് മാസത്തിലൊരിക്കലെങ്കിലും ചർച്ച നടത്തി ബന്ധം സജീവമാക്കാനും ധാരണയായി.

TAGS: CONGRESS KERALA, UDF MEETING, K SUDHAKARAN, VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY