SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.28 PM IST

തൊഴിലുറപ്പ് തൊഴിലാളികൾക്ക് പെൻഷൻ, ക്ഷേമനിധി

p

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽപ്പെട്ട സംസ്ഥാനത്തെ 19.61 ലക്ഷം പേർക്കും, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ 2.5 ലക്ഷം പേർക്കും അറുപത് വയസ് കഴിഞ്ഞാൽ പ്രതിമാസം പെൻഷൻ ഉറപ്പാക്കുന്ന ബിൽ നിയമസഭയിൽ.

സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരോടുള്ള സംസ്ഥാന സർക്കാരിന്റെ കരുതലും ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനവുമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത് യു.പി.എ സർക്കാരാണെങ്കിലും, അത് മികച്ച രീതിയിൽ ജനങ്ങൾക്ക് പ്രയോജനകരമാക്കിയത് കേരള സർക്കാരാണ്. അത്തരം തൊഴിലാളികൾക്ക് ജീവിതകാലം മുഴുവൻ സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ബിൽ നിയമസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിട്ടു. പ്രതിമാസം 50 രൂപയാണ് ക്ഷേമനിധി അംശദായം. വർഷത്തിൽ ഇരുപത് ദിവസമെങ്കിലും തൊഴിലുറപ്പ് ജോലി ചെയ്തിട്ടുള്ള 55 വയസിൽ താഴെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ, ചികിത്സാ, വിവാഹ സഹായങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷത്തിൽ നൂറ് ദിവസം തൊഴിൽ , അല്ലെങ്കിൽ തൊഴിലില്ലാത്ത ദിവസങ്ങളിൽ തൊഴിലില്ലായ്മാ വേതനം നിയമത്തിൽ വ്യവസ്ഥ ചെയ്യണമെന്നും ബില്ലിന്റെ ചർച്ചയിൽ പ്രതിപക്ഷാംഗം പി.ടി.തോമസ് ആവശ്യപ്പെട്ടു.

മൂന്ന് ബില്ലുകൾ കൂടി

സെലക്ട് കമ്മിറ്റിക്ക്

പഞ്ചായത്ത് ,മുനിസിപ്പൽ നിയമങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതുമായി ബന്ധപ്പെട്ട കേരള നഗരഗ്രാമാസൂത്രണ ഭേദഗതി ബിൽ,കേരള മുനിസിപ്പാലിറ്റി ഭേദഗതി ബിൽ,കേരള പഞ്ചായത്ത് രാജ് ഭേദഗതി ബിൽ എന്നിവയും സഭയിൽ മന്ത്രി എം.വി. ഗോവിന്ദൻ അവതരിപ്പിച്ചു. ഇവയും സെലക്ട് കമ്മിറ്റിക്ക് വിട്ടു.

തദ്ദേശ വാർഡുകൾ ജനസംഖ്യയ്ക്ക് ആനുപാതികമായി പുനഃക്രമീകരിക്കാനും വോട്ടെടുപ്പിന്റെ സമയം ഒരു മണിക്കൂർ നീട്ടാനും കൊവിഡ് പോലുള്ള രോഗബാധയുള്ളവർക്കായി ഒരു മണിക്കൂർ വോട്ടെടുപ്പ് പ്രത്യേകമായി അനുവദിക്കാനും തപാൽ വോട്ടിനും നിയമപരമായ പിൻബലം നൽകുന്നതിനാണ് പഞ്ചായത്ത് രാജ് നിയമഭേദഗതി. തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള വ്യവസ്ഥകൾ ഉദാരവത്കരിക്കുന്നതാണ് മറ്റൊരു ഭേദഗതി. 300 സ്‌ക്വയർ മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് സ്വയം സാക്ഷ്യപത്രം സഹിതം പെർമിറ്റിനുള്ള അപേക്ഷ നൽകിയാൽ 5 ദിവസത്തിനകം പെർമിറ്റിന് സമാനമായുള്ള കൈപ്പറ്റ് സാക്ഷ്യപത്രം നൽകും. ബില്ലുകൾ പൊതുജനാഭിപ്രായത്തിനായി സർക്കുലേറ്റ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA