SignIn
Kerala Kaumudi Online
Thursday, 10 September 2026 12.34 PM IST

കൊവിഡ് പോസിറ്റിവായി : ആദിവാസി പെൺകുട്ടി ഐ.ഐ.ടിയിലേക്കുള്ള എൻട്രൻസിൽ നിന്ന് പുറത്ത്

alka-and-mathar

  • ദുർവിധി നാല് പ്രിലിമിനറിയും കടന്ന അൽക്കയ്ക്ക്
  • പി.പി.ഇ കിറ്റിൽ കേന്ദ്രത്തിന് മുന്നിൽ പ്രതീക്ഷയോടെ കാത്തത് ആറരമണിക്കൂർ

പുതുക്കാട്: കൊവിഡ് പോസിറ്റീവായവർക്ക് ഐ.ഐ.ടി പ്രവേശനത്തിനുള്ള ജോയിന്റ് എൻജിനീയറിംഗ് എൻട്രൻസ് മെയിൻ പരീക്ഷ എഴുതാനാവില്ലെന്ന കേന്ദ്രമാനദണ്ഡത്തിൽ തട്ടി ആദിവാസി വിദ്യാർത്ഥിക്ക് നഷ്ടപ്പെട്ടത് ഒരു വർഷം. നാല് പ്രിലിമിനറി പരീക്ഷകളും പാസായ കോടശ്ശേരി പഞ്ചായത്തിലെ രണ്ടുകൈ ആദിവാസി കോളനിയിലെ ദുര്യോധനന്റെ മകൾ അൽക്കയ്ക്കാണ് ഈ ദുർവിധി.

മാനദണ്ഡമറിയാതെ പി.പി.ഇ കിറ്റ് ധരിച്ച് മാതാവ്, ജിഷയോടൊപ്പം ആംബുലൻസിൽ കൊടകരയിലെ പരീക്ഷാ കേന്ദ്രമായ സൗഹൃദ കോളേജ് ഒഫ് എൻജിനിയറിംഗിൽ രാവിലെ ഏഴോടെയെത്തിയ അൽക്ക മടങ്ങിയത് ആറരമണിക്കൂറിന് ശേഷമാണ്. പരീക്ഷ എഴുതാനാവില്ലെന്നറിഞ്ഞ് ജില്ലാ കളക്ടറെ ഉൾപ്പെടെ ബന്ധപ്പെട്ടു. ജില്ലാ കളക്ടർ ഹരിത വി. കുമാർ ജോയന്റ് എൻജിനീയറിംഗ് എൻട്രൻസ് കമ്മിഷണറെ ബന്ധപ്പെട്ടെങ്കിലും കേന്ദ്രനിർദ്ദേശമാണെന്ന് അറിയിക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷ 95 ശതമാനം മാർക്ക് നേടിയാണ് അൽക്ക പാസായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ആൾ ഇന്ത്യ ജോയിന്റ് എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയുടെ പ്രിലിമിനറി നടത്തുന്നത്. പ്രിലിമിനറിക്ക് ശേഷമുള്ള രണ്ട് മെയിൻ പരീക്ഷകൾ നടത്തുന്നതിന് ഐ.ഐ.ടിയെയാണ് ചുമതലപെടുത്തുക. ഇത്തവണ ഗോരഖ്പൂർ ഐ.ഐ.ടിക്കാണ് ചുമതല. ഓരോ പരീക്ഷാ കേന്ദ്രത്തിലും നിരീക്ഷകനുണ്ടാകും. പ്രിലിമിനറി പരീക്ഷയ്ക്കും കൊവിഡ് പോസിറ്റിവായവരെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നില്ല. എൻ.ഐ.ടികൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ജോയിന്റ് എൻജിനീയറിംഗ് എൻട്രൻസാണ് മാനദണ്ഡം.

  • ഒരു വർഷത്തെ സൗജന്യ പരിശീലനമെന്ന് മന്ത്രി

പരീക്ഷ എഴുതാൻ അൽക്കയുടെ അവസരം നഷ്ടപെട്ട വിവരം അറിഞ്ഞ് മന്ത്രി, കെ. രാധാകൃഷ്ണൻ ഫോണിൽ അൽക്കയുമായി സംസാരിച്ചു. കൂടുതൽ തയ്യാറെടുപ്പ് നടത്തി അടുത്ത വർഷം പരീക്ഷയിൽ മികച്ച വിജയം നേടാമെന്ന് ആശ്വസിപ്പിച്ചു. സംസ്ഥാന സർക്കാർ ഒരു വർഷത്തെ സൗജന്യ എൻട്രൻസ് പരിശീലനം നൽകാമെന്ന ഉറപ്പും നൽകി. കൊടകര പഞ്ചായത്ത് പ്രസിഡന്റ്, അമ്പിളി സോമൻ, മുൻ എം.എൽ.എ, ബി.ഡി ദേവസി തുടങ്ങിയവരും വിഷയത്തിൽ ഇടപെട്ടു. കൊടകര പൊലീസ് എസ്.എച്ച്.ഒ ജയേഷ് ബാലൻ, സബ് ഇൻസ്‌പെക്ടർ പി.പി. ഷാജൻ, കൊടകര ആരോഗ്യ കേന്ദ്രത്തിലെ ഡോ. സംഗീത, വാർഡ് അംഗം ടി.കെ. പത്മനാഭൻ, തഹസിൽദാർ ഇ എൻ. രാജു എന്നിവരും സ്ഥലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, ALKA, IIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL